തിരുവനന്തപുരം: 'ക്ലാസ് സെമിനാറിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തിയ താത്കാലിക അദ്ധ്യാപകനെ പ്രിൻസിപ്പൽ പുറത്താക്കി'. 'കലോത്സവ വിജയത്തിൽ സഹപാഠിയെ അഭിനന്ദിക്കാൻ ആലിംഗനം ചെയ്തതിന്റെ പേരിൽ വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്ന് പുറത്താക്കി'. കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ നടന്ന സംഭവങ്ങളാണ്. രണ്ടു സംഭവങ്ങളിലും സോഷ്യൽ മീഡിയയിൽ രണ്ടുപക്ഷമായി തിരിഞ്ഞ് ചൂടേറിയ സംവാദം നടന്നിരുന്നു. കോഴിക്കോട് ചേളന്നൂർ ശ്രീ നാരായണഗുരു കോളേജിൽ (എസ് എൻ കോളേജ്) അദ്ധ്യാപകനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ ഓഫീസിൽ പൂട്ടിയിടുക പോലും ചെയ്തിരുന്നു.

സമൂഹത്തിൽ ലിംഗ വിവേചനമില്ലാത്ത മാനസികാരോഗ്യമുള്ള പൗരന്മാരെ സൃഷ്ടിക്കാൻ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തുന്നത് ഗുണം ചെയ്യുമെന്നാണ് ആധുനിക വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായം. എന്നാൽ, വലിയൊരു വിഭാഗം ഇപ്പോഴും ഇത് തെറ്റായ കീഴ് വഴ്ക്കമെന്ന് വിശ്വസിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു. അതിന് മികച്ച ഉദാഹരണമാണ് സുപ്രഭാതം പത്രത്തിൽ വന്ന വാർത്ത. 'പെൺകുട്ടികളെയും, ആൺകുട്ടികളെയും ഇടകലർത്തിയിരുത്തുക, വിവാദ നിർദ്ദേശങ്ങളുമായി വീണ്ടും വിദ്യാഭ്യാസ വകുപ്പ്' എന്ന തലക്കെട്ടിലാണ് വാർത്ത.

2022-23 അധ്യയന വർഷം ഒന്നു മുതൽ പത്തുവരെ ക്ലാസൂകളിൽ നടപ്പാക്കാൻ നൽകിയ മാർഗ്ഗനിർദ്ദേശങ്ങളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിവാദ പരാമർശങ്ങൾ ഉള്ളതെന്ന് സുപ്രഭാതം വാർത്തയിൽ പറയുന്നു. ലിംഗസമത്വം ഉറപ്പുവരുത്തുന്ന വിദ്യാലയ അന്തരീക്ഷം ഉറപ്പുവരുത്തണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും അസംബ്ലിയിൽ പ്രത്യേക വരി ഒഴിവാക്കുക, കലാമത്സരങ്ങൾ, നൃത്തം, നാടകം തുടങ്ങിയവ ഒരുമിച്ച് നടത്തുക തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ആലോചിക്കാമെന്നും, നിർദ്ദേശത്തിലുണ്ട്.

മദർ പിടിഎകൾ ലിംഗഭേദങ്ങൾ ഇല്ലാതാക്കുന്നതിൽ വിദ്യാലയങ്ങളുടെ പങ്കിനെ കുറിച്ച് ധാരണയില്ലാത്തവരായതിനാൽ ഇടപെടാൻ കഴിയുന്നില്ലെന്നും ഇത്തരം ഭിന്നതകൾ അവസാനിപ്പിക്കാൻ വിദ്യാഭ്യാസ രംഗത്ത് ലിംഗപദവിപരമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും, നിർദ്ദേശിക്കുന്നുണ്ട്. വിദ്യാലയങ്ങളിലെ പെരുമാറ്റച്ചട്ടങ്ങളിൽ ലിംഗവിവേചനപരമായ ചട്ടങ്ങൾ ഒഴിവാക്കണമെന്നും, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒപ്പം ആവിഷ്‌കാര സ്വാതന്ത്ര്യം നൽകണമെന്നും നിർദ്ദേശമുണ്ട്.

സമൂഹത്തിന്റെ ധാർമികതയെ തന്നെ ചോദ്യം ചെയ്യുന്ന നിർദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നതെന്ന് സുപ്രഭാതം റിപ്പോർട്ട് ചെയ്യുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ഇരിപ്പിടം എന്നതാണ് എൽപി തലം മുതൽ യൂണിവേഴ്‌സിറ്റി തലം വരെ രാജ്യത്താകമാനം അനുവർത്തിച്ചുവരുന്നത്. ഇത്തരം രീതികൾ പൊളിച്ചെഴുതണമെന്നാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങളിലുള്ളത്. രക്ഷിതാക്കളുടെ ആശങ്കകളും, ഉത്കണ്ഠകളും, അദ്ധ്യാപകരുടെ സാമൂഹ്യ ഉപബോധവും, ബോധനരീതികളിൽ വിദ്യാലയങ്ങളിൽ പ്രത്യക്ഷപ്പെടുന്നുവെന്ന് വിമർശിക്കുന്ന നിർദ്ദേശത്തിൽ, പാഠപുസ്തകങ്ങളിൽ മാറ്റം വരുത്തിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും ഓർമിപ്പിക്കുന്നു. നേരത്തെയും സമാന നിർദ്ദശങ്ങൾ വന്നത് വിവാദമായിരുന്നു എന്നും സുപ്രഭാതം പത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഈ വിഷയത്തിൽ പ്രമോദ പുഴങ്കരയുടെ കുറിപ്പ് വായിക്കാം:

പെൺകുട്ടികളെയും ആൺകുട്ടികളെയും സ്‌കൂളുകളിൽ ഇടകലർത്തിരുത്തുക, കലാമത്സരങ്ങളിൽ ഒരുമിച്ചു പങ്കെടുപ്പിക്കുക, സ്‌കൂൾ അസംബ്ലിയിൽ വെവ്വേറെ വരി ഒഴിവാക്കുക എന്നിങ്ങനെ ലിംഗവിവേചനം ഒഴിവാക്കാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശമാണ് 'സുപ്രഭാതം' പത്രത്തിനു വിവാദനിർദ്ദേശങ്ങളായി തോന്നുന്നത്. നേരത്തെ ലിംഗഭേദമില്ലാത്ത യൂണിഫോം ചില സ്‌കൂളുകളിൽ നടപ്പാക്കിയപ്പോഴും യാഥാസ്ഥിതികരും മതമൗലികവാദികളും സമാനമായ വിവാദമുണ്ടാക്കിയിരുന്നു.

സമൂഹത്തിന്റെ ധാർമ്മികതയെ ചോദ്യം ചെയ്യുന്ന നിർദ്ദേശമാണിത് എന്ന് പത്രം പ്രഖ്യാപിക്കുകയാണ്. ആരാണ് സമൂഹം? സ്ത്രീകളെ കാതും കവിളും കൈത്തണ്ടയും മൂടിപ്പൊതിഞ്ഞു നടത്തണമെന്ന് പറയുന്ന മതനിയമങ്ങൾക്ക് എന്നു മുതലാണ് സമൂഹത്തിന്റെ ആധികാരികത കിട്ടിയത്? വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിൽ കൃസ്ത്യൻ സഭ ഉണ്ടാക്കിവെച്ച വികൃത ധാരണകൾക്ക് എന്നുമുതലാണ് സമൂഹത്തിന്റെ മൊത്തമായ അവകാശമുണ്ടായത്? പുരുഷാധിപത്യ അധികാരഘടനയും സ്ത്രീ പുരുഷ ബന്ധങ്ങളെക്കുറിച്ചുള്ള വികൃത ധാരണകളും എങ്ങനെയാണ് ഒരു സമൂഹത്തെ ലൈംഗിക വൈകൃതങ്ങളും സ്ത്രീവിരുദ്ധതയും പേറുന്ന മനോരോഗികളുടെ സമൂഹമാക്കി മാറ്റുന്നത് എന്നു നാം ദിനേന കണ്ടുകൊണ്ടിരിക്കുകയാണ്. 'ജാക്കി വെച്ചതിന്റെ ' വീരസ്യം പരസ്യമായി പറയാൻ മധ്യവയ്‌സ്‌കനായൊരു മലയാളി പുരുഷന് ഇപ്പോഴും അതിനാർപ്പുവിളിക്കുന്ന ആണാൾക്കൂട്ടത്തിന്റെ അകമ്പടിയുണ്ടാകുന്നത് ഇങ്ങനെ ആണും പെണ്ണും തട്ടാതെയും മുട്ടാതെയും സൂക്ഷിച്ച വിദ്യാലയങ്ങളിൽ നിന്നും പുറത്തുവന്നവരിലാണ്.

എൽ പി മുതൽ യൂണിവേഴ്സിറ്റി വരെ ആണിനും പെണ്ണിനും വേറെ ഇരിപ്പിടമാണ് എന്ന് ആധികാരികതയോടെ പറയുന്ന ലേഖകന്റെ അതേ അജ്ഞതയാണ് കേരളത്തിലെ വിദ്യാലയ നടത്തിപ്പുകാർക്കും അദ്ധ്യാപകർക്കുമൊക്കെ ഉള്ളത് എന്നതാണ് വാസ്തവം. ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരുന്ന് പഠിക്കുന്ന നിരവധി വിദ്യാലയങ്ങൾ ഈ രാജ്യത്തുണ്ട്. അതിന്റെയൊരു ഗുണം തുല്യാവകാശങ്ങളും ശരീരത്തിന്റെ മേൽ സ്വാധികാരവുമുള്ള മറ്റൊരു പൂർണ്ണ മനുഷ്യനാണ് സ്ത്രീയെന്ന ജനാധിപത്യബോധമുണ്ടാകാൻ അത് സഹായിക്കും എന്നതാണ്.

ആദ്യരാത്രിയിൽ ഞണ്ടുകൾ ഓടുന്നതും പൂവിൽ വണ്ട് വന്നിരിക്കുന്നതും കണ്ട് ശീലിച്ച ദാരിദ്ര്യമില്ലാത്ത ഒരു സമൂഹം ഉണ്ടാകാനും അത് സഹായിക്കും. മനുഷ്യർ വളരുന്നതിനൊപ്പം ശാരീരികമായ സമ്പർക്കങ്ങൾ ആണുങ്ങളും പെണ്ണുങ്ങളും തമ്മിൽ വേണമെന്നും വിദ്യാലയങ്ങൾ അത്തരം സമ്പർക്കങ്ങൾ ഏറ്റവും ജനാധിപത്യപരമായി മനസിലാക്കാൻ പറ്റുന്ന പൊതുവിടങ്ങളാണെന്നും അംഗീകരിക്കാൻ യാഥാസ്ഥിതികർക്കുള്ള ബുദ്ധിമുട്ടിനെ ഇനിയും വകവെക്കേണ്ടതില്ല.

മുല വിടവുകളും കാൽവണ്ണയും തുടകളുമൊക്കെ മലയാളി പുരുഷന്റെ തുറിച്ചുനോട്ടത്തിൽ നിന്നും വിമുക്തമാവുകയും കാമവും രതിയും ഒരു സ്വാഭാവിക പരസ്പരസമ്മത പ്രക്രിയയാവുകയും ചെയ്യുന്നൊരു കാലത്തിന്റെ സാധ്യതകൾ ലിംഗവിവേചനത്തിന്റെ പാഠശാലകളായി മാറിയ വിദ്യാലയങ്ങളെ മാറ്റിത്തീർക്കുന്നതിൽ നിന്നും തുടങ്ങാവുന്നതാണ്.

രണ്ടുവർഷം മുമ്പ് കലോത്സവ വിജയത്തിൽ സഹപാഠിയെ അഭിനന്ദിക്കാൻ ആലിംഗനം ചെയ്തതിന്റെ പേരിൽ വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്ന് പുറത്താക്കിയപ്പോൾ എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ശാരദക്കുട്ടി ഭാരതികുട്ടി എഴുതിയ കുറിപ്പ് കൂടി ഇതിനോട് ചോർത്ത് വായിക്കാം. സ്‌കൂളുകളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്തണമെന്നും വിദ്യാർത്ഥികൾ ലിംഗ വിവേചനത്തിന്റെ ആദ്യ പാഠങ്ങൾ സ്‌കൂളുകളിൽ നിന്ന് പഠിക്കണമെന്നും അവർ ഫേസ്‌ബുക് പോസ്റ്റിൽ കുറിച്ചിരുന്നു.

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണ രൂപം:

സർക്കാർ അംഗീകാരമുള്ള സ്‌കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ തന്നെ ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ചിരുത്താതെ, അവരെ ഇടകലർത്തിയിരുത്തണമെന്ന ഒരു തീരുമാനം സർക്കാർ അടിയന്തിരമായി നടപ്പിലാക്കേണ്ടതുണ്ട്. ചെറുപ്പം മുതൽ ശീലിച്ചാൽ പത്തുകൊല്ലം കഴിയുമ്പോഴേക്കെങ്കിലും ലിംഗ വിവേചനമില്ലാത്ത മാനസികാരോഗ്യമുള്ള പൗരന്മാരെ സൃഷ്ടിക്കാനായേക്കും. വെറും ലൈംഗിക ശരീരങ്ങൾ മാത്രമായി കുട്ടികളെ വേർതിരിക്കാതിരിക്കുക. വേർതിരിച്ചിരുത്തുന്ന അധ്യയന രീതി അപരിഷ്‌കൃതമാണ് ജാതീയമായ വേർതിരിവു പോലെ തന്നെ അശ്ലീലമാണ്.

ഇടതുപക്ഷ സർക്കാർ അധികാരമേറ്റ അന്നു മുതൽ പലവട്ടം ആവശ്യപ്പെട്ടതും നടപ്പാകുമെന്നു പ്രതീക്ഷിക്കുന്നതുമായ ഒരു ആശയമാണിത്. കേട്ടാൽ ചെറിയ കാര്യമെന്നു തോന്നാം. പക്ഷേ സാമൂഹികാരോഗ്യത്തിലേക്കുള്ള ആദ്യ പരിഷ്‌കരണ നടപടി ഇതു തന്നെയാണ്. ഇടതു സർക്കാരിനാണിതു കഴിയേണ്ടത്. സമൂഹ ശരീരത്തിലെ ഇത്തരം അശ്ലീലങ്ങൾ നീക്കം ചെയ്യാതെ എങ്ങനെയാണ് കുട്ടികളിൽ പൗരബോധവും സാമൂഹികബോധവും ഉത്തരവാദിത്വബോധവുമുണ്ടാവുക?

സർക്കാർ ലിംഗവിവേചനത്തിനെതിരായുള്ള പ്രാഥമിക പാഠങ്ങൾ പരിശീലിപ്പിച്ചു തുടങ്ങുക. ലൈംഗിക വൈകൃതങ്ങളിൽ നിന്ന് സമൂഹത്തെ രക്ഷിക്കാനുള്ള ആദ്യ നിർബന്ധ നടപടി ഇതാകണം. തൊട്ടാൽ പൊട്ടുന്ന ലിംഗശരീരമാണ് തന്റെയടുത്തിരിക്കുന്നതെന്ന വൃത്തികെട്ട ബോധത്തിൽ നിന്നു രക്ഷ നേടുവാൻ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുക.