ന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യയുടെ സമാധാനം കെടുത്തി അനുദിനം പ്രകോപനം സൃഷ്ടിക്കുകയാണ് ചൈന. സിക്കിം-ഭൂട്ടാൻ-ടിബറ്റ് അതിർത്തിയിൽ പതിറ്റാണ്ടുകൾക്കിടെ ഏറ്റവും മൂർച്ഛിച്ച സംഘർഷമാണിപ്പോൾ. ഇരുരാജ്യങ്ങളും വൻതോതിലുള്ള സൈനിക വിന്യാസം നടത്തുന്നത് മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുമുണ്ട്.

1962ലെ യുദ്ധം പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ചൈനയുടെ മുന്നറിയിപ്പ്. സിക്കിം മേഖലയിൽ ഇന്ത്യ നടത്തിയ അതിർത്തി ലംഘനം പരിഹരിക്കാതെ ക്രിയാത്മകമായ ചർച്ചയില്ലെന്നും ചൈനീസ് വിദേശകാര്യ, പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ചൈനീസ് അതിർത്തിയിൽ ഇന്ത്യൻ സൈന്യം അതിക്രമിച്ചു കയറിയിരിക്കുകയാണെന്നും അവർ ആരോപിച്ചു. ഇന്ത്യൻ കരസേനാമേധാവിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്നും ചൈന കുറ്റപ്പെടുത്തി. ചൈന, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളെയും ഇന്ത്യക്കുള്ളിലെ വിഘടനവാദ ഭീഷണികളെയും ചേർത്ത് ഇന്ത്യ 'രണ്ടര യുദ്ധ'ത്തിനു സജ്ജമാണെന്നാണ് ജനറൽ ബിപിൻ റാവത്ത് പ്രസ്താവിച്ചത്. കരസേനാ മേധാവി യുദ്ധത്തിനായി 'മുറവിളി കൂട്ടുന്നത്' അവസാനിപ്പിക്കണമെന്നും ചൈനീസ് പ്രതിരോധ വക്താവ് ആവശ്യപ്പെട്ടു. കരസേനാ മേധാവിയിൽ നിന്നും ഇത്തരം പ്രതികരണം നിരുത്തരവാദിത്തപരമാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച ഗാങ്‌ടോക്കിലെ 17 മൗണ്ടൻ ഡിവിഷന്റെയും കാലിംപോങ്ങിലെ 27 മൗണ്ടൻ ഡിവിഷന്റെയും ആസ്ഥാനത്തെത്തിയ കരസേനാ മേധാവി ബിപിൻ റാവത്ത് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ട്രൈ ജങ്ഷനിൽ ഇരുരാജ്യങ്ങളും സൈന്യത്തിന്റെ എണ്ണം ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. 3000-ത്തോളം സൈനികരെയാണ് ഇവിടെ അധികമായി വിന്യസിച്ചിട്ടുള്ളത്. ഇരുസൈന്യങ്ങളും അവരുടെ പൊസിഷനുകളിൽ ഉറച്ചുനിൽക്കുകയാണ്. ഫ്‌ളാഗ് മീറ്റിങ്ങുകൾപോലെ അതിർത്തിയിലുള്ള പതിവ് ചർച്ചകളും ഇടപെടലുകളും ഇപ്പോൾ നടക്കുന്നുമില്ല. യുദ്ധസമാനമായ അന്തരീക്ഷത്തിലാണ് ട്രൈ ജങ്ഷനുള്ളത്. മേഖലയിൽ ഇരുസൈന്യവും തമ്മിലുള്ള ഉരസൽ പതിവാണെങ്കിലും ഇത്രയേറെ മൂർച്ഛിച്ചിട്ടില്ലെന്ന് സൈനിക കേന്ദ്രങ്ങൾ പറയുന്നു.

കിഴക്കൻ സിക്കിം മേഖലയിലെ അതിർത്തികാവലിന് ചുമതലപ്പെട്ട 17 ഡിവിഷന്റെ നീക്കങ്ങളാണ് ബിപിൻ റാവത്ത് തന്റെ സന്ദർശനത്തിൽ മുഖ്യമായും വിലയിരുത്തിയത്. 3000 സൈനികർ വീതമുള്ള നാല് ബ്രിഗേഡുകളാണ് ഈ ഡിവിഷനുകീഴിലുള്ളത്. 33 കോപ്‌സിന്റെയും 17 ഡിവിഷന്റെയും കമാൻഡർമാരടക്കമുള്ളവർ ചർച്ചകളിൽ പങ്കെടുത്തു. ഇന്നു രാവിലെയാണ് റാവത്ത് മേഖലയിൽനിന്ന് മടങ്ങിയത്. ചൈനയിൽനിന്ന് തുടർച്ചയായ പ്രകോപനമുണ്ടാകുന്നുണ്ടെങ്കിലും ട്രൈ ജങ്ഷനിലൂടെ സോംപിരിയിലുള്ള സൈനിക ക്യാമ്പിലേക്ക് റോഡ് പണിയാനുള്ള അവരുടെ ശ്രമം അനുവദിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. ദോഘ്‌ലാം മേഖലയിൽ മിലിട്ടറി വാഹനങ്ങൾക്ക് കടന്നുപോകാവുന്ന വിസ്താരമുള്ള റോഡ് നിർമ്മിക്കാനാണ് ചൈനയുടെ ഉദ്ദേശം.

ടിബറ്റിലെ സമതലങ്ങളിലൂടെ 35 ടൺ ടാങ്ക് പരീക്ഷണാർഥം മുന്നേറിയതായി ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയും വ്യക്തമാക്കി. ഒരു രാജ്യത്തെയും ലക്ഷ്യംവെച്ചുള്ളതല്ല ഇതെങ്കിലും ഇന്ത്യൻ അതിർത്തിയെയാണ് അത് ലക്ഷ്യം വെക്കുന്നതെന്ന് ഉറപ്പാണ്. 1972-ലെ ഇന്ത്യ-ചൈന യുദ്ധത്തിൽനിന്ന് പാഠം പഠിച്ചില്ലെങ്കിൽ ഇന്ത്യയെ പുതിയ പാഠങ്ങൾ പഠിപ്പിക്കണമെന്ന നിലപാടിലാണ് ചൈനീസ് സേനയെന്നും സൂചനയുണ്ട്. തന്ത്രപ്രധാനമായ ദോഘ്‌ലാംമേഖലയിൽ ഇടപെടലുകൾ അനുവദിക്കാനാവില്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. 495 ചതുരശ്ര കിലോമീറ്റർ വരുന്ന മേഖലയിൽ ചൈനയുടെ ഇടപെടൽ സിലിഗുഡി ഇടനാഴിയെ ദുർബലപ്പെടുത്തുമെന്ന ആശങ്ക ഇന്ത്യക്കുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ഇന്ത്യയുടെ മറ്റുഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന നേർത്ത ഇടനാഴിയാണ് ഇത്. ഇവിടെ പ്രതിരോധം ശക്തമാക്കാനും ഇന്ത്യ തയ്യാറെടുക്കുകയാണ്.

ചൈനയുടെ പ്രദേശത്ത് ഇന്ത്യ അനധികൃതമായി കടന്നുകയറിയെന്ന് ആരോപിച്ച് രണ്ടു ഫോട്ടോകൾ വിദേശകാര്യവക്താവ് മാധ്യമപ്രവർത്തകർക്കു മുമ്പാകെ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 'ഇന്ത്യൻ കരസേനയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ചരിത്രത്തിൽ നിന്നും പാഠം പഠിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. യുദ്ധത്തിനായുള്ള ഇത്തരം മുറവിളികൾ അദ്ദേഹം അവസാനിപ്പിക്കണം' ചൈനീസ് വക്താവ് പറഞ്ഞു. ഇന്ത്യൻ സൈന്യം അതിർത്തി ലംഘിച്ചുവെന്നും ഇവർ പിന്മാറിയാൽ മാത്രമേ ചർച്ചയ്ക്കുള്ളൂവെന്നുമാണ് ചൈനയുടെ നിലപാട്. സൈന്യം പിന്മാറിയാൽ മാത്രമേ ഫലപ്രദമായ രീതിയിൽ ചർച്ച നടക്കൂവെന്നും ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. നയതന്ത്രതലത്തിൽ വിഷയം ചർച്ച ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ നിന്നു കൈലാസ് മാനസസരോവറിലേക്കുള്ള തീർത്ഥാടകരെ നാഥുല ചുരത്തിൽ ചൈന തടഞ്ഞതോടെയാണ് അതിർത്തിയിലെ പ്രശ്‌നം രൂക്ഷമായത്. ഇന്ത്യയുടെ ബങ്കറുകൾക്ക് ചൈനീസ് സൈനികർ കേടുവരുത്തുകയും ഇരുസൈനികരും അതിർത്തിയിൽ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തിരുന്നു. അതിനിടെ, ഇന്ത്യൻ അതിർത്തിക്ക് സമീപം ടിബറ്റിൽ ഭാരം കുറഞ്ഞ യുദ്ധ ടാങ്കിന്റെ പരീക്ഷണം നടത്തിയെന്ന് ചൈനീസ് സൈന്യം അറിയിച്ചു. 35 ടണുള്ള ടാങ്ക് വിവിധ തരത്തിലുള്ള നീക്കങ്ങളും മേഖലയിൽ നടത്തി. പുതിയ 35 ടൺ ടാങ്കിന്റെ പരീക്ഷണം നടത്തിയോ എന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ചൈനീസ് സൈനിക വക്താവ് ഇക്കാര്യം അറിയിച്ചത്. പുതിയ നീക്കം ഇന്ത്യയെ ലക്ഷ്യം വച്ചാണോ എന്നു ചോദിച്ചപ്പോൾ ഏതെങ്കിലും ഒരു രാജ്യത്തെ പ്രത്യേകം ലക്ഷ്യംവച്ചല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.