കൊല്ലം: കുണ്ടറ നാന്തിരിക്കലിൽ പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യചെയ്ത പത്ത് വയസുകാരി അനിലയുടെ സഹോദരിയെയും മുത്തച്ഛൻ വിക്ടർ ഡാനിയേൽ പലതവണ പീഡിപ്പിച്ചതായി തെളിഞ്ഞു. കുട്ടിയെ ആത്മഹത്യയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ സഹോദരി തന്നെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച മുതൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു. മൂത്ത കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കുണ്ടറ എസ്.ഐ പ്രത്യേകം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കൊല്ലം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കേസിൽ കുട്ടിയുടെ അമ്മൂമ്മ ലതയെ (55) രണ്ടാം പ്രതിയാക്കും. വിക്ടർ ഡാനിയേലിന്റെ ഭാര്യയാണ് ലത. അനിലയെയും ചേച്ചിയെയും പീഡിപ്പിക്കാൻ ഇവർ ഒത്താശ നൽകിയതായി അന്വേഷണസംഘം കണ്ടെത്തി. കുട്ടികൾ പലപ്പോഴും പരാതിപ്പെട്ടെങ്കിലും ലത അത് കാര്യമാക്കിയില്ല. മനഃശാസ്ത്ര വിദഗ്ദ്ധരുടെ സഹായത്തോടെയുള്ള ചോദ്യംചെയ്യലിൽ ലത തന്നെ ഇക്കാര്യങ്ങൾ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ മാതാവ് ഷീജയ്ക്ക് വിക്ടറിന്റെ പ്രവൃത്തികൾ ഇഷ്ടമായിരുന്നില്ല.

മക്കളുടെ പഠനച്ചെലവും വീട്ടുകാര്യങ്ങളും നോക്കുന്നത് വിക്ടർ ആയതിനാൽ അയാളെ എതിർക്കാനും കഴിഞ്ഞിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. അനിലയുടെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോൾ സംഭവങ്ങൾ മറച്ച് വച്ചത് മറ്റൊരു മകൾ കൂടി ഉള്ളതുകൊണ്ടാണെന്ന് ഇവർ പറഞ്ഞു. വിക്ടറിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തിയ ശേഷമേ അന്തിമ പ്രതിപ്പട്ടിക തയ്യാറാക്കുകയുള്ളൂ. കുട്ടിയുടെ അമ്മയും പ്രതിപട്ടികയിൽ ഉണ്ടാകുമോ എന്ന് അതിന് ശേഷം മാത്രമേ വ്യക്തമാകൂ.

വിക്ടറിന്റെ മകൻ, വിക്ടറിന്റെ ഭാര്യ എന്നിവരുടെ മൊഴികളിൽ നിന്നാണ് പത്ത് വയസുകാരിയെ പീഡിപ്പിച്ചത് മുത്തച്ഛൻ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. മരിച്ചതിന്റെ തലേദിവസം ഉച്ചയ്ക്ക് 12 മണിക്കും നാന്തിരിക്കലിലെ വീട്ടിൽ വച്ച് വിക്ടർ പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി. പ്രതിയുടെ വീട്ടിൽ വച്ച് നേരത്തേ പലതവണ പീഡിപ്പിച്ചിട്ടുണ്ട്. മാനഭംഗം (375), പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം (377), കുട്ടികളെ അത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ (305) എന്നീ വകുപ്പുകൾക്ക് പുറമേ കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തിനെതിരെയുള്ള പോക്‌സോ ആക്ടും വിക്ടറിനെതിരെ ചുമത്തി.

വിക്ടർ തന്നെയാണ് ജനുവരി 15ന് പെൺകുട്ടിയെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയ വിവരം കുണ്ടറ പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. പെൺകുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ശരീരത്തിൽ മുറിവുകളുണ്ടായിരുന്നെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നെങ്കിലും പൊലീസ് കാര്യമായെടുത്തില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കാര്യക്ഷമമായ അന്വേഷണം തുടങ്ങിയത്. ഇതേദിവസം തന്നെ വിക്ടർ, പെൺകുട്ടിയുടെ അമ്മ, മുത്തശ്ശി എന്നിവരെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യംചെയ്യലിനോട് ഇവർ സഹകരിച്ചില്ല.

വിക്ടറെ ആദ്യംമുതൽ പൊലീസ് സംശയിച്ചിരുന്നു. പെൺകുട്ടിയുടെ അമ്മ അന്വേഷണസംഘത്തോട് ഇനിയും സഹകരിക്കാൻ തയ്യാറായിട്ടില്ലെന്നാണ് സൂചന.