- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാർത്ത മുക്കൽ ഇനി നടക്കില്ലെന്ന് ഉറപ്പിച്ച് മുഖ്യധാരാ പത്രങ്ങൾ; മുതലാളിക്ക് അനുകൂലമായെങ്കിലും ബോബി ചെമ്മണ്ണൂരിന് മുമ്പിലെ ആത്മഹത്യ എല്ലാവരും വാർത്തയാക്കി; ഇന്നലെ മൗനം പാലിച്ച ചാനലുകൾ ഇനി നിലപാട് മാറ്റിയേക്കും
കോഴിക്കോട്: നവ മാദ്ധ്യമങ്ങളുടെ സ്വാദീനം ശക്തമായതോടെ വാർത്ത മുക്കൽ പരിപാടിക്ക് അന്ത്യം കുറിക്കാൻ ഉറച്ച് മുഖ്യധാരാ മാദ്ധ്യമങ്ങൾ. പണ്ടൊക്കെ എത്ര പ്രധാനപ്പെട്ട സംഭവങ്ങൾ അരങ്ങേറിയാലും അത് ജനം അറിയാതിരിക്കാൻ മാദ്ധ്യമങ്ങൾ ഒരേപോലെ ശ്രമിച്ചിരുന്നെങ്കിലും ബോബി ചെമ്മണ്ണൂർ ജുവലറിയിലെ ആത്മഹത്യാ ശ്രമം ഇന്ന് എല്ലാ പത്രങ്ങളിലും ഉണ്ട്. പത്
കോഴിക്കോട്: നവ മാദ്ധ്യമങ്ങളുടെ സ്വാദീനം ശക്തമായതോടെ വാർത്ത മുക്കൽ പരിപാടിക്ക് അന്ത്യം കുറിക്കാൻ ഉറച്ച് മുഖ്യധാരാ മാദ്ധ്യമങ്ങൾ. പണ്ടൊക്കെ എത്ര പ്രധാനപ്പെട്ട സംഭവങ്ങൾ അരങ്ങേറിയാലും അത് ജനം അറിയാതിരിക്കാൻ മാദ്ധ്യമങ്ങൾ ഒരേപോലെ ശ്രമിച്ചിരുന്നെങ്കിലും ബോബി ചെമ്മണ്ണൂർ ജുവലറിയിലെ ആത്മഹത്യാ ശ്രമം ഇന്ന് എല്ലാ പത്രങ്ങളിലും ഉണ്ട്. പത്ര മുത്തശ്ശിമാർ സ്വർണക്കട ഉടമയ്ക്ക് അനുകൂലമായാണ് വാർത്ത എഴുതിയിരിക്കുന്നതെങ്കിലും മുക്കുന്ന രീതിയിൽ മാറ്റം വന്നതിന്റെ ആശ്വാസത്തിലാണ് മാദ്ധ്യമ വിമർശകർ. കരിക്കിനേത്തുകൊലപാതകം, സ്വർണക്കടത്തിന്റെ പേരിൽ മലബാർ ഗോൾഡിന് പൂട്ടിട്ടത്, ഈസ്റ്റേൺ കറി പൗഡറിന്റെ മായം പിടിച്ചത് തുടങ്ങിയ പ്രധാന വാർത്തകൾ മുക്കിയ മാദ്ധ്യമങ്ങൾ ഇപ്പോൾ അത് ഏതാണ്ട് അവസാനിപ്പിച്ച മട്ടിലാണ്.
കൊച്ചി മെട്രോയുമായി ബന്ധപ്പെട്ടാണ് തന്ത്രപരമായ ഈ മാറ്റം ആദ്യം ആരംഭിച്ചത്. ശീമാട്ടി ഉടമ ബീനാകണ്ണന്റെ അഹങ്കാരത്തിനെതിരെ മറുനാടൻ അടങ്ങിയ നവ മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും രംഗത്തിറങ്ങിയതോടെ അനുകൂലമല്ലെങ്കിലും വാർത്ത കൊടുത്തുതുടങ്ങുകയായിരുന്നു. ഇതേ ട്രെന്റാണ് ചെമ്മണ്ണൂർ കേസിലും കാണിക്കുന്നത്. എന്നാൽ ചാനലുകൾ പുലിവാലു പിടിച്ചിരിക്കുകയാണ്. എന്തു നിസാര സംഭവും ഉണ്ടായാലും അപ്പോൾ ലൈവ് കാണിക്കുന്ന ചാനലുകൾ ബോബി ചെമ്മണ്ണൂർ സംഭവം ഇന്നലെ കണ്ടില്ലെന്നു നടിച്ചു. ഏഷ്യാനെറ്റ് മാത്രമാണ് ചെറുതായെങ്കിലും പ്രക്ഷേപണം ചെയ്തത്. ഇന്ന് പത്രങ്ങൾ വാർത്ത കൊടുത്തതോടെ വാർത്ത മുക്കിയതിന്റെ പാപഭാരം തങ്ങൾക്കുതന്നെ ഏൽക്കേണ്ടി വരുമെന്ന ഭീതിയിലാണ് ചാനലുകൾ. ഈ ക്ഷീണം മാറ്റാൻ മിക്ക ചാനലുകളും ഇന്ന് ബോബി ചെമ്മണ്ണൂർ സംഭവം ഏറ്റെടുക്കുമെന്നാണ് സൂചന.
രാഷ്ട്രീയക്കാരുടെ അനീതികൾ മാത്രമേ കേരളത്തിലെ മാദ്ധ്യമങ്ങൾ കാണൂ. എത്ര പിണക്കമുണ്ടെങ്കിലും അവർക്ക് ആവശ്യം വരുമ്പോൾ മാദ്ധ്യമങ്ങൾക്ക് മുന്നിലേക്ക് രാഷ്ട്രീയക്കാർ എത്തും. അതുകൊണ്ട് തന്നെ അവർക്കെതിരായ ആരോപണവും ഊഹവും എല്ലാം വാർത്തയാകും. ധനമന്ത്രി കെഎം മാണിക്കെതിരെ ബാറുടമകൾ എന്തുപറഞ്ഞാലും അതിന്റെ സാധുത പോലും കൊടുക്കാതെ ഒന്നാം പേജിൽ നിരത്തുകയും ചെയ്യും. ചാനലുകളാകട്ടെ വിവാദമുണ്ടായാൽ പിന്നെ അവരുടെ പിറകെയാണ്. അതിലൊരു തീരുമാനം കാണുന്നതുവരെ പിറകോട്ടില്ല. എന്നാൽ സമൂഹത്തിലെ എല്ലാ അനീതികളോടും അതല്ല സ്ഥിതി. പത്രങ്ങൾക്ക് പരസ്യം കൊടുക്കുന്നവരിൽ ഏറെയും സ്വർണ്ണതുണി കച്ചവടക്കാരാണ്. മലബാർ ഗോൾഡ്, ഭീമ, ശീമാട്ടി, ചെമ്മണ്ണൂർ കരിക്കനേത്ത് അങ്ങനെ പോവുന്നു. ഇവരുടെ കച്ചവടം നിലനിർത്തേണ്ടത് മാദ്ധ്യമങ്ങളുടെ കൂടെ ആവശ്യമാണ്. അല്ലെങ്കിൽ നിത്യവൃത്തിക്ക് പോലും കാശില്ലാത്ത അവസ്ഥയിലേക്ക് മാറും. അപ്പോൾ പിന്നെ സാധാരണക്കാരുടെ കണ്ണുനീർ സത്യത്തിനും നീതിയക്കും വേണ്ടി പോരാടുമെന്ന് പറയുന്ന മാദ്ധ്യമങ്ങൾക്ക് എടുക്കാൻ കഴിയില്ലെന്നായിരുന്നു സ്ഥിതി
കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട ശീമാട്ടിയുടെ കള്ളത്തരങ്ങൾ, മലബാർ ഗോൾഡിന്റെ ആഭരണ നിർമ്മാണ ശാലയക്കെതിരെ ഉയർന്ന ജനകീയ പ്രക്ഷോഭവും മാദ്ധ്യമങ്ങൾ കണ്ടിരുന്നില്ല. ആറന്മുളയിൽ പരിസ്ഥിതി പ്രശ്‌നമുയർത്തുന്നവർക്ക് മലബാർ ഗോൾഡിനെതിരെ ഉയരുന്നത് കേൾക്കാൻ പോലും ആവുന്നില്ല.. വാർത്ത കൊടുത്താൽ തന്നെ സമരം ചെയ്യുന്നവരെ നക്‌സലുകളാക്കി മാറ്റും. കരിക്കനേത്ത് ജ്യൂലറിയിലെ ജീവനക്കാരന്റെ കൊലപാതകവും ആരും അറിഞ്ഞില്ല. എന്നാൽ പത്മശ്രീ മോഹവുമായി ബോബി ചെമ്മണ്ണൂർ ഓടിയപ്പോൾ പത്രങ്ങളും ചാനലുകളും ഒപ്പം ഓടി. വലിയ വാർത്തകളായി. ഇവിടെയെല്ലാം കള്ളപ്പണത്തിന്റെ സ്വാധീനത്തിനെതിരെ മറുനാടൻ മലയാളി നിലകൊണ്ടു. ഞങ്ങളുടെ വാർത്തകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു ചർച്ചയാക്കി. അതിന്റെ ഫലം ചെറുതായി കണ്ടു. ഇന്ന് തിരൂരിലെ ബോബി ചെമ്മണ്ണൂരിലെ ആത്മഹത്യാ വാർത്ത മുക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. അപ്പോഴും വാർത്ത മുതലാളിക്ക് വേണ്ടിയാണ് പത്രങ്ങൾ എഴുതുന്നത്. അരുവിക്കര ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ഓടുന്നതിനാൽ തിരൂരിലെത്തി വാർത്ത നൽകാൻ ചാനലുകൾക്ക് കഴിയുന്നുമില്ല.
മാതൃഭൂമിയുടെ മലപ്പുറം എഡിഷനിൽ മുൻ പേജിൽ നല്ല പ്രാധാന്യത്തോടെ വാർത്തയുണ്ട്. എന്നാൽ ജ്യൂലറിയുടെ പേര് പറയാതെയാണ് വാർത്ത നൽകിയത്. പ്രാദേശീകമായി തിരൂരും മറ്റും ഏറെ ചർച്ച ചെയ്ത സംഭവമായിരുന്നു ബോബി ചെമ്മണ്ണൂരിലെ ആത്മഹത്യ. അതുകൊണ്ട് തന്നെ വാർത്ത മുക്കിയാൽ ജനങ്ങൾക്കിടയിൽ ചർച്ചയാകും. ഈ സാഹചര്യത്തിൽ മുതലാളിയുടെ പേര് പറയാതെ വാർത്ത കൊടുത്തു. ഓൺലൈൻ വെർഷനിൽ ഒരു വരി പോലുമില്ല. മനോരമയും മലപ്പുറം എഡിഷനിൽ വാർത്ത കൊടുത്തു. ഒൻപതാം പേജിന്റെ മൂലയിലാണ് അതെത്തിയത്. എന്നാൽ തിരുവനന്തപുരം എഡിഷനിലൊന്നും കൊടുത്തുമില്ല. മലപ്പുറത്ത് വാർത്ത നൽകുമ്പോൾ ബോബി ചെമ്മണ്ണൂരിലാണ് സംഭവമെന്ന് വിശദീകരിക്കുന്നുമുണ്ട്. അതും ആത്മഹത്യ ചെയ്ത വ്യക്തിക്ക് എതിരാകാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്. അങ്ങനെ ആത്മഹത്യാ വാർത്ത ബോബി ചെമ്മണ്ണൂരിന് അനുകൂലമായി നൽകാൻ മുൻനിര പത്രങ്ങൾ വ്യഗ്രത കാട്ടുന്നു. അങ്ങനെ പരസ്യം നൽകുന്നയാളിന്റെ താൽപ്പര്യം സംരക്ഷിക്കുന്നു. അങ്ങനെ പത്രങ്ങൾ വാർത്ത നൽകാൻ നിർബന്ധിതമാകുന്നു.
മകളുടെ വിവാഹത്തിന് സ്വർണം കടം നൽകിയ ജൂവലറിയിൽ പിതാവിന്റെ ആത്മഹത്യാശ്രമത്തിലെ നീറുന്ന വേദന അതുകൊണ്ട് തന്നെ ആരും കണ്ടില്ല. തിരൂർ താഴെപ്പാലത്തെ ചെമ്മണ്ണൂർ ഇന്റർനാഷനൽ ജൂവലേഴ്‌സിൽ ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. നിറമരുതൂർ കാളാട് പാട്ടശേരി വീട്ടിൽ ഇസ്മയിലാണ് (50) ആത്മഹത്യക്ക് ശ്രമിച്ചത്. തീ കൊളുത്തുന്നത് തടയാൻ ശ്രമിച്ച ജൂവലറി ജീവനക്കാരനും പരിക്കേറ്റു. ഇസ്മയിലിനെ കോഴിക്കോട് മെഡിക്കൽ കോളജാശുപത്രി തീവ്രപരിചരണ വിഭാഗത്തിലും ജൂവലറി ജീവനക്കാരൻ പ്രജീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇത്രയൊക്കെയായിട്ടും ഒരു ചാനൽ പോലും ഒരു വരി വാർത്ത നൽകിയില്ല. പരസ്യങ്ങളോട് വലിയ മമത കാണിക്കാത്ത മാദ്ധ്യമം മാത്രം ചെറുതായി കൊടുത്തു. മറ്റ് മാദ്ധ്യമങ്ങൾ ചർച്ചയാക്കില്ലെന്ന് ഉറപ്പുള്ളതിനാൽ അവർക്കും ഈ വാർത്ത ലീഡ് ആക്കേണ്ട ആവശ്യമില്ല. ഓപ്പറേഷൻ കുബേര പോലുള്ള കൊള്ളപ്പലിശക്കാരുടെ അഴിഞ്ഞാട്ടം തടയാനുള്ള പദ്ധതികളുള്ള സ്ഥലത്താണ് ഇത്തരമൊരു സംഭവം നടന്നത്. സ്വർണ്ണക്കടയുടെ ഭീഷണിയിൽ പാവപ്പെട്ട കുടുംബനാഥൻ ആത്മഹത്യയ്ക്ക് ശ്രമിക്കുക.
ഇവിടെ പൊലീസ് പറയുന്ന ന്യായമാണ് വിചിത്രം. കഴിഞ്ഞ ഫെബ്രുവരിയിൽ മകളുടെ വിവാഹത്തിനായി സ്വർണം വാങ്ങിയ വകയിൽ 3.63 ലക്ഷം ഇസ്മയിൽ ജൂവലറിയിൽ നൽകാനുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജൂവലറിയിലത്തെിയ ഇസ്മയിൽ മാനേജർ കെ.എം ആനന്ദുമായി സംസാരിക്കുകയും അവശേഷിക്കുന്ന തുക ഉടൻ നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. തിരിച്ചുപോകാനൊരുങ്ങിയ ഇയാൾ കൈയിൽ പൊതിഞ്ഞ് സൂക്ഷിച്ച കുപ്പിയിലെ പെട്രോൾ ദേഹത്ത് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. പെട്രോൾ ഒഴിക്കുന്നത് കണ്ട് എത്തിയ പ്രജീഷ് പിടിച്ചു മാറ്റാൻ ശ്രമിച്ചു. അപ്പോഴേക്കും ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തിയിരുന്നു. പിടിച്ചു മാറ്റുന്നതിനിടെ വസ്ത്രങ്ങളിൽ പെട്രോൾ പടർന്ന പ്രജീഷിന്റെ ദേഹത്തും തീ പിടിക്കുകയായിരുന്നു. കൈകാലുകൾക്കാണ് പ്രജീഷിന് പൊള്ളൽ.ഇതിന് മുമ്പുള്ളവയൊന്നും പൊലീസ് അറിഞ്ഞില്ല. ഇയാളുടെ വീട്ടിൽ ബോബി ചെമ്മണ്ണൂരിന്റെ ഗുണ്ടകളെത്തിയതും ഭീഷണിപ്പെടുത്തിയതുമൊന്നും. എല്ലാം ഇസ്മായിലിന്റെ മാത്രം കുറ്റമായി പൊലീസും കാര്യങ്ങൾ വിവരിക്കുന്നു.
എന്ത് അനീതി കണ്ടാലും പ്രതികിരിക്കുന്നവരാണ് റിപ്പോർട്ടർ ചാനൽ. എന്തും തുറന്നു പറയും. ചർച്ച നടത്തും എന്നൊക്കെയാണ് പറച്ചിൽ. എന്നാൽ അവരും ഇതൊന്നും കണ്ടില്ലെന്ന് നടക്കുന്നു. എല്ലാ ചാനലുകൾക്കും ഇന്ന് ക്രൈം വാർത്തകളുണ്ട്. രാത്രി പതിനൊന്ന് മണിമുതൽ. അതിൽ പോലും ചെമ്മണ്ണൂരിലെ ആത്മഹത്യ വാർത്തയാകുന്നില്ല. കാരണം ബോബി ചെമ്മണ്ണൂർ കേരളം മുഴുവൻ ഓടിയപ്പോൾ കീശ വീർത്തത് കേരളത്തിലെ മാദ്ധ്യമങ്ങളുടേതായിരുന്നു. രക്തദാനത്തിനായി ഓടിയ ബോബിയുടെ കണ്ണിൽ പാവപ്പെട്ടവന്റെ കണ്ണൂനീർ എത്തുന്നില്ല. അതിന്റെ ഇരയാണ് ഇസ്മയീൽ. ഇയാളുടെ നില ഗുരുതരമല്ല. ഇസ്മയിലിന് 70 ശതമാനത്തിലധികം പൊള്ളലേറ്റു. ഷോറൂമിലെ ഫയർ എക്സ്റ്റിൻക്വിഷർ ഉപയോഗിച്ച് ജൂവലറി ജീവനക്കാരാണ് തീയണച്ചത്. ഇസ്മയിലിനെതിരെ ആത്മഹത്യാശ്രമത്തിന് കേസെടുത്തതായി തിരൂർ എസ്.ഐ വിശ്വനാഥൻ കാരയിൽ അറിയിച്ചു.
പത്രങ്ങൾ വാർത്ത നൽകുമ്പോഴും മുൻതൂക്കം മുതലാളിയുടെ വാക്കുകൾക്കാണ്. പണം ലഭിക്കാനുള്ളവരുടെ വീടുകളിൽ ഫീൽഡ് സ്റ്റാഫിനെ അയച്ച കൂട്ടത്തിൽ ഇസ്മയിലിന്റെ വീട്ടിലും പോയിരുന്നതായി ജൂവലറി മാനേജർ മൊഴി നൽകിയതായി എസ്.ഐ പറഞ്ഞു. എന്നാൽ കുടിശിക ലഭിക്കാൻ നിരവധി തവണ ഇസ്മയിലിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്‌ളെന്നും ആളെ വിട്ടോ ഫോണിലൂടെയോ ഭീഷണിപ്പെടുത്തിയിട്ടില്‌ളെന്നും പ്രകോപനമില്ലാതെയായിരുന്നു ആത്മഹത്യാശ്രമമെന്നും ഷോറൂം മാനേജർ കെ.എം ആനന്ദ് അറിയിച്ചു. സത്യത്തിൽ വാർത്ത കൊടുത്ത മാദ്ധ്യമം പോലും ഇസ്മായിലിന്റെ കുടുംബത്തിന്റെ വെർഷൻ കൊടുത്തില്ല. കേസിലെ പ്രതിയെന്ന് പ്രഥമദൃഷ്ട്യാ കരുതേണ്ടവരെ ന്യായീകരിക്കുന്ന ഭാഗമാണ് നൽകിയത്. എന്നാലും ലോക്കൽ എഡിഷനിലെങ്കിലും വാർത്ത കൊടുത്തല്ലോ എന്ന് ആശ്വസിക്കാം. കാരണം പച്ചവള്ളം കുടിക്കുന്നവർക്കെല്ലാം തലക്കെട്ട് കാണുമ്പോൾ തന്നെ ഉണ്ടായത് എന്തെന്ന സത്യം പിടികിട്ടും.