കൊച്ചി: 'വരുമ്പോൾ കടയിൽ നിന്ന് ഒരു കുപ്പി ശുദ്ധവായു കൂടി വാങ്ങിക്കോളു, ..... കമ്പനിയുടെ മതി. മരുന്നിനൊപ്പം രണ്ട് മണിക്കൂർ നേരം ശുദ്ധവായു കൂടി ശ്വസിപ്പിക്കണമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. എന്നാലെ കുഞ്ഞിന്റെ അസുഖം മാറു..' നാട്ടിൻപുറത്തുകാരിയായ മലയാളി വീട്ടമ്മ വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന ഭർത്താവിനോട് മൊബൈലിൽ വിളിച്ചു പറയുന്ന സാധാരണ വാക്കായി ഇത് മാറാൻ ഇനി അധിക കാലം കാത്തിരിക്കേണ്ടി വരില്ല. പുതുവർഷത്തിൽ ഇത് സംബന്ധിച്ചുള്ള സൂചനകളാണ് വരുന്നത്.

കുറച്ച് വർഷം മുമ്പ് അമേരിക്കയിലൊക്കെ കുടിവെള്ളം കുപ്പിയിൽ കിട്ടും അതിന് കാശു കൊടുക്കണമത്രെ എന്നും പറഞ്ഞപ്പോൾ ചിരിച്ചു മയങ്ങിയവരാണ് മലയാളികൾ. എന്നാലിന്ന് കുടിവെള്ളം കുപ്പിയിൽ കിട്ടില്ലെന്ന് പറഞ്ഞാലാണ് മലയാളികൾ ചിരിക്കുക. മലയാളിയല്ല ഒരു കിലോ അരി വാങ്ങാൻ പോലും വഴിയില്ലാത്ത ശരാശരി ഇന്ത്യക്കാരനും ചിരിക്കും. കുടിവെള്ളം കുപ്പിയിൽ കിട്ടാത്ത ഒരു കാലം സങ്കൽപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ് നാം.

കുടിവെള്ളം കുപ്പിയിൽ വരുമെന്ന് പറഞ്ഞപ്പോൾ ചിരിച്ചവരുടെ കാര്യം പറഞ്ഞ് തന്നെയാണ് ശുദ്ധവായുവിന്റെ വിൽപ്പനയുമായി ഒരു കമ്പനി ഇന്ത്യൻ വിപണി ലക്ഷ്യമാക്കി വരുന്നത്. ഇന്നലെ കുടിവെള്ളം കുപ്പിയിൽ വിൽപ്പനക്ക് എത്തുമെന്ന് പറഞ്ഞപ്പോൾ ടാപ്പിലും കിണറ്റിലും സൗജന്യമായി കിട്ടുന്ന വെള്ളത്തിനെന്തിന് പണം നൽകണം എന്ന് കളിയാക്കിയവരോടും പണം വാങ്ങി ആരു വെള്ളം വാങ്ങും എന്നു ചോദിച്ചവരും ഇന്ന് കുടിവെള്ളം വില വാങ്ങി കുടിക്കുന്നു എന്ന് കമ്പനി പറയുന്നു.. ശുദ്ധവായുവും അതെ വഴിയിൽ തന്നെയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ശുദ്ധവായു വിൽപ്പനയുമായി കനേഡിയൻ കമ്പനി എത്തിയിരിക്കുന്നത്.

പുതുവർഷത്തിൽ ഇന്ത്യയിൽ ഉറപ്പായിട്ടും ഒരു പക്ഷെ കേരളത്തിലും കൂടി കുപ്പിവായു വിൽപ്പനക്കായി കടന്നു വരും. ഇന്ത്യയിലേക്ക് ആവശ്യമുള്ളവർക്ക് ഓൺലൈനായി കമ്പനി ശുദ്ധവായു അയക്കാൻ തുടങ്ങി കഴിഞ്ഞു. അന്തരീക്ഷ മലിനീകരണത്തിൽ ലോകത്ത് ഡൽഹിക്ക് പുറമെ രണ്ടാമത് നിൽക്കുന്ന ചൈനയിലെ ബെയ്ജിംഗിലേക്ക് കാനഡയിലെ വിറ്റാലിറ്റി എയർ എന്ന കമ്പനി ശുദ്ധവായു കയറ്റി അയക്കുന്നുണ്ട്. ഹോട്ടലുകൾ കേന്ദ്രീകരിച്ച് സമ്പന്നർക്കാണ് ഈ ശുദ്ധവായു ശ്വസിക്കാൻ ഭാഗ്യം ലഭിക്കുന്നത്. മുമ്പ് കുപ്പിവെള്ളം വിൽപ്പനയും സമ്പന്നരുടെ ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് തുടങ്ങിയിരുന്നത് എന്നോർക്കണം.

ചൈനയിൽ കുപ്പിയിൽ അടച്ച വായുവിന് വൻ വിൽ്പനയാണ് ലഭിച്ചത്. ആദ്യം 500 ബോട്ടിലുകൾ, നാലു ദിവസത്തിനകം അത് 5000 ആയി ഉയർന്നു. ഇപ്പോൾ നിത്യേനയെന്നോണം ഇത് അവിടെ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ചൈന തന്നെ ശുദ്ധവായു വിൽപ്പന തുടങ്ങിയതും യാദ്യശ്ഛികമല്ല. കുപ്പിയിൽ അടച്ച ശുദ്ധവായുവിന് പല വിലയുണ്ട്. ഇന്ത്യയിൽ ഡൽഹി പോലുള്ള നഗരങ്ങളിൽ ഇതെത്തുമ്പോൾ 40 കനേഡിയൻ ഡോളർ വിലയാകും. 7.7 ലിറ്റർ കൊള്ളുന്ന ബോട്ടിലിന് ഇന്ത്യൻ രൂപ 1900 ആകും. 3 ലിറ്റർ മുതൽ ഉള്ള ബോട്ടിലുകൾ ലഭ്യമാണ്. ബാക്കി അടുത്ത പേജ്

രണ്ടെണ്ണം ഒരുമിച്ച് എടുക്കുമ്പോഴും കൂടുതൽ എടുക്കുമ്പോഴും ഓഫറുണ്ട്. കുപ്പിയിലടച്ച ശുദ്ധവായു അഥവാ ഓക്‌സിജൻ കമ്പനി നിർമ്മിക്കുന്നത് മൂന്ന് പ്രക്രിയകളിലൂടെയത്രെ. റോക്കി മലനിരകളിലെത്തി ഫ്രഷ് എയർ കാനുകളിൽ ശേഖരിച്ച് ഗുണനിലവാര പരിശോധനകൾ നടത്തി നിർമ്മിക്കുന്നത്. 95 ശതമാനമാണ് ഓക്‌സിജന്റെ അളവ്. അന്തരീക്ഷ മലിനികരണം രൂക്ഷമായ ഡൽഹി പോലുള്ള നഗരങ്ങളിലാണ് ഇതിന്റെ ഇന്ത്യയിലെ ആദ്യ വിൽപ്പന. കനേഡിയൻ കമ്പനിയുടെ കുപ്പിവായു ഇവിടെ പ്രചാരം നേടി കഴിഞ്ഞാൽ ഇവിടെ തന്നെ ചില കമ്പനികൾ ഇത് നിർമ്മിക്കാൻ തുടങ്ങിയേക്കും. കനേഡിയൻ കമ്പനി ശുദ്ധവായു തേടി റോക്കി മലനിരകളിലേക്കാണ് പോയതെങ്കിൽ ഇവിടത്തെ കമ്പനികൾ നാട്ടിൻപുറത്തേക്കും കാട്ടിലെ മല നിരകളിലേക്കും വനത്തിലേക്കുമെല്ലാം വായു തേടി എത്തിയെന്നിരിക്കും.

ഈ വായു കുപ്പികളിലാക്കി നാട്ടിൻപുറത്തെ സാധാരണക്കാരനെ കൊണ്ടു പോലും ഇത് വാങ്ങിപ്പിക്കുന്ന കാലവും വിദൂരമാവില്ല. പരസ്യമുണ്ടെങ്കിൽ എന്തും ചെലവാകുന്ന നാടായതിലാൽ കുപ്പി വായു കമ്പനിക്കാർക്ക് വേണ്ടി ബ്രാൻഡ് അംബാസഡറാകാനും പരസ്യ മോഡലാകാനും സിനിമക്കാരും രാഷ്ട്രീയക്കാരും ഉണ്ടാകും. വിഷവായു ശ്വസിച്ചാൽ ഉണ്ടാകുന്ന അസുഖങ്ങളെ കുറിച്ച് പറയുന്ന ഡോക്ടർമാരും കുപ്പിവെള്ള കമ്പനിക്കാരും ഉണ്ടാകും. യാത്ര ചെയ്യുമ്പോഴും ആശുപത്രിയിൽ പോകുമ്പോഴെല്ലാം ഒരു കുപ്പി ശുദ്ധവായു കയ്യിൽ കരുതാനുള്ള ഉപദേശങ്ങളും ഇവർ തന്നെന്നിരിക്കും.