യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിന് ആർട്ടിക്കിൾ 50 പ്രകാരമുള്ള വിലപേശൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മാർച്ച് 29ന് ആരംഭിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരണമുണ്ടായിരിക്കുകയാണല്ലോ. എന്നാൽ ഇത് മിക്കവരും ആശങ്കപ്പെടുന്നത് പോലെ വിയോജിപ്പുകൾ നിറഞ്ഞതായിരിക്കുമെന്ന ആശങ്ക ഇപ്പോൾ ശക്തമായിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ പൗരന്മാരെ വിസയില്ലാതെ തുടർന്നും യുകെയിലേക്ക് വരാൻ അനുവദിച്ചില്ലെങ്കിൽ ഫ്രീ ട്രേഡ് എഗ്രിമെന്റിൽ ഏർപ്പെടാൻ യുകെയെ അനുവദിക്കില്ലെന്ന കടുംപിടിത്തത്തിലാണ് യൂണിയൻ എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന് പുറമെ ബ്രെക്സിറ്റിനുള്ള നഷ്ടപരിഹാര മായി യുകെ 5000 കോടി പൗണ്ട് തങ്ങൾക്ക് നൽകിയില്ലെങ്കിൽ നിയമനടപടി യെടുക്കുമെന്നും യൂണിയൻ നേതൃത്വം ഭീഷണി മുഴക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ യൂറോപ്യൻ യൂണിയൻ വിട്ടാലും യുകെയ്ക്ക് തലവേദന ഒഴിയില്ലെന്ന് സാരം.

ചോർന്ന് വന്ന ഒരു രേഖയിലൂടെയാണിക്കാര്യങ്ങൾ വെളിപ്പെട്ടിരിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ നെഗോഷ്യേറ്റിങ് സ്ട്രാറ്റജിയുടെ ഒരു ഡ്രാഫ്റ്റ് കോപ്പിയിലാണിക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഇതനുസരിച്ച് 5000 കോടി പൗണ്ടിന്റെ ഡിവോഴ്സ് ബിൽ അടച്ചില്ലെങ്കിൽ ഹേഗിലെ ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസിൽ യുകെയ്ക്കെതിരെ കേസ് ഫയൽ ചെയ്യാൻ യൂണിയൻ ഒരുങ്ങുകയാണ്. യുകെ പണം നൽകിയില്ലെങ്കില് ഹേഗിലെ കോടതിയിൽ കാണാമെന്ന ഭീഷണി ഈ രേഖയിലൂടെ ഒരു യൂറോപ്യൻ യൂണിയൻ ഒഫീഷ്യൽ മുഴക്കുന്നുമുണ്ട്. എന്നാൽ ഒരു ചില്ലിക്കാശ് പോലും നൽകാതെ ബ്രിട്ടന് യൂറോപ്യൻ യൂണിയൻ വിട്ട് പോകാൻ സാധിക്കുമെന്ന നിയമോപദേശം തെരേസയ്ക്ക് ഗവൺമെന്റ് ലോയർമാരിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നു റിപ്പോർട്ടുണ്ട്. ഒരു ഹൗസ് ഓഫ് ലോർഡ്സ് കമ്മിറ്റിയും ഇതേ നിലപാടാണെടുത്തിരിക്കുന്നത്.

എന്നാൽ ഇതിനെതിരെ മറ്റ് ലീഗൽ ഓപ്ഷനുകൾ സ്വീകരിക്കുന്നതിൽ ബ്രസൽസ് നല്ല ആത്മവിശ്വാസമാണ് പുലർത്തുന്നതെന്നാണ് യൂറോപ്യൻ യൂണിയനിലെ ബ്രിട്ടന്റെ അംബാസിഡറായ സർ ടിം ബാരോ മുന്നറിയിപ്പേകുന്നത്. ഡച്ച് ന്യൂസ്പേപ്പറായ ഡി വോക്സ്‌ക്രാന്റിനാണ് ഇത് സംബന്ധിച്ച രേഖ ചോർന്ന് കിട്ടിയിരിക്കുന്നത്. ബ്രെക്സിറ്റ് എന്ന ആശയത്തിൽ റിമെയിൻ വോട്ടർമാർ ആവേശഭരിതരാണെന്നാണ് അടുത്തിടെ നടന്ന ഒരു പോളിലൂടെ വ്യക്തമായിരുന്നത്. ഇവരിൽ പകുതിയിലേറെ പേരും ഫ്രീഡം ഓഫ് മൂവ്മെന്റിന് അറുതി വരണമെന്ന് ആഗ്രഹിക്കുന്നവരാണ്.

യുകെ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന് വോട്ട് ചെയ്തവരിൽ നല്ലൊരു ഭാഗം പോലും യൂറോപ്യൻ യൂണിയൻ കുടിയേറ്റക്കാർക്ക് നൽകുന്ന വെൽഫെയർ പേമെന്റുകൾ റദ്ദാക്കണമെന്നതിനെ പിന്തുണയ്ക്കുന്നവരാണ്. റഫറണ്ടത്തിൽ ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ടെങ്കിലും ബ്രെക്സിറ്റിന് ശേഷവും ബ്രിട്ടൻ യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാരം നിലനിർത്തണമെന്ന് ആവശ്യപ്പെടുന്നവരാണ് പത്ത് പേരിൽ ഒമ്പത് പേരുമെന്നും വ്യക്തമായിട്ടുണ്ട്. നിരവധി റിമെയിൻ വോട്ടർമാർ സ്വതന്ത്ര സഞ്ചാരം അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്നാണ് നാഷണൽ സെന്റർ ഫോർ സോഷ്യൽ റിസർച്ചിലെ പ്രഫ. ജോൺ കുർട്ടിസ് നടത്തിയ സർവേയിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

ഫെബ്രുവരിക്കും മാർച്ചിനുമിടയിൽ 2322 പേരെ ഉൾപ്പെടുത്തിയാണീ പോൾ നടത്തിയി രിക്കുന്നത്. യൂറോപ്യൻ യൂണിയൻ കുടിയേറ്റക്കാർക്ക് നോൺ യൂറോപ്യന്മാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണീ പോളിൽ പങ്കെടുത്ത 82 ശതമാനം ലീവ് വോട്ടർമാരും 58 ശതമാനം റിമെയിൻ വോട്ടർമാരും ആവശ്യപ്പെട്ടിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ കുടിയേറ്റക്കാർക്ക് ബ്രിട്ടനിൽ വെൽഫെയർ ബെനഫിറ്റുകൾ അനുവദിക്കരു തെന്നാണ് 77 ശതമാനം ലീവ് വോട്ടർമാരും അഭിപ്രായപ്പെടുന്നത്. യൂണിയനുമായി സ്വതന്ത്ര വ്യാപാരം ബ്രെക്സിറ്റിന് ശേഷവും തുടരണമെന്നാണ് 91 ശതമാനം റിമെയിൻ വോട്ടർമാരും 88 ശതമാനം ലീവ് വോട്ടർമാരും ആവശ്യപ്പെടുന്നത്. കോൺസർവേറ്റീവ് വോട്ടർമാരിൽ 93 ശതമാനം പേർ സ്വതന്ത്രവ്യാപാരത്തെ പിന്തുണക്കുന്നുണ്ട്. എന്നാൽ ഇവരിൽ 81 ശതമാനം പേർ സ്വതന്ത്ര സഞ്ചാരത്തെ എതിർക്കുന്നുണ്ട്.