തുടർച്ചയായ ഭീകരാക്രമണങ്ങളാൽ സഞ്ചാരികൾ ഭയത്തോടെ പാരീസിനെ ഉപേക്ഷിക്കാൻ തുടങ്ങിയിരിക്കുന്ന കാലമാണിത്. പാരീസിനെക്കുറിച്ചുള്ള ഈ പേടിസ്വപ്നം ഇല്ലാതാക്കാൻ ബോളിവുഡ് ചിത്രങ്ങളിലൂടെ ഒരു ശ്രമം നടത്താനൊരുങ്ങുകയാണ് ഫ്രാൻസ് സർക്കാർ. ഇതിന്റെ ഭാഗമായി പാരീസിൽ ബോളിവുഡ് ചിത്രങ്ങളുടെ ഷൂട്ടിംഗിന് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രാൻസ്. ഈ വെള്ളിയാഴ്ച റിലീസാകുന്ന പുതിയ ബോളിവുഡ് ബ്ലോക്ക്‌ബസ്റ്ററായ ബെഫിക്രെ പാരീസിലെ കോട്ട് ഡി അസുറിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിലൂടെ ഇന്ത്യൻ ടൂറിസ്റ്റുകളെ വീണ്ടും ഇവിടേക്കാകർഷിക്കാൻ സാധിക്കുമെന്നാണ് ഫ്രഞ്ച് അധികൃതർ പ്രതീക്ഷിക്കുന്നത്. പൂർണമായും ഫ്രഞ്ച് മെയിൻലാൻഡിൽ ചിത്രീകരിച്ചിരിക്കുന്ന ആദ്യ ബോളിവുഡ് ചിത്രമാണിത്. കോട്ട് ഡി അസൂറിലെ ഗോൽഡൻ ബീച്ചുകൾ, പാരീസ് ഒപ്പേര ഹൗസ്, സെയിനിലെ ചരിത്രപ്രാധാന്യമുള്ള പാലങ്ങൾ, തുടങ്ങിവയ പശ്ചാത്തലമായി വരുന്ന ചിത്രമാണിത്.

ബോളിവുഡ് താരങ്ങളായി രൺവീർ സിങ്, വാണി കപൂർ എന്നിർ പ്രധാന റോളുകളിലെത്തുന്ന ചിത്രമാണിത്. ഇന്ത്യ പോലുള്ള രാജ്യത്ത് ജനങ്ങളുടെ സ്വപ്നങ്ങളെ സ്വാധീനിക്കുന്നതിൽ ചിലച്ചിത്രങ്ങൾക്ക് പ്രാധാന്യമേറെയുണ്ടെന്നും അതിനാൽ പുതിയ ചിത്രം റിലീസാകുന്നതോടെ പാരീസിലേക്കുള്ള ഇന്ത്യൻ സന്ദർശകരുടെ എണ്ണം വർധിക്കുമെന്നുമാണ് ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡറായ അലക്സാണ്ടർ സിയ്ഗ്ലർ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ഈ ചിത്രം കാണുന്നതോടെ പാരീസ് സന്ദർശിക്കാൻ ഇന്ത്യൻ മധ്യവർഗക്കാരുടെ മേൽ സ്വാധീനം ശക്തമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ലോകത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ഹോട്ട് സ്പോട്ടുകളെല്ലാം അടുത്ത കാലം വരെ ചൈനീസ് ടൂറിസ്റ്റുകളെ ആകർ്ഷിക്കുന്നതിലായിരുന്നു കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് ഇന്ത്യൻ സന്ദർശകരിലേക്ക് മാറിയിട്ടുണ്ട്.

ഇന്ത്യയിൽ വളർന്ന് വരുന്ന മധ്യവർഗകുടുംബങ്ങൾ വിദേശത്ത് അവധിക്കാലം ആഘോഷിക്കാൻ പോകുന്നത് വർധിച്ച് വരുന്നുണ്ട്. 2014ൽ ഇത്തരക്കാരുടെ എണ്ണം 20 മില്യൺ ആയിരുന്നുവെങ്കിൽ 2020ൽ അത് 50 മില്യണായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 524,000 ഇന്ത്യക്കാരായിരുന്നു ഫ്രാൻസിലേക്ക് സന്ദർശനം നടത്തിയിരുന്നത്. എന്നാൽ പാരീസിൽ ആക്രമണങ്ങൾ വർധിച്ചതിനെ തുടർന്ന് സുരക്ഷാ ആശങ്ക പെരുകിയതിനാൽ ഇവിടേക്ക് വരാൻ ഇന്ത്യക്കാർ മടിച്ച് നിൽക്കുന്ന അവസ്ഥയുണ്ടെന്നാണ് ഫ്രാൻസിലെ പ്രമോഷണൽ ഏജൻസിയായ അടൗട്ടിലെ മാർക്കറ്റിങ് ഡയറക്ടറായ സോഫി ലാക്രെസോനിറെ വെളിപ്പെടുത്തുന്നത്. ബോളിവുഡ് സ്വാധീനത്തെ മറ്റ് യൂറോപ്യൻ രാജ്യങ്ങളും നേരത്തെ പ്രയോജനപ്പെടുത്തിയിരുന്നു. ഉദാഹരണമായി യു വോണ്ട് ഗെറ്റ് ദിസ് ലൈഫ് എഗെയിൻ എന്ന ഹിറ്റ് ചിത്രം സ്പെയിനിൽ ചിത്രീകരിച്ച ശേഷം 2012ൽ സ്പെയിനിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ ഇരട്ടി വർധനവുണ്ടായിരുന്നു. ്സ്വിറ്റ്സർലണ്ടിൽ വച്ച് ബോളിവുഡ് സംവിധായകൻ യാഷ് ചോപ്ര സിനിമ എടുത്തതിന് ശേഷം ഇവിടേക്കുള്ള ഇന്ത്യൻ സന്ദർശകരുടെ എണ്ണം വർധിച്ചിരുന്നു.

ബെഫിക്രെ ചിത്രീകരിക്കാനായി സംഘം 50 ദിവസമായിരുന്നു ഫ്രാൻസിൽ ചെലവഴിച്ചിരുന്നത്. ഈ സിനിമ ചിത്രീകരിച്ച ലൊക്കേഷനുകളിലേക്കുള്ള ടൂറുകൾ ഇന്ത്യൻ സന്ദർശകർക്കായി സംഘടിപ്പിക്കാനാണ് താൻ ഇപ്പോൾ ഫ്രഞ്ച് ഓപ്പറേറ്റർമാരുമായി ചേർന്ന് ശ്രമിക്കുന്നതെന്നാണ് സോഫി ലാക്രെസോനിറെ പറയുന്നത്. കൂടുതൽ ബോളിവുഡ് പ്രൊജക്ടുകൾ പാരീസിൽ വച്ച് ചിത്രീകരിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറായി വരുന്നുണ്ട്.