കണ്ണൂർ: വട്ടിപ്പലിശ നൽകി കൊള്ളലാഭം കൊയ്ത് സാധാരണക്കാരെ ചൂഷണത്തിനിരയാക്കിയ ജുവലറി മുതലാളി ബോബി ചെമ്മണ്ണൂരിന്റെ മറ്റൊരു തട്ടിപ്പുകൂടി പുറത്ത്. സ്വന്തം സ്ഥാപനത്തിലെ ജീവനക്കാർക്കും ഫീൽഡ് വർക്കർമാരായ ആയിരക്കണക്കിനു പേർക്കും മാസങ്ങളായി വേതനമോ ഷെയർ ഡെപ്പോസിറ്റ് ചെയ്തവർക്ക് ലാഭ വിഹിതമോ നൽകാതെയാണ് ഇവരെ വഞ്ചിച്ചിരിക്കുന്നത്.

ആയിരക്കണക്കിനു പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ ബോബി ചെമ്മണ്ണൂരിന്റെ ചൂഷണത്തിന് ഇരയായിരിക്കുന്നത്. തട്ടിപ്പിനും ചൂഷണത്തിനും ഇരയായ ജീവനക്കാരും ഷെയർ ഡെപ്പോസിറ്റർമാരും ഇന്നു രാവിലെ ഒമ്പത് മണി മുതൽ കണ്ണൂർ മാർക്കറ്റ് റോഡിലെ ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലറിയുടെ മുന്നിൽ ഉപരോധ സമരം സംഘടിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ് കണ്ണൂരിലെ ജൂവലറി ഇപ്പോൾ ഉപരോധിച്ചുകൊണ്ടിരിക്കുന്നത്. ബാനറും പ്ലക്കാർഡുകളുമായി സമരക്കാർ ജൂവലറി പൂർണമായും സ്തംഭിപ്പിച്ച അവസ്ഥയിലാണ്.

നൂറുകണക്കിന് തൊഴിലാളികളും ഷെയർ ഡെപ്പോസിറ്റർമാരുമാണ് സമരത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണു ബോബി ചെമ്മണ്ണൂർ ജൂവലറിക്കെതിരെ ജീവനക്കാർ തന്നെ പരസ്യ സമരവുമായി രംഗത്തു വരുന്നത്. ഏറെ മാസങ്ങളായി ഇതിനെതിരെ ചർച്ചകളും ഇടപെടലും തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തിവരികയാണ്. എന്നാൽ ഇതിൽ യാതൊരു അനുകൂല സമീപനവും ബോബി ചെമ്മണ്ണൂരിന്റെ ഭാഗത്തുനിന്നും ഉണ്ടാവാതിരുന്നതോടെയാണു പരസ്യ സമരവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചതെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ കെ.വൈ ജോയ് മുഹമ്മ മറുനാടൻ മലയാളിയോടു പറഞ്ഞു. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഉപരോധസമരവും നിയമനടപടിയും സ്വീകരിച്ചു വരുന്നത്.

വർഷങ്ങളായി ഷെയർ ഡെപ്പോസിറ്റ് ചെയ്തവരും നാലും അഞ്ചും വർഷം ജൂവലറിയിൽ ജോലി ചെയ്തവരുമാണ് സമരക്കാരിൽ അധികവും. എന്നാൽ കഴിഞ്ഞ രണ്ടു വർഷക്കാലമായി ഡെപ്പോസിറ്റർമാർക്കു ഷെയർ തിരിച്ചു നൽകുകയോ ജീവനക്കാർക്ക് കമ്മീഷൻ അടക്കം ശമ്പളമോ ലഭിക്കാത്ത അവസ്ഥയാണ്. ആക്ഷൻ സമിതിയുടെ നേതൃത്വത്തിൽ പലതവണ ചർച്ചകൾ നടത്തിയെങ്കിലും ജൂവലറി അധികൃതരിൽ നിന്നും അനുകൂല സമീപനം ഉണ്ടായിരുന്നില്ല. ജൂവലറിയുടെ കളക്ഷൻ ഫീൽഡ് വർക്കർമാരായി 5000 ൽ അധികം ജീവനക്കാരാണുള്ളത്. കൂടാതെ ചെമ്മണ്ണൂർ ഇൻവസ്റ്റേഴ്‌സ് ബാങ്ക്, ജൂവലറി എന്നീ സ്ഥാപനങ്ങലിലെ മാർക്കറ്റിങ്, ഏരിയ, സെയിൽസ് മാനേജർമാർ, ഷെയർ തിരിച്ചു ലഭിക്കാത്ത ആയിരക്കണക്കിന് ആളുകളും ബോബി ചെമ്മണ്ണൂരിനെതിരെ സമരത്തിലാണ്. വ്യത്യസ്ത സമരമുറകളിലേക്ക് നീങ്ങാനാണ് ചൂഷണത്തിനിരയായവരുടെ തീരുമാനം.

നിലവിലുള്ള ബിസിനസിന്റെ പതിന്മടങ്ങ് ഷെയറുകൾ സമാഹരിച്ചായിരുന്നു ബോബി
ചെമ്മണ്ണൂർ ജുവലറി ബിസിനസ് നടത്തി വന്നിരുന്നത്. എന്നാൽ ഷെയർ തിരിച്ചു ചോദിക്കുമ്പോൾ ഗുണ്ടകളെ വിട്ട് വിരട്ടുകയും ഇതിൽ നിന്നും പിന്മാറ്റിക്കുകയുമാണ് പതിവ്. ഇതോടെ ബിസിനസിൽ വഞ്ചിക്കപ്പെട്ട വിവരം പലരും പുറത്തു പറയാൻ തയ്യാറായിരുന്നില്ല. മീഡിയകളും പൊലീസും ബോബി ചെമ്മണ്ണൂരിന് അനുകൂലമാണെന്നതിനാൽ പരാതിക്കാർ നിസ്സഹായരായിരിക്കുകയാണ്. ആക്ഷൻ സമിതി രൂപീകരിച്ച് രംഗത്തുവന്നതോടെ ബോബി ചെമ്മണ്ണൂർ ജൂവലറിയിൽ നിക്ഷേപിച്ചവരെല്ലാം സംഘടിക്കുകയായിരുന്നു. ചെമ്മണ്ണൂർ ജൂവലറിയിലേക്കെന്ന വ്യാജേന വിവിധ പേരുകളിലാണ് ബോബി നിക്ഷേപം ശേഖരിച്ചിരുന്നത്. നിലവിലുള്ള ജൂവലറികളുടെ ആസ്തിയിലും പല മടങ്ങ് വരും ഇതുവരെയും സമാഹരിച്ച ഷെയറുകൾ. എന്നാൽ ഈ ഷെയറുകൾ ഉപയോഗിച്ച് ഇവിടെ ബിസിനസ് നടത്തുന്നില്ലെന്നതാണ് വസ്തുത.

നിലവിൽ വാടക കെട്ടിടത്തിലാണ് ബോബി ചെമ്മണ്ണൂർ ജൂവലറികളിൽ മിക്കതും പ്രവർത്തിക്കുന്നത്. പലതും പ്രാദേശികമായി പാർട്ട്ണർഷിപ്പും ഷെയർ ഡോപ്പോസിറ്റും സ്വീകരിച്ചാണ് ബിസിനസ് നടത്തുന്നത്. ഇതിൽ അഞ്ചുജൂവലറികളിൽ ബിസിനസ് പങ്കാളികളെ പുറത്താക്കി സ്വന്തം പേരിലേക്ക് ജൂവലറി മാറ്റിയ തട്ടിപ്പും നടന്നിട്ടുണ്ട്. മലപ്പുറം നിലമ്പൂരിലെ ജൂവലറി പാർട്ട്ണർ സുലൈമാൻ വഞ്ചിക്കപ്പെട്ടതും ഇത്തരത്തിലായിരുന്നു. സുലൈമാൻ ബോബി ചെമ്മണ്ണൂരിനെതിരെ നൽകിയ പരാതിയും മറ്റു വിവരങ്ങളും മറുനാടൻ മലയാളി നേരത്തെ പുറത്തു കൊണ്ടുവന്നിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ജൂവലറിയിലെ ആയിരക്കണക്കിന് ഷെയർ ഡോപ്പോസിറ്റർമാരും വിവിധ കാറ്റഗറിയിലുള്ള ജീവനക്കാരും സമരവുമായി രംഗത്ത് വന്നിട്ടുള്ളത്.

എന്നാൽ ഷെയർ പിൻവലിക്കുന്നവർക്കടക്കം പണം നൽകാൻ പറ്റാത്ത അവസ്ഥയാണ് ബോബി ചെമ്മണ്ണൂരിനുള്ളത്. നിലവിലെ ആസ്തിയേക്കാളും വലുതാണ് ഡെപ്പോസിറ്റർമാർ നൽകിയിട്ടുള്ള പണത്തിന്റെ പങ്ക്. ഇതിനാൽ നിക്ഷേപകരിലൂടെ കണ്ടെത്തുന്ന പണം വിദേശത്തേക്ക് ഒഴുക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ബോബി ചെമ്മണ്ണൂർ രണ്ടായിരം കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി നേരത്തെ വി എസ് അച്ചുതാനന്ദൻ മാസങ്ങൾക്ക് മുമ്പ് പറയുകയുണ്ടായി. വി.എസിന്റെ വാക്കുകൾ സ്ഥിരീകരിക്കുന്ന തരത്തിലായിരുന്നു ജുവലറി മുതലാളിയുടെ വൻ തട്ടിപ്പുകൾ പിന്നീട് പുറത്തു വന്നത്. 2008 മുതൽ ഒരു ലക്ഷത്തിൽ അധികം പേർ ബോബി ചെമ്മണ്ണൂർ ജൂവലറിയിൽ പണം നിക്ഷേപിച്ചതായാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം.

കഴിഞ്ഞ ഏതാനും മാസങ്ങളായി ആദായ നികുതി വിഭാഗം ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ വിവിധ ജൂവലറികളിൽ നടത്തിയ പരിശോധനകളിൽ 351 കോടി രൂപ നഷ്ടത്തിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജൂവലറിയിൽ ജോലി ചെയ്തിരുന്നവർ സംഘടിച്ച് നിക്ഷേപവും മറ്റു ഇടപാടുകളും മടക്കി നൽകുക എന്ന ആവശ്യമുന്നയിച്ച് സമരവുമായി രംഗത്തുവന്നിട്ടുള്ളത്. ഇത് ബോബി ചെമ്മണ്ണൂരിനെ പ്രതിക്കൂട്ടിലാക്കും. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തിപ്പെടുത്താനും നിയമ നടപടികളുമായി മുന്നോട്ടു പോവാനുമാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം.