ലണ്ടൻ: സൗദിയിൽ എണ്ണതേടി പോയി ശൂന്യമായ കൈകളോടെയാണ് ബോറിസ് ജോൺസൺ തിരിച്ചുവന്നതെന്ന ആരോപണം ഖണ്ഡിച്ചുകൊണ്ട് മന്ത്രിമാർ രംഗത്തെത്തി. മനുഷ്യാവകാശ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാൻ ബോറിസ് ജോൺസന്റെ സന്ദർശനം ഉപകരിച്ചു എന്നാണ് അവർ പറയുന്നത്. റഷ്യൻ ഉപരോധത്തിന്റെ പ്രത്യാഘാതങ്ങൾ മറികടക്കുവാൻ സൗദിയിൽ നിന്നുള്ള എണ്ണവിതരണം വർദ്ധിപ്പിക്കുക എന്നതായിരുന്നു ബോറിസ് ജോൺസന്റെ സന്ദർശനത്തിന്റെ ഉദ്ദേശം. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തമായ ഒരു ഉറപ്പ് നേടാൻ അദ്ദേഹത്തിനായില്ല.

ഡൗണീംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തിലും എണ്ണയെ കുറിച്ച് അവ്യക്തമായ ഒരു പരാമർശം മാത്രമാണുള്ളത്. എന്നാൾ, ബോറിസ്‌ജോൺസൺ പറയുന്നത് ദീർഘകാലമായി ബ്രിട്ടൻ പിന്തുടരുന്ന, മനുഷ്യാവകാശ പ്രശ്നങ്ങളിലുള്ള നയം അവിടെ പ്രകടിപ്പിക്കാനായി എന്നാണ്. അതീവ രഹസ്യാത്മക സ്വഭാവം പുലർത്തുന്ന രാജ്യത്ത് സ്ഥിതിഗതികൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും ബോറിസ് ജോൺസൺ പറഞ്ഞു.

എന്നാൽ, സൗദി അധികാരികളുമായി ബോറിസ് ജോൺസൺ മനുഷ്യാവകാശംസംസാരിക്കുന്ന സമയത്ത്, വധശികഷയ്ക്ക് വിധിച്ച മൂന്നു പേരെക്കൂടി വധിച്ചതായി പിന്നീട് സൗദി വൃത്തങ്ങൾ അറിയിച്ചു. ഈ വർഷത്തെ നൂറാമത്തെ മരണശിക്ഷയായിരുന്നു അതിലൊന്ന് എന്ന് എ എഫ് പി പറയുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ ഒരൊറ്റ ദിവസം തന്നെ 81 പേർക്ക് മരണം വിധിച്ച ഭരണകൂടത്തിന്റെ മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയരുന്നതിനിടയിലാണ് ഈ പുതിയ ശിക്ഷ നടപ്പാക്കൽ

തീവ്രവാദം ഉൾപ്പടെ വ്യത്യസ്തങ്ങളായ കേസുകളിലായിരുന്നു 81 പേർക്ക് വധശിക്ഷ വിധിച്ചിരുന്നത്. അത് ഒരൊറ്റ ദിവസം കൊണ്ട് നടപ്പാക്കിയത് സൂചിപ്പിക്കുന്നത് ഇവർക്ക് കേസ് വാദിക്കുവാനോ അത് മുന്നോട്ട് കൊണ്ടുപോകാനൊ കഴിഞ്ഞിരുന്നില്ല എന്നാണെന്ന് ഹ്യുമൻ റൈറ്റ്സ് വാച്ച് പറഞ്ഞു. സുതാര്യമായ ഒരു നീതിനിർവ്വഹണ രീതിയല്ല അതെന്നും അവർ പറയുന്നു. ഇങ്ങനെ വധിക്കപ്പെട്ടവരിൽ പകുതിയോളം പേർ സൗദിയിലെ തന്നെ ഷിയാ വിഭാഗക്കാരാണ്. രാജ്യത്തിനകത്ത് കടുത്ത വിവേചനം നേരിടുന്ന ന്യുനപക്ഷമാണിവർ എന്ന് ന്യുയോർക്ക് ആസ്ഥാനമായ ഹ്യുമൻ റൈറ്റ്സ് വാച്ച് പറയുന്നു.

എണ്ണ നൽകുന്ന കാര്യത്തിൽ ഉറപ്പുകിട്ടിയില്ലെങ്കിലും, മനുഷ്യാവകാശത്തെ കുറിച്ചുള്ള ബോധവത്ക്കരണ പ്രസംഗങ്ങൾ ഫലം കാണാതെപോയാലും ബോറിസ് ജോൺസന് സന്തോഷിക്കാൻ ഏറെയുണ്ടിപ്പോൾ. സത്യത്തിൽ റഷ്യയുടെ യുക്രെയിൻ ആക്രമണം ഏറ്റവുമധികം ഉപകാരപ്രദമായത് ബോറിസ് ജോൺസനാണെന്നു പറയാം പാർട്ടിഗെയ്റ്റിൽ തൂങ്ങി ഇളകിയാടിയിരുന്ന പ്രധാനമന്ത്രി കസേര അരക്കിട്ടുറപ്പിക്കാനാണ് ഈ യുദ്ധം ബോറിസിനെ സഹായിച്ചത്.

റഷ്യൻ ആക്രമണത്തിനെതിരെ ബ്രിട്ടനിൽ പൊതുവായി ഉയർന്ന രോഷം മുതലാക്കാൻ ബോറിസ് ജോൺസന് ഭംഗിയായി കഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. യുക്രെയിന് അയുധങ്ങൾ നൽകുന്നതിൽ മുന്നിൽ നിന്നും, നാറ്റോയുടെ മറ്റ് അംഗരാജ്യങ്ങളെ അതിന് പ്രേരിപ്പിച്ചും അതുപോലെ അമേരിക്കയുമായി ചേർന്ന് കടുത്ത ഉപരോധങ്ങൾ പ്രഖ്യാപിച്ചുമൊക്കെ ഒരു യുദ്ധകാല പ്രധാനമന്ത്രിക്ക് ലഭിക്കുന്ന വീരപരിവേഷമാണ് ബോറിസ് ജോൺസൺ നേടിയെടുത്തത്.

പാർട്ടി ഗേറ്റിനെ കുറിച്ച് നടക്കുന്ന പൊലീസ് അന്വേഷണത്തിൽ ബോറിസ് ജോൺസന് പിഴയൊടുക്കേണ്ടി വന്നാൽ പോലും ഉടനെയൊന്നും പാർട്ടി വിമതർ അദ്ദേഹത്തിനെതിരെ തിരിയാൻ ധൈര്യപ്പെടില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നിരലംബരായ യുക്രെയിൻ ജനതയ്ക്ക് സഹയഹസ്തം നീട്ടിയ ഉദാരമനസ്‌കൻ മാത്രമല്ല ഇന്ന് ഭൂരിഭാഗം ബ്രിട്ടീഷ് ജനതയുടേ കണ്ണിലും ബോറിസ് ജോൺസൺ മറിച്ച്, എക്കലത്തും തങ്ങൾ വെറുത്തിരുന്ന സോവിയറ്റ് ഭൂതത്തിന്റെ പുനരവതാരമാകാൻ പോകുന്ന പുടിൻ എന്ന ഏകാധിപതിയെ അടിച്ചു നിർത്തുന്ന വീരപുരുഷൻ കൂടിയാണ് ഇന്ന് ബോറിസ് ജോൺസൺ.