സാപ് സെന്റർ(കാലിഫോർണിയ): ഇന്ത്യൻ പ്രധാനമന്ത്രി ആയ ശേഷം ആദ്യമായി അമേരിക്കൻ സന്ദർശിച്ചപ്പോൾ ഏറ്റവും ആവേശം വിതറിയ സ്വീകരണം ലഭിച്ചത് മാഡിസൺ സ്‌ക്വയറിലായിരുന്നു. അമേരിക്കയിലെ ഇന്ത്യക്കാരെല്ലാം അന്ന് ആവേശ പൂർവം ഈ വേദിയിലേക്ക് ഒഴുകിയെത്തി. വീണ്ടും അമേരിക്കയിൽ എത്തിയ നരേന്ദ്ര മോദി മാഡിസൺ സ്‌ക്വയറിനെ വെല്ലുന്ന സ്വീകരണമാണ് അമേരിക്കയിലെ ഇന്ത്യക്കാർ ഒരുക്കിയത്. കാലിഫോർണിയയിലെ സാപ് സെന്ററായിരുന്നു ഇത്തവണ മോദി ഷോയുടെ വേദിയായി മാറിയത്. ഭഗത് സിംഗിനെ അനുസ്മിരിച്ച്, രാജ്യത്തിന്റെ വികസന സ്വപ്‌നങ്ങളെ കുറിച്ച് പങ്കുവച്ച്, ഇന്ത്യൻ രാഷ്ട്രീയത്തെയും പരാമർശിച്ചാണ് മോദി സാപ് സെന്ററിനെ ഇളക്കിമറിച്ചത്. പ്രസംഗ വേദിയിൽ എന്നും ശോഭിക്കുന്ന മോദി, തനിക്കായി കാത്തിരുന്നവരെ നിരാശപ്പെടുത്താതെ കത്തിക്കയറുകയായിരുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്ന് പ്രധാനമന്ത്രി സാപ് സെന്ററിൽ തടിച്ചുകൂടിയ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. ബ്രെയിൻ ഡ്രെയ്ൻ മതിയാക്കാം, ഇനി ബ്രെയ്ൻ ഗെയ്ൻ മതിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുമായി മികച്ച ബന്ധത്തിന് ലോകരാഷ്ട്രങ്ങൾ മത്സരിക്കുന്നു. നേതൃത്വത്തിനായി ലോകം ഇന്ത്യയെ നോക്കുന്ന സമയമാണിതെന്നും മോദി പറഞ്ഞു. ഭഗത് സിംഗിന്റെ ജന്മദിനം ഓർമ്മിപ്പിച്ചു കൊണ്ടാണ് നരേന്ദ്ര മോദി തന്റെ പ്രസംഗം തുടങ്ങിയത്. ഭഗത് സിങ് ധീരനായ ദേശാഭിമാനിയായിരുന്നു എന്ന് മോദി പ്രസംഗത്തിൽ പറഞ്ഞു.

രാജ്യത്തിന് വേണ്ടി ജീവിക്കുമെന്നും മരിക്കാൻ പോലും തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തിൽ പറഞ്ഞു. തനിക്കെതിരെ യാതൊരു അഴിമതി ആരോപണങ്ങളുമില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ന് ഞാൻ നിങ്ങൾക്ക് മധ്യത്തിലാണ്. എനിക്കെതിരെ എന്തെങ്കിലും അഴിമതി ആരോപണങ്ങളുണ്ടോ? രാജ്യത്തിന് വേണ്ടി ജീവിതം സമർപ്പിക്കുമെന്നും മരിക്കാൻ തയ്യാറാണെന്നും ഇന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പുതരുന്നു.' തനിക്കു വേണ്ടി ഉയരുന്ന ആർപ്പുവിളികൾക്കിടയിൽ മോദി അവരോട് പറഞ്ഞു.

ഗാന്ധി കുടുംബത്തെ പേരെടുത്ത് പറയാതെ വിമർശിച്ചുകൊണ്ടാണ് മോദി പറഞ്ഞത്. ഇപ്പോൾ മുൻകാലങ്ങളിലെ പോലും അയാൽ 50 കോടിയുടെ അഴിമതി നടത്തി, മരുമകൻ 250 കോടി കൊണ്ടുപോയി മകൾ 500 കോടി നേടി തുടങ്ങിയ ആരോപണങ്ങൾ ഒന്നുമില്ലെന്ന് ഗാന്ധി കുടുംബത്തെ പരാമർശിച്ചുകൊണ്ട് മോദി പറഞ്ഞു.

ഉപനിഷത്തുകളെക്കുറിച്ചു ചർച്ച ചെയ്തുകൊണ്ടിരുന്ന നാമിപ്പോൾ ഉപഗ്രഹങ്ങളെക്കുറിച്ചാണു സംസാരിക്കുന്നത്. ശാസ്ത്രമേഖലയിൽ ഇന്ത്യയുടെ വളർച്ചയെക്കുറിച്ചാണ് ഇതു സൂചിപ്പിക്കുന്നത്. സമാധാനത്തിനുവേണ്ടി പ്രവർത്തിക്കുന്നവരാണ് നമ്മൾ. കാരണം മഹാത്മ ഗാന്ധിയുടെയും ഗൗതമ ബുദ്ധന്റെയും നാട്ടിൽ നിന്നാണ് നാം വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകം നേരിടുന്ന രണ്ടു വലിയ വെല്ലുവിളികൾ തീവ്രവാദവും ആഗോളതാപനവും ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. തീവ്രവാദത്തെക്കുറിച്ച് താൻ ലോക നേതാക്കൾക്ക് കത്തെഴുതിയിട്ടുണ്ട്. തീവ്രവാദികളും മാനവപക്ഷവാദികളെയും വേർതിരിച്ചു കാണണം. തുടക്കത്തിൽ തീവ്രവാദത്തെ ലഘൂകരിച്ചുകണ്ട അമേരിക്ക അതിന്റെ വിപത്ത് മനസിലാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇവിടുത്തെ ജീവനക്കാർക്ക് ഇതേക്കുറിച്ച് അവബോധം നൽകുന്നതിനുള്ള ക്ലാസുകളും നൽകുന്നുണ്ട്. അഹിംസ എന്ന സന്ദേശം ലോകത്തിനുനൽകിയ രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ തീവ്രവാദത്തെ തുടച്ചുനീക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യ മുൻപന്തിയിൽ ഉണ്ടാകുമെന്നും മോദി പറഞ്ഞു.

നൂറു കണക്കിന് ഇന്ത്യക്കാരാണ് മോദിയുടെ പ്രസംഗം കേൾക്കാൻ സാപ് സെന്ററിൽ എത്തിയത്. മോദിയുടെ വാക്കുകളെ ആവേശത്തോടെയാണ് ജനങ്ങൾ ഏറ്റുവാങ്ങിയത്. കൈയടികളോടെയാണ് ഓരോരുത്തരും മോദിയുടെ പ്രസംഗത്തെ സ്വീകരിച്ചത്.