ലയാളിയാണെങ്കിലും ബിജോയ് നമ്പ്യാരിന്റെ തട്ടകം ബോളിവുഡാണ്. ഏറെ ചർച്ചാവിഷയമായ ഒട്ടേറെ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത ബിജോയ് നമ്പ്യാറിന്റെ കന്നിചിത്രം ബോളിവുഡിലായിരുന്നു. 2011ൽ അനുരാഗ് കാശ്യപ് നിർമ്മിച്ച 'ശെയ്ത്താൻ'.

2013ൽ തമിഴ്, ഹിന്ദി ഭാഷകളിലായി നിർമ്മിച്ച വിക്രം നായകനായ 'ഡേവിഡി'ന്റെയും സംവിധായകൻ ബിജോയ് ആയിരുന്നു. ഏതൊരു സംവിധായകന്റെയും സ്വപ്‌നനായകനായ അമിതാഭ് ബച്ചൻ നായകനായ 'വസിറിന്റെ' പോസ്റ്റ് പ്രൊഡക്ഷൻ തിരക്കിനിടയിലാണ് മറുനാടൻ മലയാളിയോട് മനസ് തുറന്നത്.

  • അമിതാഭ് ബച്ചൻ നായകനായ ബിഗ് ബജറ്റ് ചിത്രമായ 'വസിറിന്റെ പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായിരിക്കുന്നു. എന്താണ് പ്രതീക്ഷ ?

മിതാഭ് ബച്ചൻ, അതിഥി റാവു, ജോൺ എബ്രഹാം, ഫർഹാൻ അക്തർ എന്നിവരുൾപ്പെട്ട വൻതാരനിരയാണ് ചിത്രത്തിലുള്ളത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് വസീറിന്റെ ഫസ്റ്റ് ഷോട്ട് എടുക്കുന്നത്. ഡിസംബർ അഞ്ചിന് റിലീസ് ചെയ്യാനാണ് തീരുമാനം. സിനിമയുടെ രണ്ടാമത്തെ ടീസർ ജൂണിൽ പുറത്തു വിട്ടിരുന്നു. മികച്ച പ്രതികരണമാണ് ലഭിക്കുന്നത് വളരെയേറെ പ്രതീക്ഷയാണ് നൽകുന്നത്. രാജ്കുമാർ ഹിറാനി നിർമ്മിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ശ്രീകർ പ്രസാദും സിനിമാറ്റോട്ടോഗ്രഫി സാനു വർഗീസുമാണ്. അങ്ങനെ നോക്കുമ്പോൾ മലയാളി സാന്നിധ്യം നന്നായി ഉള്ള ചിത്രമാണെന്ന് വേണമെങ്കിൽ പറയാം. പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് ഒത്ത് ഉയരുന്ന ഒരു ചിത്രമായിരിക്കുമെന്ന് വിശ്വസിക്കുന്നു.

  • സിനിമയിൽ എത്തി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അമിതാഭ് ബച്ചനെ നായകനാക്കി സിനിമ ചെയ്യാൻ കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷെ അത്ര പെട്ടെന്ന് സാധ്യമാകുന്ന കാര്യമല്ല. എങ്ങനെയായിരുന്നു സിനിമാലോകത്തേക്കുള്ള എത്തിച്ചേരൽ ?

ബാംഗ്ലൂരിലും ഇംഗ്ലണ്ടിലുമായിരുന്നു എന്റെ പഠനം. ബാംഗ്ലൂരിൽ പഠിക്കുമ്പോൾ തന്നെ തിയേറ്റർ ഗ്രൂപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഈയൊരു അനുഭവത്തെ തുടർന്നാണ് സിനിമയിൽ പ്രവർത്തിക്കണമെന്ന ആഗ്രഹമുണ്ടായത്. കുടുംബത്തിൽ ആർക്കും സിനിമയുമായി ബന്ധമുണ്ടായിരുന്നില്ല. എട്ട് മിനുട്ടുള്ള 'റിഫ്‌ളക്ഷൻസ്' എന്ന ഷോർട്ട് ഫിലിമാണ് ചെയ്തത്. ലാലേട്ടൻ ആയിരുന്നു നായകൻ. പിന്നീട് 'രാഹു' എന്ന ഷോർട്ട് ഫിലിം ചെയ്തു. പിന്നീട് 'ഗുരു' സിനിമയിൽ മണിരത്‌നം സാറിനെ അസിസ്റ്റ് ചെയ്തു. 2011ൽ ആദ്യ സിനിമ 'ശെയ്ത്താൻ' സംവിധാനം ചെയ്യാൻ കഴിഞ്ഞു. 2013ൽ ഡേവിഡും 2014ൽ പിസ, 'കുക്കു മഥുർ കി ജാന്ദ് ഹോ ഗയി' എന്നീ ചിത്രങ്ങൾ നിർമ്മിക്കാൻ കഴിഞ്ഞു. അതിനു ശേഷമാണ് വസീറിലേക്കെത്തുന്നത്.

  • മോഹൻലാലിന്റെ വലിയ ഫാനാണ് ബിജോയ്. ആദ്യവർക്ക് ലാലിനൊപ്പം. എങ്ങനെയായിരുന്നു അനുഭവം ?

ഞാൻ ലാലേട്ടന്റെ ഏറ്റവും വലിയ ഫാൻ ആണ്. എന്റെ ജീവിതത്തിലെ ആദ്യസംരംഭമായ 'റിഫ്ലക്ഷനി'ൽ അദ്ദേഹമായിരുന്നു കേന്ദ്രകഥാപാത്രം. കഥ കേട്ടപ്പോൾ തന്നെ അദ്ദേഹം സമ്മതിച്ചു. അദ്ദേഹത്തിന്റെ തിരക്കിനുസരിച്ച് ഷൂട്ട് ഫിക്‌സ് ചെയ്യുക എന്നതായിരുന്നു ഞാൻ നേരിട്ട വലിയ വെല്ലുവിളി. ഒരു പുതിയ സംവിധായകൻ എന്ന നിലയിലല്ല എന്നോട് അദ്ദേഹം പെരുമാറിയത്. ഇന്ത്യൻ സിനിമയിലെ തന്നെ പ്രൊഫഷണൽ ആയ നടന്മാരിൽ ഏറ്റവും മുന്നിലുള്ള നടനാണ് ലാലേട്ടൻ. ഷൂട്ടിങ് സമയത്ത് വളരെയധികം സഹായിച്ചു. ലാലേട്ടന്റെയൊക്കെ ഇടപെടൽ എനിക്ക് വലിയ ഊർജവും ഭാവിയിലേക്കുള്ള പ്രതീക്ഷയുമാണ് നൽകിയത്.

  • ഹിന്ദിയിലും തമിഴിലും മലയാളത്തിലും സിനിമകൾ ചെയ്തു. വീണ്ടുമൊരു മലയാള ചിത്രം ?

തീർച്ചയായും പ്രതീക്ഷിക്കാം. അതിന്റെ ചില ആലോചനകളും എഴുത്തുകളും പുരോഗമിക്കുകയാണ്. പക്ഷെ അങ്ങനെയൊരു സാഹചര്യം ഒത്തുവന്നാൽ മോഹൻലാലിനെ നായകനാക്കി ചിത്രം ചെയ്യണമെന്നാണ് ആഗ്രഹം. കുറച്ച് നാൾ മുമ്പ് ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട് ലാലേട്ടനെ കണ്ടിരുന്നു. പക്ഷെ ആ സമയത്ത് ഒരു ദിവസം പോലും മാറ്റി വയ്ക്കാനാകാത്ത അത്ര ഷൂട്ടിങ് തിരക്കായിരുന്നു. പക്ഷെ ലാലേട്ടൻ ഉറപ്പ് തന്നിട്ടുണ്ട്. ആ സിനിമയ്ക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അധികം താമസിക്കാതെ തന്നെ ലാലേട്ടൻ-ബിജോയ് നമ്പ്യാർ കോമ്പിനേഷൻ ഉണ്ടാകും. ഫിലിം ഫെസ്റ്റിവൽ ഉദ്ദേശിച്ച് ഞാനൊരു ചിത്രം ചെയ്തിരുന്നു. 2008ലാണ് മധു സാറിനെയും തിലകൻ സാറിനെയും വച്ച് രാഹു എന്ന സിനിമ ചെയ്തിരുന്നു. എന്റെ നാടായ കണ്ണൂരും പരിസരങ്ങളിലുമായിരുന്നു ലൊക്കേഷൻ.

  • അമിതാഭ് ബച്ചൻ നായകനാകുന്ന സിനിമ സംവിധാനം ചെയ്യുക. മിക്ക സംവിധായകരുടേയും മോഹങ്ങളിലൊന്നാണ്. എങ്ങനെയായിരുന്നു ബിഗ് ബിയുമായുള്ള പ്രവർത്തനം ?

മിതാഭ് ബച്ചൻ, അതിഥി റാവു, ഫർഹാൻ അക്തർ തുടങ്ങിയ ഒരു വമ്പൻ താരനിരയാണ് വസീറിൽ. വർക്കിന്റെ തുടക്കത്തിൽ നല്ല ഭയമുണ്ടായിരുന്നു. ഷോട്ട് എടുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ആവശ്യമില്ലാത്ത ഒരു അങ്കലാപ്പ് ഉണ്ടായിരുന്നു. എന്നാൽ മികച്ച പിന്തുണയാണ് ബച്ചൻ സാറിൽ നിന്ന് ലഭിച്ചത്. ഞാനൊരു തുടക്കക്കാരനാണെന്നോ സിനിമയിൽ വർഷങ്ങളുടെ പരിചയമില്ലായ്മ ഒന്നും അവരാരും പരിഗണിച്ചില്ല. പിന്നെ ബിഗ് ബിയും ഫർഹാനുമാണ് എന്റെ സിനിമയിൽ അഭിനയിക്കുന്നുവെന്ന കാര്യം ഞാൻ മനഃപൂർവം മറന്നു. അവരെ പറ്റി ആലോചിക്കുമ്പോഴാണല്ലോ പ്രശ്‌നം. തളർവാതം പിടിച്ച ഒരു ചെസ് ഗ്രാൻഡ് മാസ്റ്ററുടെ റോളിലാണ് ബിഗ് ബി. തീവ്രവാദ വിരുദ്ധസേനയിലെ കർക്കശക്കാരനായ ഉദ്യോഗസ്ഥന്റെ റോളിലാണ് ഫർഹാൻ അക്തർ എത്തുന്നത്.

  • ബിജോയ് പഠിച്ചതും വളർന്നതുമെല്ലാം കേരളത്തിനു പുറത്തായിരുന്നു. ഓണഘോഷം എങ്ങനെയാണ് ?

കുട്ടിക്കാലം മുതൽ തന്നെ കേരളത്തിന് പുറത്താണ് ജീവിച്ചതെങ്കിലും ഓണാഘോഷം മുടക്കാറില്ല. മുംബൈയിലെ ഞങ്ങളുടെ വീട്ടിൽ എല്ലാ വർഷവും ഓണം ഗംഭീരമായി ആഘോഷിക്കാറുണ്ടായിരുന്നു. എന്റെ ബന്ധുക്കളിൽ കൂടുതൽ പേരും താമസിക്കുന്നത് മുംബൈയിലായതു കൊണ്ട്, എല്ലാവരും കൂടി ചേരുമ്പോൾ ഓണം കലക്കും. പക്ഷെ ഇത്തവണ എന്റെ ഓണം സ്റ്റുഡിയോയിൽ ആയിരുന്നു. വസീറിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്നതു കൊണ്ട് ആഘോഷത്തിന്റെ മാറ്റ് ഇത്തിരി കുറഞ്ഞു.ബിജോയ് നമ്പ്യാർ.