ഗോരഖ്പുർ: ഒന്നിലധികം കുഞ്ഞുങ്ങൾ ദിവസേന മരിച്ചു വീഴുമ്പോഴും ബാബാ രാഘവ്ദാസ് മെഡിക്കൽ കോളജിൽ അധികൃതരുടെ കെടുകാര്യസ്ഥത അവസാനിക്കുന്നില്ല.

നായ്ക്കളും പശുക്കളും വിഹരിക്കുന്ന വൃത്തിഹീനമായ വാർഡുകളിലാണ് മസ്തിഷ്‌കത്തിലെ അണുബാധയ്ക്കു ചികിൽസ തേടിയെത്തുന്ന കുഞ്ഞുങ്ങളെ പാർപ്പിക്കുന്നത്. കൂടാതെ ആവശ്യത്തിനു മരുന്നു കരുതിവയ്ക്കാതെ രോഗികളെ മരുന്നു കടകളിലേക്കു പറഞ്ഞയയ്ക്കുകയും ചെയ്യുന്നു.

മാറാല പിടിച്ച പ്ലാസ്റ്റർ മുറിയും എക്‌സ് റേ യൂണിറ്റുമാണ് ബിആർഡി ആശുപത്രിയിലേത്. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവിടെ എക്‌സ് റേ യൂണിറ്റ് പ്രവർത്തിക്കുന്നത്. ഉത്തർപ്രദേശ് സർക്കാരിന്റെ മാതൃക ആശുപത്രിയിലാണ് ഇത്തരത്തിലൊരു അവസ്ഥ. മസ്തിഷ്‌ക ജ്വരം ബാധിച്ച ഒട്ടേറെ കുഞ്ഞുങ്ങളാണ് ഓരോ ദിവസവും ഇവിടെ ചികിൽസ തേടിയെത്തുന്നത്.

ഓക്‌സിജൻ വിതരണം ചെയ്തിരുന്ന കമ്പനിക്ക് പണം കൊടുക്കാതെ വന്നതോടെ അവർ ഓക്‌സിജൻ വിതരണം നിർത്തിവച്ചതാണ് എഴുപതോളം കുഞ്ഞുങ്ങൾ മരിക്കാൻ കാരണമായത്. 63 ലക്ഷം രൂപയുടെ കുടിശികയാണ് ആശുപത്രി അധികൃതർ വരുത്തിയിരുന്നത്.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടികൾ തുടങ്ങിയെങ്കിലും കുട്ടികളുടെ മരണം തടയാൻ കഴിയാത്തത് ഉത്തർപ്രദേശിലെ സ്ഥിതി ഗുരുതരമാക്കുന്നതിനിടെയാണ് ആശുപത്രിയിലെ ദയനായാവസ്ഥ സംബന്ധിച്ച വാർത്തകൾ പുറത്തു വരുന്നത്.

ഓക്സിജൻ വിതരണം പൂർണതോതിൽ പുനഃസ്ഥാപിച്ചെങ്കിലും മസ്തിഷ്‌കജ്വരം ബാധിച്ച് ഒട്ടേറെ കുട്ടികളാണു ദിവസവും ആശുപത്രിയിലെത്തുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. യുപി, ബിഹാർ സംസ്ഥാനങ്ങളിലെ കുട്ടികൾക്കു പുറമേ നേപ്പാളിൽനിന്നുള്ള കുട്ടികളും ഇവിടെ ചികിൽസ തേടുന്നുണ്ട്.

മുൻപു ജപ്പാൻജ്വരമായിരുന്നു ഉത്തർപ്രദേശിൽ കുട്ടികളുടെ ജീവൻ കവർന്നതെങ്കിൽ, ഇപ്പോൾ 'എന്റെറോ വൈറൽ' എന്ന മസ്തിഷ്‌കജ്വരമാണു മരണകാരണമാവുന്നത്. കുട്ടികളുടെ മരണം സംബന്ധിച്ച ആശുപത്രി രേഖകളും നൽകിയ ചികിൽസയുമെല്ലാം വിശദമായി പരിശോധിച്ചെന്നും ഓക്സിജൻ കിട്ടാതെയാണു കുട്ടികൾ മരിച്ചതെന്നു കരുതുന്നില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽനിന്നുള്ള വിദഗ്ധരുടെ സംഘം പറയുന്നത്.