തിരുവനന്തപുരം: ബ്രൂവറി വിവാദത്തിൽ സംസ്ഥാന സർക്കാറിന് മേൽ സമ്മർദ്ദം മുറുകുന്നു. ഇടപാടിൽ അടിമുടി ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബ്രൂവറി വിവാദത്തിൽ എക്‌സൈസ് വകുപ്പിന്റെ പേരിലിറങ്ങിയ വാർത്താക്കുറിപ്പിലും അട്ടിമറി നടന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പ് വ്യാജമാണോ എന്ന സംശയം ചൂണ്ടിക്കാട്ടി അഡീഷണൽ ചീഫ് സെക്രട്ടറി ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു. ഈ വിഷയത്തിൽ അന്വേഷണം വേണമെന്നുമാണ് ആവശ്യം.

വാർത്താക്കുറിപ്പ് വ്യാജമാണോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ് ആഭ്യന്തരസെക്രട്ടറിക്ക് കത്ത് നൽകിയത്. വകുപ്പ് തല അന്വേഷണത്തിന് ഡെപ്യൂട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തി. പ്രതിപക്ഷനേതാവിന് മറുപടിയായിട്ടായിരുന്നു വാർത്താക്കുറിപ്പ് നൽകിയത്. എക്‌സൈസ് വകുപ്പിന് കീഴിൽ നടന്ന ഈ ഇടപാടിന് പിന്നിൽ അട്ടിമറികൾ നടന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് തുടക്കം മുതൽ പുറത്തുവന്നത്.

എക്‌സൈസ് ആസ്ഥാനത്തെ സേവനങ്ങൾ ഓൺലൈനാക്കാനുള്ള പട്ടികയിൽനിന്ന് ഡിസ്റ്റിലറി, ബ്രൂവറി അപേക്ഷകൾ വെട്ടിമാറ്റിയതും ഇതിന്റെ ഭാഗമായാണെന്നാണ് പുറത്തുവരുന്ന സൂചന. എക്‌സൈസ് ആസ്ഥാനത്തെ വിവിധ സേവനങ്ങളുടെ പട്ടിക തയ്യാറാക്കിയപ്പോൾ അതിൽ ബ്രൂവറി, ഡിസ്റ്റിലറി അപേക്ഷകളെക്കുറിച്ചും പരാമർശമുണ്ടായിരുന്നു. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ തയ്യാറാക്കിയ സർവീസ് പ്ലസ് എന്ന ഓൺലൈൻ സംവിധാനത്തിലേക്ക് ഈ പട്ടിക നൽകിയപ്പോൾ ബ്രൂവറി, ഡിസ്റ്റിലറി അപേക്ഷകൾ ഒഴിവാക്കപ്പെട്ടു.

പരിഗണനയിലുള്ള പുതിയ അപേക്ഷകളുടെ രഹസ്യസ്വഭാവം സൂക്ഷിക്കാനാണ് ഓൺലൈനിൽനിന്ന് അവസാനഘട്ടത്തിൽ ഇവ ഒഴിവാക്കിയതെന്നാണ് ആരോപണം. ഇത് ചിലർക്ക് വേണ്ടി നടത്തിയ വഴിവിട്ട ഇടപാടുകൾ തെളിയിക്കുന്നതാണെന്നാണ് ആരോപണം. ഡിസ്റ്റിലറി ഇടപാടിൽ അപേക്ഷകരെ വഴിവിട്ട് സഹായിച്ചെന്ന് ആരോപണമുള്ള, മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമാണ് ഇതിന് നിർദ്ദേശം നൽകിയതെന്ന് അറിയുന്നു. ഡിസ്റ്റിലറിയുമായി ബന്ധപ്പെട്ട പ്രധാന സേവനങ്ങളിൽ പുതിയ അപേക്ഷകൾ മാത്രമാണ് ഒഴിവാക്കപ്പെട്ടത്.

ബാർ ലൈസൻസ് ഉൾപ്പെടെ സങ്കീർണമായ ഒട്ടേറെ അപേക്ഷകൾ ഓൺലൈനിൽ ഉൾക്കൊള്ളിച്ചപ്പോഴാണ് താരതമ്യേന ലളിതമായ നടപടിക്രമങ്ങളുള്ള ബ്രൂവറി, ഡിസ്റ്റിലറി അപേക്ഷകൾ ഓൺലൈനിൽനിന്ന് ഒഴിവാക്കപ്പെട്ടത്. പുതിയ അപേക്ഷകളിലെ ക്രമക്കേട് ഒളിപ്പിച്ചുവയ്ക്കാനായിരുന്നു ഇതെന്നാണ് ആരോപണം. ഇടതുസർക്കാർ അധികാരത്തിൽവന്ന് ആറുമാസങ്ങൾക്കുശേഷമാണ് ഓൺലൈൻ പദ്ധതിക്ക് അന്തിമരൂപം നൽകിയത്. തുടങ്ങിയ വർഷം ഇ-ട്രഷറിയുമായി ബന്ധപ്പെടുത്തി 79 കോടി രൂപയുടെ ഫീസാണ് ഓൺലൈനിലൂടെ സ്വീകരിച്ചത്. ഉദ്ഘാടനവേളയിൽ 22 സേവനങ്ങളിൽ 16 എണ്ണം ഓൺലൈനാക്കിയിട്ടുണ്ടെന്നും ശേഷിക്കുന്ന ആറെണ്ണം ഉടൻ ഓൺലൈനാക്കുമെന്നും എക്‌സൈസ് കമ്മിഷണർ പത്രക്കുറിപ്പിൽ അറിയിച്ചിരുന്നു. എന്നാൽ, തുടർനടപടി ഉണ്ടായില്ല.

പുതിയ അപേക്ഷ ഒഴിവാക്കിയെങ്കിലും ഡിസ്റ്റിലറിയുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങളെല്ലാം ഈ സമയം ഓൺലൈനിൽ എത്തിയിരുന്നു. മദ്യനിർമ്മാണത്തിനുവേണ്ടിയുള്ള സ്പിരിറ്റ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കാത്തതിനാൽ പുറമേനിന്നു കൊണ്ടുവരാനുള്ള അനുമതിയും ഓൺലൈനിൽ നേടാം. ഡിസ്റ്റിലറികൾക്കുവേണ്ട എക്സ്ട്രാ നൂട്രൽ ആൾക്കഹോൾ, റെക്ടിഫൈഡ് സ്പിരിറ്റ്, ഗ്രേപ്പ് സ്പിരിറ്റ് തുടങ്ങി ഏഴുതരം സ്പിരിറ്റുകൾക്ക് ഓൺലൈനിൽ പെർമിറ്റ് എടുക്കാം.

അതിനിടെ ഈ വിവാദത്തിൽ ബ്രൂവറി, ഡിസ്റ്റിലറി വിവാദം സംബന്ധിച്ചു വിമർശനം ഉന്നയിക്കാൻ സിപിഐ മന്ത്രിമാർ തയ്യാറെടുക്കുന്നുണ്ടെന്നും സൂചനയുണ്ട്. ഈ വിഷയത്തെ കുറിച്ച് എന്തെങ്കിലും മന്ത്രിസഭയിൽ വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറായില്ല. മന്ത്രിസഭയിൽ ചർച്ച നടത്താതെ ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിക്കുകയും തുടർന്നു വിവാദമായപ്പോൾ റദ്ദാക്കുകയും ചെയ്തതിൽ തങ്ങളുടെ നിലപാടു വ്യക്തമാക്കാൻ രാവിലെ മന്ത്രിസഭാ യോഗത്തിനു മുൻപു സിപിഐ മന്ത്രിമാർ യോഗം ചേർന്നിരുന്നു. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിക്കുകയാണെങ്കിൽ ബ്രൂവറി വിവാദം സർക്കാരിനുണ്ടാക്കിയ ക്ഷീണം വ്യക്തമാക്കണമെന്നു പാർട്ടി നേതൃത്വം മന്ത്രിമാർക്കു നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സിപിഐ മന്ത്രിമാർ യോഗം ചേർന്നു വിമർശനം ഉന്നയിക്കാൻ തീരുമാനിച്ചത്.

ബ്രൂവറിക്കുള്ള അനുമതി റദ്ദാക്കിയെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിൽ മന്ത്രിസഭയിൽ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ഇക്കാര്യം വിശദീകരിക്കുമെന്നായിരുന്നു ഘടകകക്ഷി മന്ത്രിമാരുടെ പ്രതീക്ഷ. എന്നാൽ, യോഗത്തിൽ മുഖ്യമന്ത്രിയോ എക്‌സൈസ് മന്ത്രിയോ ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ല.

അതിനിടെ ഇന്നലെയും വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പുറത്തുവന്നിരുന്നു. 2016-ൽ അബ്കാരി നയം എതിരെന്ന് കാട്ടി അനുമതി നിഷേധിച്ച ബ്രൂവറി കമ്പനിക്ക് 2018-ൽ അനുമതി നൽകിയ റിപ്പോർട്ട് പുറത്ത് വന്നു. മുഖ്യമന്ത്രിക്ക് നേരിട്ടാണ് 2018-ൽ അപേക്ഷ നൽകിയിരിക്കുന്നത്. അപ്പോളോ കമ്പനിയുടെ ബ്രൂവറിക്ക് 28-7-2016 ലാണ് നികുതി വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി അനുമതി നിഷേധിച്ചത്. നിലവിലെ ചട്ടപ്രകാരം കമ്പനിക്ക് ബ്രൂവറി തുടങ്ങാൻ ആവില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. അതേ ബ്രൂവറിക്കാണ് രണ്ടു വർഷങ്ങൾക്ക് ശേഷം ഈ സർക്കാർ തന്നെ അനുമതി നൽകിയത് എന്നതാണ് ശ്രദ്ധേയം.

അപ്പോളോ ഡിസ്റ്റലറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ചെയർമാനായ പുരുഷോത്തമൻ കേരള മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി കമ്മീഷർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് എക്സൈസ് വകുപ്പ് തന്നെ വ്യക്തമാക്കുന്നുണ്ട്. പുരുഷോത്തമനുമായി മുഖ്യമന്ത്രിക്ക് നേരത്തെ തന്നെ അടുത്ത ബന്ധമാണുള്ളത്. ബ്രൂവറി ആരോപണം മുഖ്യമന്ത്രിയുടെ നേർക്ക് വരുന്ന സാഹചര്യത്തിൽ സർക്കാർ കൂടുതൽ പ്രതിരോധത്തിലാവും.

28-6-2018-ലാണ് അപ്പോളോയ്ക്ക് അനുമതി നൽകിയുള്ള ഉത്തരവ്. അബ്കാരി നയത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ഈ രണ്ടു വർഷത്തിനിടെ വന്നിട്ടില്ല. എന്നാൽ നേരത്തെ അബ്കാരി നയം പ്രകാരം അനുമതി നിഷേധിച്ച കമ്പനിക്ക് രണ്ടു വർഷത്തിന് ശേഷം അനുമതി നൽകുകയും ചെയ്തിരിക്കുന്നു എന്നതാണ് ദുരൂഹതയുണർത്തുന്നത്.