പൊതുസ്ഥലത്തിരുന്ന് കുഞ്ഞിനെ മുലയൂട്ടാൻ നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് ഇപ്പോഴും ധൈര്യമുണ്ടാകില്ല. എന്നാൽ, ഐസ്‌ലൻഡിലെ ഈ എംപി അവർക്കൊക്കെ ഒരു ഊർജമാകട്ടെ. തന്റെ ഒന്നരമാസം പ്രായമുള്ള കുഞ്ഞുമായി പാർലമെന്റിലെത്തിയ എംപി കുഞ്ഞിന് മുലയൂട്ടാൻ തുടങ്ങിയപ്പോഴാണ് പ്രസംഗിക്കാൻ വിളിവന്നത്. മുലയൂട്ടൽ അവസാനിപ്പിക്കാതെ, പ്രസംഗം അവർ തുടർന്നു.

ഉന്നുർ ബ്രാ കോൺറാഡ്‌സ്‌ഡോട്ടിർ എന്ന എംപിയുടെ മുലയൂട്ടലിനെ മാതൃത്വത്തിന്റെ ഉദാത്തമായ പ്രതീകമായി ആഘോഷിക്കുകയാണ് ഫെമിനിസ്റ്റുകൾ. തീവ്രവലതുപക്ഷ കക്ഷിയായ ഇൻഡിപ്പെൻഡൻസ് പാർട്ടിയുടെ എംപിയാണ് ഉന്നുർ. കുഞ്ഞിന് മുലയൂട്ടുന്നത് സ്വാഭാവികമായ പ്രവർത്തിയാണെന്നും അതിന് ഇത്രയും പ്രധാന്യം നൽകേണ്ട കാര്യമില്ലെന്നും ഉന്നുർ പറയുന്നു.

പാർലമെന്റിൽ കുടിയേറ്റംസംബന്ധിച്ച ചർച്ച നടക്കുന്നതിനിടെയായിരുന്നു ഉന്നുറിന് പ്രസംഗിക്കേണ്ടിവന്നത്. ഐസ്‌ലൻഡിന്റെ ചരിത്രത്തിലാദ്യമായാണ് മുലയൂട്ടിക്കൊണ്ട് എംപി പ്രസംഗിക്കുന്നതെന്ന് മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്നു. ലോകമെങ്ങുമുള്ള ഫെമിനിസ്റ്റുകളും ഉന്നുറിന്റെ പ്രവർത്തിയെ ആഘോഷിക്കുന്നു.

പ്രസംഗിക്കാനുള്ള തന്റെ ഊഴം അപ്പോൾ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഉന്നുർ പറഞ്ഞു. കുഞ്ഞിന് മുല കൊടുത്തു തുടങ്ങിയപ്പോഴാണ് പ്രസംഗിക്കാൻ വിളിച്ചത്. കുഞ്ഞിനെ നിരാശപ്പെടുത്താനും വയ്യ, പ്രസംഗിക്കാതിരിക്കാനും വയ്യ എന്ന അവസ്ഥയിലായിരുന്നു താനെന്നും ഉന്നുർ പറഞ്ഞു.

താൻ ഉന്നയിച്ച ഒരു കാര്യത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടി പറയുന്നതിനാണ് ഉന്നുറിന് പ്രസംഗിക്കേണ്ടിവന്നത്. താൻ ഉത്തരം പറയേണ്ട ഘട്ടമായതിനാൽ, പ്രസംഗിക്കാൻ ഉന്നുർ തീരുമാനിക്കുകയായിരുന്നു. മൂന്ന് മക്കളുടെ അമ്മയാണ് ഉന്നുർ.