കൊച്ചി: പത്താംക്ലാസിലെ റിസൾട്ടും പച്ചക്കോട്ട് വിവാദവുമെല്ലാം ഗ്ലാമർ കളഞ്ഞു കുളിച്ച വിദ്യാഭ്യാസ വകുപ്പിന് പേരുദോഷമുണ്ടാക്കാൻ മിഡ് ബ്രയിൻ ആക്ടിവേഷനും. 'മിഡ് ബ്രയിൻ ആക്ടിവേഷൻ' എന്ന പേരിൽ അതീന്ദ്രീയ ജ്ഞാനം നൽകുമെന്ന അവകാശവാദത്തിൽ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബും വീണു. മിഡ് ബ്രയിൻ സ്റ്റുമുലേഷൻ എന്ന അശാസ്ത്രീയ കോഴ്‌സ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ അബ്ദു റബ്ബ് ശ്രമിച്ചു. ഇക്കാര്യം പഠിച്ച് റിപ്പോർട്ട് നൽകാൻ സമിതിയേയും നിയോഗിച്ചു. മാജിക്കിലൂടെ അതീന്ദ്രീയമായ ജ്ഞാനം നൽകി കുട്ടികളുടെ ബുദ്ധിശക്തി വർധിപ്പിക്കാം എന്നതായിരുന്നു മിഡ് ബ്രെയിൻ പരിശീലകരുടെ വാദം. ഇത്തരമൊരു തട്ടിപ്പിൽ വിദ്യാഭ്യാസമന്ത്രി വീണതാണ് വിമർശനത്തിന് ഇടയാക്കുന്നത്.

'മിഡ് ബ്രയിൻ ആക്ടിവേഷൻ' കോഴ്‌സിന്റെ വിശദാംശങ്ങൾ പരിശോധിച്ചാൽ തന്നെ തട്ടിപ്പ് പിടികിട്ടും. എന്നിട്ടും മന്ത്രിക്ക് മാത്രം മനസ്സിലായില്ല. വിദ്യാഭ്യാസത്തെ തന്നെ കളിയാക്കുന്നതരത്തിൽ പഠനത്തിന് കുറിപ്പെഴുതി. ഇത്തരം നടപടികൾ വിദ്യാഭ്യാസ വകുപ്പിനാണ് നാണക്കേടുണ്ടാക്കുന്നതെന്നും അഭിപ്രായം ഉയർന്നു കഴിഞ്ഞു. മാജിക് പൂർണമായും ഒരു കലയാണെന്നും അതീന്ദ്രീയമായി ഒന്നുമില്ലെന്നും മിഡ് ബ്രയിൻ സ്റ്റുമുലേഷൻ എന്നത് തട്ടിപ്പാണെന്നും മജീഷ്യന്മാർ തന്നെ തെളിയിച്ചിരുന്നു. എന്നിട്ടും ഇതിന് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചത് ദുരൂഹമാണെന്ന ആരോപണവുമുയരുന്നു. പരിഷ്‌കൃത സമൂഹത്തോടുള്ള ഈ വെല്ലുവിളിയ്‌ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് തന്നെ ഒറ്റക്കെട്ടായി രംഗത്തുവന്നതോടെ മന്ത്രിയുടെ നീക്കം പൊളിയുകയും ചെയ്തു.

എന്നാൽ ആരോപണത്തോട് വിദ്യാഭ്യാസ വകുപ്പോ മന്ത്രിയോ പ്രത്യക്ഷത്തിൽ പ്രതികരിക്കുന്നില്ല. കോഴ്‌സിനെ കുറിച്ച് പഠിക്കാൻ നിർദ്ദേശിച്ചതിൽ തെറ്റൊന്നുമില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന്റെ പക്ഷം. എന്നാൽ ഏത് കണ്ണുപൊട്ടനും മനസ്സിലാകുന്നതാണ് ഈ കോഴ്‌സിന്റെ തട്ടിപ്പ്. എന്നിട്ടും വിദ്യാഭ്യാസമന്ത്രി അത്തരക്കാരുടെ വലയിൽ വീണതിൽ ദുരൂഹതയുണ്ടെന്നാണ് പക്ഷം. ഈ കോഴ്‌സ് പാഠ്യപദ്ധതിയിലോ യോഗയും കരാട്ടയുമൊക്കെ പോലെ സ്‌കൂളുകളിൽ പരിശീലപ്പിക്കുകയോ ആയിരുന്നു നടത്തിപ്പുകാരുടെ ലക്ഷ്യം. ഇതിലൂടെ കോടികളുടെ വരുമാനം അവർക്കുണ്ടാകുമായിരുന്നു. സംസ്ഥാനത്തെ സ്‌കൂളുകളിൽ കടന്നു കയറുകയെന്ന ലക്ഷ്യം മാത്രമായിരുന്നു മിഡ് ബ്രയിൻ ആക്ടീവേഷൻ എന്ന കോഴ്‌സ് കേരളത്തിൽ അവതരിപ്പിച്ചിതിന് പിന്നിലെന്നും അതിന് മന്ത്രി കൂട്ടു നിൽക്കാൻ ശ്രമിച്ചുവെന്നുമാണ് ആരോപണം.

മനുഷ്യന് മൂന്നാം കണ്ണ് എന്ന സവിശേഷ അവയവമുണ്ടെന്നും അവ സ്വായത്തമാക്കാനുള്ള വിദ്യ അഭ്യസിപ്പിക്കാമെന്നും വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളാണ് 'മിഡ് ബ്രയിൻ ആക്ടിവേഷൻ' സെന്ററുകൾ. ഇത്തരം അവകാശ വാദങ്ങൾ തട്ടിപ്പാണെന്നും മാജിക്കിന്റെ കൈയടക്കത്തിൽ വഞ്ചിതരാകരുതെന്നും അഭ്യർത്ഥിച്ചതോടെ തുടങ്ങിയതാണ് വിവാദങ്ങൾ തുടങ്ങി. മുതുകാട് പറഞ്ഞത് ശരിയാണെന്ന് മജീഷ്യൻൻ ആർ കെ മലയത്തും തെളിയിക്കുകയാണ്. അങ്ങനെ കണ്ണുകെട്ടി പുസ്തകങ്ങളും മറ്റും വായിക്കുകയും നിറങ്ങൾ തിരിച്ചറിയുകയും ചെയ്യാമെന്ന സ്ഥാപനത്തിന്റെ അവകാശവാദം പൊളിഞ്ഞു. ഇതേത്തുടർന്ന്, തലച്ചോറിനെ ഉത്തേജിപ്പിച്ച് ഇത്തരം കഴിവുകൾ നേടാമെന്നു പറഞ്ഞിരുന്ന സ്ഥാപനം കോഴ്‌സ് പിൻവലിച്ചു. ഇതെല്ലാം പത്രങ്ങൾ വാർത്തയുമാക്കി. ഈ സാഹചര്യത്തിലാണ് ഈ കോഴ്‌സ് പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുള്ള മന്ത്രിയുടെ കുറിപ്പ് അൽഭുതമായത്.

മിഡ് ബ്രെയിൻ ആക്ടിവേഷൻ എന്ന കോഴ്‌സ് നടത്തുന്നുണ്ടെന്നും ഇത് പരിശീലിക്കുന്നവർക്ക് കണ്ണുകെട്ടി പുസ്തകങ്ങൾ വായിക്കാൻ കഴിയുമെന്നും നിറങ്ങൾ തിരിച്ചറിയാൻ കഴിയുമെന്നുമായിരുന്നു അവകാശവാദം. മനുഷ്യന് മൂന്നാം കണ്ണ് എന്ന സവിശേഷ അവയവമുണ്ടെന്നും അവ സ്വായത്തമാക്കാനുള്ള വിദ്യ അഭ്യസിപ്പിക്കാമെന്നും വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടനീളം ഒട്ടേറെ വ്യാജ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായും മജീഷ്യൻ മുതുകാടാണ് പൊതു സമൂഹത്തിൽ വിശദീകരിച്ചത്. ചെറിയ കുട്ടികൾക്ക് ഇത്തരം വിദ്യ സ്വായത്തമാക്കാൻ സാധിക്കുമെന്നാണ് തട്ടിപ്പുകാരുടെ വാഗ്ദാനം.

ഇതിലൂടെ പഠനം എളുപ്പമാക്കാമെന്നും ഏകാഗ്രത വർദ്ധിപ്പിക്കാമെന്നും വ്യാജ സ്ഥാപനങ്ങൾ പ്രലോഭിക്കുകയാണ്. തലച്ചോറിനെ ഉദ്ദീപിപ്പിച്ചാൽ മൂന്നാം കണ്ണിലൂടെ കാഴ്ച സാധ്യമാക്കാമെന്നാണ് ഇത്തരക്കാരുടെ അവകാശവാദം. 25,000 രൂപവരെ ഈടാക്കിയാണ് തട്ടിപ്പുകാർ രക്ഷിതാക്കളെ ചൂഷണം ചെയ്യുന്നത്. നമുക്കുള്ള കണ്ണുകളിലൂടെയല്ലാതെ കാഴ്ചകൾ കാണാനാകില്ല. കണ്ണു കെട്ടിക്കഴിഞ്ഞാൽ ഈ കാഴ്ചകൾ നമുക്ക് അന്യമാകും. വേറൊരു ശരീര ഭാഗത്തിനും കാഴ്ചകാണാനുള്ള കഴിവല്ലെന്നതാണ് സത്യം. മജീഷ്യന്മാർ ഉപയോഗിക്കുന്ന മാസ്‌ക് ആണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. ഇക്കാര്യം വെളിപ്പെടുത്താതെ കുട്ടികളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവർ ചെയ്തിരുന്നത്.