സിറിയയിൽ റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങളെച്ചൊല്ലി അമേരിക്കയും സഖ്യകക്ഷികളും ഇടയുന്നു. റഷ്യയുടെ നരവേട്ടയ്ക്ക് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പാർലമെന്റിൽ അടിയന്തിര ചർച്ച നടന്നു. റഷ്യൻ എംബസ്സിക്ക് മുന്നിൽ പ്രതിഷേധപ്രകടനം നടത്തണമെന്ന് ആവശ്യപ്പെട്ട ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ, റഷ്യക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

സിറിയയിലെ വിമതർക്കെതിരെ റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങൾ അലെപ്പോ ഉൾപ്പെടെ ഒട്ടേറെ സിറിയൻ നഗരങ്ങളെ പ്രേതാലയമാക്കി മാറ്റിയെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. സിറിയയിൽ ബ്രിട്ടനും അമേരിക്കയും നടത്തുന്ന ഇടപെടലുകളെ വിമർശനത്തോടെ നോക്കിക്കാണുന്ന ഇടതുപക്ഷ പ്രചാരകർ റഷ്യയുടെ നരഹത്യ കാണാതെ പോകുന്നതിനെയും അദ്ദേഹം വിമർശിച്ചു.

എന്നാൽ, ബ്രിട്ടന്റെ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് റഷ്യൻ എംബസ്സി ട്വിറ്ററിലൂടെ തിരിച്ചടിച്ചു. തെളിവുകളില്ലാതെയാണ് ബ്രിട്ടൻ സംസാരിക്കുന്നതെന്നും റഷ്യൻ എംബസ്സിയുടെ ട്വീറ്റിൽ പറയുന്നു.

സിറിയയിൽ റഷ്യ നടത്തുന്ന നരഹത്യയെ അംഗീകരിക്കാനാവില്ലെന്ന് ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന അടിയന്തിര ചർച്ചയിൽ അഭിപ്രായമുയർന്നു. വ്‌ളാദിമിർ പുട്ടിന്റെ കിരാത ഭരണത്തിന് തിരിച്ചടിയായി റഷ്യയുമായുള്ള ബന്ധം പുനരാലോചിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.

ഓരോ ആഴ്ച ചെല്ലുന്തോറും സിറിയയിലെ സ്ഥിതിഗതികൾ മോശമായിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയും ഫ്രാൻസും സമാനചിന്താഗതിയുള്ള മറ്റു രാഷ്ട്രങ്ങളും ഇതിനെതിരെ പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇതിലുള്ള പ്രതിഷേധം റഷ്യയെ അറിയിക്കുക തന്നെ വേണമെന്നു ബോറിസ് ജോൺസൺ പറഞ്ഞു.

റഷ്യൻ വിമാനങ്ങൾ വെടിവച്ചിടാൻ ബ്രിട്ടനെ നിർബന്ധിതരാക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ പോുകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിറിയയിൽ വിമാനങ്ങൾക്ക് അനുമതി നിഷേധിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സഭയും ഇക്കാര്യത്തിൽ കുറേക്കൂടി ഫലപ്രദമായ രീതിയിൽ പ്രതികരിക്കണമെന്നും ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു.