കൊച്ചി: പ്രമുഖ വ്യവസായിയും ബിആർഡി ഗ്രൂപ്പ് ചെയർമാനുമായ സി.സി. വില്യംസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്യുമ്പോൾ നടപടികൾ ഭയക്കുന്നത് കുന്നംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷെയർ മാർക്കറ്റിങ് കമ്പനിയുടെ മറവിൽ കോടികളുടെ നിക്ഷേപ തട്ടിപ്പിലൂടെ നേട്ടമുണ്ടാക്കിയ രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖരും. നിരവധി ബിസിനസ് സംരംഭങ്ങളുള്ള ബിആർഡി ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് 5000 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി നിക്ഷേപകർ ആരോപിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ മടിച്ച ഈ വാർത്ത 2017 സെപ്റ്റംബറിൽ മറുനാടൻ വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. ഈ ആരോപണങ്ങൾ ശരിവയ്ക്കും വിധമാണ് ഇപ്പോഴത്തെ കേസ്.

നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് വില്യംസിനെ അറസ്റ്റ് ചെയ്യുന്നത്. വിദേശത്ത് നിന്നും 9 കോടി രൂപ നിക്ഷേപം സ്വീകരിച്ചെന്നതാണ് വില്യംസിനെതിരായ കേസ്. ഓഹരി നിക്ഷേപം എന്ന പേരിൽ ജനങ്ങളിൽ നിന്നും കോടിക്കണക്കിന് രൂപയാണ് വില്യംസ് തട്ടിയെടുത്തതെന്നാണ് പരാതി. വില്യംസിന്റെ സ്ഥാപനം 15 മുതൽ 18 ശതമാനം വരെ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. കഴിഞ്ഞ ദിവസം ബിആർഡി ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും നിർണായക രേഖകൾ പിടിച്ചെടുത്തതായാണ് റിപ്പോർട്ട്. കോടതിയിൽ ഹാജരാക്കിയ വില്യംസിനെ ഏഴു ദിവസത്തേക്ക് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു. ഈ തട്ടിപ്പിനെതിരെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ നിക്ഷേപകരിൽ പലരും പരാതി നൽകിയെങ്കിലും ഉന്നത രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് തുടർ നടപടികളുണ്ടായില്ല. സംഭവം പുറംലേകമറിയാതെ ഒത്തുതീർക്കാനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടന്നത്. ഈ കേസിലാണ് ഇഡി ഇടപെടൽ.

മറുനാടൻ 2017ൽ നൽകി വാർത്തയിലേക്ക്: സിനിമാക്കാരിയായ അവതാരകയും മുൻ കോൺഗ്രസ് എംപിയും കുടപിടിച്ചു; ഓർത്തഡോക്‌സ് ബിഷപ്പുമാരും ഒപ്പം കൂടി; പാവങ്ങളെ പറ്റിച്ച് വില്യം വർഗ്ഗീസ് നടത്തിയത് 5000 കോടിയുടെ ഓഹരി കുംഭകോണം; പരാതികൾ പുറംലോകം അറിയാതെ ഒതുക്കി തീർക്കാൻ ചരട് വലിക്കുന്നതും വിവിഐപികൾ: തൃശൂരിലെ ഷെയർമാർക്കറ്റിങ് തട്ടിപ്പിൽ പെട്ടുപോയത് ആയിരങ്ങൾ'

 കമ്പനിയുടെ ചെയർമാൻ സി.സി. വില്യംസ് വർഗീസ് തൃശൂരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും മതമേലധ്യക്ഷന്മാരുടെയും തണലിൽ കോടികൾ നിക്ഷേപമായി പിരിച്ചെടുത്ത് തട്ടിപ്പു നടത്തിയത്. മുൻപാർലമെന്റ് അംഗമായിരുന്ന ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവിന്റെ പിന്തുണയും കള്ളപ്പണ നിക്ഷേപവുമാണ് വില്യംസ് വർഗീസിന്റെ തട്ടിപ്പുകൾക്ക് കരുത്തുപകരുന്നതെന്നാണ് ആക്ഷേപം. സിനിമാക്കാരിയായ ടെലിവിഷൻ അവതാരകയ്ക്ക് നേരേയും ആരോപണങ്ങൾ നീണ്ടിരുന്നു. 1990ൽ കുന്നംകുളം ആസ്ഥാനമായി ബി രമാദേവി എന്ന വീട്ടമ്മയാണ് ബിആർഡി എന്ന പേരിൽ ഓഹരി വിപണന കേന്ദ്രം ആരംഭിക്കുന്നത്. 1993-ൽ ആണ് ഇത് ധനകാര്യ സ്ഥാപനമായി രജിസ്റ്റർ ചെയ്യുന്നത്. ഇതിനിടെ വില്യംസ് വർഗീസ് ഈ സ്ഥപനം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ബിആർഡി സെക്യൂരിറ്റീസ്, ബിആർഡി ഫിനാൻസ്, ബിആർഡി മോട്ടോഴ്സ്, ബിആർഡി കാർ വേൾഡ് എന്നീ സ്ഥാപനങ്ങളെ ചേർത്ത് ബിആർഡി ഗ്രൂപ്പ് ഓഫ് കമ്പനീസ് രൂപീകരിച്ചു.

അങ്ങനെ കുന്നംകുളം അങ്ങാടിയിൽ തുടങ്ങിയ ചെറുസ്ഥാപനം വില്യംസിനു കീഴിൽ വൻകമ്പനിയായി പടർന്നു പന്തലിച്ചു. ഓർത്തഡോക്സ് ബിഷപ്പുമാരുടെയും കോൺഗ്രസ് നേതാവിന്റെയും തണലിൽ ഓഹരി വിറ്റഴിച്ച് കോടികളുടെ നിക്ഷേപമാണുണ്ടാക്കിയത്. നിക്ഷേപകർ പണം ആവശ്യപ്പെട്ട് രംഗത്തു വന്നതോടെ ഫോൺ എടുക്കാൻ പോലും തയ്യാറാകാത്ത വില്യംസ് വർഗീസ് തൃശൂർ ശോഭ സിറ്റിയിലെ കോടികൾ വിലമതിക്കുന്ന വില്ലയിലും സ്വന്തം സ്ഥാപനമായ ആയുർ ബഥാനിയയിലുമായി സ്വൈരവിഹാരം നടത്തി. ഓർത്തഡോക്സ് ബിഷപ്പുമാർ ചുക്കാൻ പിടിച്ച ഈ തട്ടിപ്പു കമ്പനിയുടെ അരങ്ങത്തും അമരത്തും കേരളത്തിലെ എംപി.മാരും രാഷ്ട്രീയ പ്രമാണിമാരും പൊലീസ് സേനയിലെ ഉന്നതരും പ്രവാസി വ്യവസായികളും സിനിമാലോകത്തെ മിന്നും താരങ്ങളുമാണ് നിലയുറപ്പിച്ചിരുന്നത്. കബളിപ്പിക്കപ്പെട്ടത് കുറെ വീട്ടമ്മമാരും നാട്ടുകാരും ചോര നീരാക്കി പണമുണ്ടാക്കിയ പ്രവാസികളുമാണ്.

കേവലം 10 രൂപ മാത്രം മുഖവിലയുള്ള 5000 ഓഹരികളുടെ 12000 യുണിറ്റാണ് ബി.ആർ.ഡിക്കുള്ളതെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. സി.സി. വില്യംസ് വർഗീസിന്റെ എസ്.എം.എൽ. എന്ന സ്ഥാപനത്തിലും ആയുർ ബഥാനിയ എന്ന ആശുപത്രിയിലും അദ്ദേഹത്തോട് വളരെ അടുപ്പമുള്ള സ്ത്രീകളുടെ പേരിലുമായി കള്ള നിക്ഷേപമായി ഒളിഞ്ഞുകിടപ്പുണ്ടെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, ബിനാമികളുടെ പേരിൽ റിയൽ എസ്‌റേറ്റ് കച്ചവടങ്ങൾ നടന്നതായി ആരോപണമുണ്ട്. ആദായനികുതി നികുതി വകുപ്പ് നടത്തിയ പരിശോധനയിലും ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ഇഡിയുടെ നടപടിയിലേക്ക് കാര്യങ്ങൾ എത്തിയത്.

കമ്പനിയുടെ ആദ്യകാല പ്രൊമോട്ടറും ഡയറക്ടറുമായിരുന്ന ബാലകൃഷ്ണൻ രാജിവച്ചിരുന്നു. ഓഡിറ്റർ തയ്യാറാക്കിയിരുന്ന കമ്പനിയുടെ ബാലൻസ് ഷീറ്റും പ്രോഫിറ്റ് ആൻഡ് ലോസ് അക്കൗണ്ടും വിശ്വസനീയമായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ബാലകൃഷ്ണന്റെ രാജി.