തൃശ്ശൂർ: കോവിഡ് ബാധിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ മാറി നൽകി. ചേറ്റുവ സ്വദേശി സഹദേവന്റേയും വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശി സെബാസ്റ്റ്യന്റേയും മൃതദേഹങ്ങളാണ് പരസ്പരം മാറിയത്.

സഹദേവനാണെന്ന് കരുതി സെബാസ്റ്ററ്റിയന്റെ മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കൾ മൃതദേഹം ദഹിപ്പിച്ചു. ഉച്ചയോടെ സെബാസ്റ്റ്യന്റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയപ്പോൾ മാത്രമാണ് മൃതദേഹങ്ങൾ മാറിപ്പോയി എന്ന വിവരം അറിയുന്നത്. ഇതോടെ ആശുപത്രി സൂപ്രണ്ടും മറ്റു ഉദ്യോഗസ്ഥരും സഹദേവന്റെ വീട്ടിലേക്ക് എത്തിയെങ്കിലും അതിനോടകം ചിതയ്ക്ക് തീ കൊളുത്തിപോയിരുന്നു.

മൃതദേഹം മാറി നൽകിയെന്ന് വ്യക്തമായതോടെ സഹദേവന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സെബാസ്റ്റ്യന്റെ മൃതദേഹം ദഹിപ്പിച്ചതിനാൽ അദ്ദേഹത്തിന്റെ ചിതാഭസ്മം ബന്ധുക്കൾക്ക് നൽകും. സംഭവത്തിൽ വീഴ്‌ച്ച വരുത്തിയ രണ്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു.

സെബാസ്റ്റ്യന് 58 വയസ്സും സഹദേവന് 89 വയസ്സുമാണ് പ്രായം. ഇന്ന് രാവിലെയാണ് സെബാസ്റ്റ്യനും സഹദേവനും മരിച്ചത്. മൃതദേഹങ്ങൾ മാറിപ്പോയെന്ന് അറിഞ്ഞതോടെ സ്ഥലത്ത് വലിയ വാക്കേറ്റവും സംഘർഷാവസ്ഥയുമായി.

അവസാനം ചിതാഭസ്മം എങ്കിലും വിട്ടുതരണമെന്ന് സെബാസ്റ്റ്യന്റെ ബന്ധുക്കൾ നിലപാട് എടുത്തു. ഇതു സഹദേവന്റെ വീട്ടുകാർ അംഗീകരിച്ചതോടെ ചേറ്റുവയിലെ സഹദേവന്റെ വീട്ടിലെത്തി സെബാസ്റ്റ്യന്റെ ബന്ധുക്കൾ ചിതാഭസ്മം ഏറ്റുവാങ്ങി. വൈകുന്നേരത്തോടെ സഹദേവന്റെ മൃതദേഹം ചേറ്റുവയിലേക്ക് കൊണ്ടു പോയി.