ചാവേർ ബോംബ് സ്‌ഫോടനനങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും ഇന്ത്യാ വിരുദ്ധ വാർത്തകളുമാണ് ഇപ്പോൾ പാക്കിസ്ഥാനിൽനിന്ന് വരുന്നത്. കേൾക്കാൻ ലോകം ഒട്ടും ആഗ്രഹിക്കാത്ത വാർത്തകളുടെ പ്രഭവകേന്ദ്രമായി പാക്കിസ്ഥാൻ മാറിയിരിക്കുന്നു. എന്നാൽ, ഇത്തരം വാർത്തകളിൽപ്പോലുമെത്താതെ ദുരിതത്തിന്റെ അങ്ങേയറ്റത്ത് ജീവിക്കുന്ന വലിയൊരു സമൂഹം പാക്കിസ്ഥാനിലുണ്ട്. അവരുടെ ജീവിതം അജ്ഞാതമാണ്.

ട്രാഫിക് സിഗ്നലുകളിൽ പിച്ചതെണ്ടിയും പണക്കാരുടെ അടുക്കളയിൽ വേലയെടുത്ത് തളർന്ന് അന്തിയുറങ്ങിയും ഇഷ്ടികക്കളങ്ങിലും ഗോതമ്പ് പാടങ്ങളിലും നെയ്ത്ത് കേന്ദ്രങ്ങളിലും എല്ലുമുറിയെ പണിയെടുത്തും കഴിയുന്ന കുരുന്നുകളാണവർ. സമൂഹത്തിന്റെ ഒരരുപരിഗണനയും ലഭിക്കാതെ അവഗണനമാത്രം നേരിട്ട് ജീവിക്കുന്നവർ. ഇവരിലേക്ക് വെളിച്ച വീശുന്ന പുസ്തകമാണ് ഇൻവിസിബിൾ പീപ്പിൾ.

പാക്കിസ്ഥാൻ സെനറ്റ് ചെയർമാൻ മിലൻ റാസ റബ്ബാനി എഴുതിയ ചെറുകഥകളുടെ സമാഹാരമാണിത്. എന്നാൽ ഇതൊരു സാഹിത്യ സൃഷ്ടിയല്ല. അതേക്കാളുപരി, അനുഭവവിവരണമായി കാണണമെന്ന് റബ്ബാനി ആഗ്രഹിക്കുന്നു. അഴിമതിയുടെ കൂത്തരങ്ങായി മാറിയ സമൂഹത്തിൽ ക്രൂരതയും അനീതിയും മാത്രം നേരിട്ട് ജീവിക്കേണ്ടിവരുന്ന ഹതാശരായ മനുഷ്യരാണ് റബ്ബാനിയുടെ കഥാപാത്രങ്ങൾ.

അമ്മ മരിച്ചപ്പോൾ, ബന്ധുക്കൾ ചേർന്ന് തൊഴിലുടമയ്ക്ക് വിറ്റ ബാലൻ, പണക്കാരനായ യുവാവിന്റെ തെറ്റ് ഏറ്റെടുത്ത് ജയിലിൽക്കഴിയുന്നയാൾ, ജോലിക്കിടെ പരിക്കേറ്റതിന് ജോലിയിൽനിന്ന് പിരിച്ചുവിടുകയും ആശുപത്രിയിൽപ്പോകാൻ പോലും പണം ലഭിക്കാതെ കഷ്ടപ്പെടുകയും ചെയ്തയാൾ....ഇങ്ങനെ പാക് ജീവിതത്തിലെ എത്രയോ ദൈന്യമുഖങ്ങളിലൂടെ റബ്ബാനി നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ക്രൂരമായ പീഡനവും മരണവും ആരുമറിയാതെ സമൂഹത്തിന്റ് പിന്നാമ്പുറത്ത് തുടർന്നുകണ്ടേയിരിക്കുന്നുവെന്ന് ഈ പുസ്തകം കാണിച്ചുതരുന്നു.