നോർത്ത് ഗ്രീൻവിച്ച് സ്റ്റേഷനിൽ ഇന്നലെ ഒരു സ്ഫോടക വസ്തു അബദ്ധദ്ധത്തിൽ പൊട്ടിയതിനെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട് നോർത്ത് ലണ്ടനിലെ ഹോളോവേ യിലെ തെരുവിൽ നിന്നും 19കാരനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയുണ്ടായ സ്ഫോടനത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 12.20നായിരുന്നു യുവാവ് പിടിയിലായത്. ലണ്ടനിലെ നിരവധി ട്യൂബ് ട്രെയിനുകളിൽ ബോംബുകൾ വച്ച് നൂറ് കണക്കിന് പേരെ കുരുതി കൊടുക്കാനുള്ള ഭീകര പദ്ധതിയാണ് ഇതിലൂടെ പൊലീസ് അട്ടിമറിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഇതോടെ ലണ്ടൻ അതീവ ജാഗ്രതയിലായിരിക്കുകയാണ്. പിടിയിലായിരിക്കുന്ന 19കാരൻ ഇത്തരത്തിൽ നിരവധി ട്യൂബ് ട്രെയിനുകളിൽ ബോംബ് വയ്ക്കാൻ ഒരുങ്ങുകയായിരുന്നുവെന്നാണ് മിനിസ്ട്രി ഓഫ് ഡിഫെൻസ് അതിന്റെ ജീവനക്കാർക്ക് അയച്ചിരിക്കുന്ന മെമോയിൽ മുന്നറിയിപ്പേകിയിരിക്കുന്നത്.

അറസ്റ്റിലായ വെള്ളക്കാരനായ താടിയുള്ള യുവാവ് ഹൂഡി, ജാക്കറ്റ്, ജീൻസ് , ട്രെയിനേർസ് എന്നിവയാണ് ധരിച്ചിരുന്നതെന്നാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്.സംഭവത്തെ തുടർന്ന് ലണ്ടനിലെ പബ്ലിക്ക് ട്രാൻസ്പോർട്ട് നെറ്റ് വർക്കിൽ സുരക്ഷ വർധിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൂടുതൽ സായുധ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ട്രാവൽ ഹബുകളിൽ പട്രോളിങ് സുശക്തമാക്കിയിട്ടുണ്ട്. ഇന്നലെ സംശയകരമായ വസ്തു കണ്ടെത്തിയതിനെ തുടർന്ന് ഈസ്റ്റ് ലണ്ടനിലെ ഒ2 അരീനയിലുള്ള സ്റ്റേഷനിൽ നിന്നും യാത്രക്കാരെ അടിയന്തിരമായി ഒഴിപ്പിച്ചിരുന്നു. അപകടം സൂചിപ്പിക്കുന്ന അലാറം മുഴങ്ങിയതിനെ തുടർന്നായിരുന്നു ഇത്. തുടർന്ന് ജൂബിലി ലൈനിലെ സെക്ഷനുകൾ സസ്പെൻഡ് ചെയ്യുകയുമുണ്ടായി.തുടർന്ന് രാവിലെ 11 മണിക്കായിരുന്നു യാത്രക്കാരോട് ഒഴിയാൻ നിർദ്ദേശിച്ചത്. ഇത് ഏഴ് മണിക്കൂറോളം പരിശോധനക്കായി അടച്ചിടുകയും ഇതിനിടെ സംശയകരമായ വസ്തു സുരക്ഷിതമായി നീക്കം ചെയ്യുകയുമായിരുന്നു.

ഈസ്റ്റ് ബോണ്ട് സർവീസിൽ നിന്നും സംശയകരമായ പാക്കേജ് കണ്ടെത്തിയതിനെ തുടർന്ന് മെട്രൊപൊളിറ്റൻ പൊലീസിലെ കൗണ്ടർ ടെററിസം കമാൻഡ് സൂക്ഷ്മമായ പരിശോധന നടത്തിയിരുന്നു. ഇതിനെ തുടർന്ന് സ്ട്രാറ്റ്ഫോർഡിനു കാനറി വാർഫിനുമിടയിൽ വൈകീട്ട് 3.15 വരെ ഒരൊറ്റ ട്രെയിനും ഓടിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ 19കാരൻ പിടിയിലായിരിക്കുന്നത്. ബലം പ്രയോഗിച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനായി ഓഫീസർമാർ ടേസർ ഉപയോഗിച്ചിരുന്നുവെങ്കിലും തോക്കുപയോഗിച്ചിരുന്നില്ല. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയ പ്രതിയെ കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്. 

നോർത്ത് ഗ്രീൻ വിച്ച സ്റ്റേഷനിൽ നിന്നും കണ്ടെത്തിയ വസ്തു ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നുമാണ് പൊലീസ് വെളിപ്പെടുത്തുന്നത്. ഈ വസ്തു കണ്ടെത്തിയതിനെ തുടർന്ന് മെട്രൊപൊളിറ്റൻ പൊലീസിലെയും ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പൊലീസിലെയും അംഗങ്ങൾ സൂക്ഷ്മമായി അന്വേഷിച്ചതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചിരിക്കുന്നത്.ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതിയെ പ ിടിക്കാൻ മെട്രൊപൊളിറ്റൻ പൊലീസ്, ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ ജീവനക്കാർ, ബ്രിട്ടീഷ് ട്രാൻസ്പോർട് പൊലീസ് എന്നിവർ കാഴ്ച വച്ച പ്രഫഷണലിസത്തെ ലണ്ടൻ മേയർ സാദിഖ് ഖാൻ പ്രശംസിച്ചിട്ടുണ്ട്. ഈ അവസരത്തിൽ ട്രാൻസ്പോർട്ട് ഹബുകളിൽ കൂടുതൽ പൊലീസുകാരെ സുരക്ഷ ഉറപ്പാക്കാൻ വിന്യസിച്ചിട്ടുണ്ടെന്നാണ് മെട്രൊപൊളിറ്റൻ പൊലീസ് വക്താവ് വെളിപ്പെടുത്തുന്നത്. നിലവിൽ യുകെയിൽ തീവ്രവാദ ആക്രമണ ഭീഷണി മുമ്പില്ലാത്ത വിധം ശക്തമായിട്ടുണ്ടെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അധികൃതർ മുന്നറിയിപ്പേകുന്നു.

ട്രെയിനുകളിൽ എന്തെങ്കിലും സംശയകരമായ പ്രവൃത്തി ശ്രദ്ധയിൽ പെട്ടാൽ ആന്റി-ടെററിസ്റ്റ് ഹോട്ട്ലൈൻ നമ്പറായ 0800 789 321ൽ വിളിച്ചറിയിക്കണമെന്ന് പൊലീസ് ജനത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.