പാനൂർ: മരണത്തിൽനിന്ന് കുഞ്ഞനിയത്തിയെ നെഞ്ചോട് ചേർത്തുപിടിച്ച അഹ്നാസിനെ തേടി അഭിന്ദന പ്രവാഹം ജീവിതത്തിലേക്ക്. കിണറ്റിൽ വീണ രണ്ടര വയസ്സുകാരി ഫൈഹക്ക് രക്ഷകനായത് അഞ്ചാം ക്‌ളാസുകാരനായ ചേട്ടനായിരുന്നു. അഹ്നാസിന്റെ ധീരതയെ അഭിനന്ദിക്കാൻ ആളുകൾ മാക്കൂൽ പീടികയിലെ പാറേമ്മൽ വീട്ടിൽ ഇപ്പോഴും എത്തുകയാണ്. സഹോദരിമാരായ ബദറുന്നിസ, സാജിദ എന്നിവരുടെ മക്കളാണ് അഹ്നാസും ഫൈഹയും. ഇവർ ഒരു വീട്ടിലാണ് താമസിക്കുന്നത്.

കുഞ്ഞനിയത്തി കിണറ്റിൽ വീണപ്പോൾ 11 വയസ്സുകാരൻ അഹ്നാസ് മറ്റൊന്നും ചിന്തിച്ചില്ല. 12 കോൽ താഴ്ചുള്ള കിണറ്റിൽ ചാടി കുഞ്ഞുപെങ്ങളെ മാറോടുചേർത്ത് കിണറിന്റെ പടവിൽ പിടിച്ചുനിന്നു. മാക്കൂൽപീടികയിലെ പാറേമ്മൽ ഹൗസിൽ അഹ്നാസാണ് രണ്ടരവയസ്സുകാരി ഫൈഹയെ ജീവിതത്തിലേക്ക് കരകയറ്റിയത്. വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. അഹ്നാസ് കുളിക്കുന്നതിനിടയിൽ ഫൈഹ കുളിമുറിയിലത്തെുകയായിരുന്നു. കിണറ്റിലേക്ക് എത്തിനോക്കിയ ഫൈഹ പെട്ടെന്ന് വഴുതിവീണു.

ഉടൻ 12 കോലോളം ആഴമുള്ള കിണറ്റിലേക്ക് അഹ്നാസ് എടുത്തുചാടി. കുളിമുറിയിൽ നിന്ന് വൻ ശബ്ദം കേട്ട് ഓടിയത്തെിയ വീട്ടുകാർ കണ്ടത് അനിയത്തിയെ മാറോടടക്കിപ്പിടിച്ച് കിണറിന്റെ പടയും പിടിച്ച് നിൽക്കുന്ന അഹ്നാസിനെയാണ്. വീട്ടുകാരുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയത്തെി. വീട്ടുകാരുടെ നിലവിളികേട്ട് ഓടിയെത്തിയവരിൽ പരിസരവാസിയായ കെ.പി.റിജോയ് കിണറ്റിലിറങ്ങി അഹ്നാസിന്റെ കൈയിൽനിന്ന് ഫൈഹയെ ഏറ്റെടുത്തു. അഹ്നാസിനെ പരിസരവാസികൾ കരക്ക് കയറ്റി. അപ്പോഴേക്കും സ്ഥലത്തെത്തിയ പാനൂർ അഗ്‌നിരക്ഷാസേന ഫൈഹയേയും കരക്കെത്തിച്ചു.

നിസ്സാര പരിക്കുകളോടെ ഇരുവരെയും പാനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പിന്നീട് വീട്ടിലുമെത്തി. സംഭവമറിഞ്ഞ് മന്ത്രി കെ.പി. മോഹനൻ നേരിട്ടെത്തി അഹ്നാസിനെ അഭിനന്ദിച്ചു.