ലണ്ടൻ: ബ്രെക്‌സിറ്റിലൂടെ തകർന്നു കൊണ്ടിരിക്കുന്ന പൗണ്ടിന്റെ രക്ഷയ്ക്ക് അമേരിക്കൻ നീക്കം. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ കുരിശു മരണത്തിനു കളം ഒരുക്കുന്ന അണിയറ നീക്കങ്ങൾ സജീവമാകുകയാണ്.

ക്രൂഡ് ഓയിൽ ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട കളി ആയി ഇതു കാലം വിലയിരുത്തിയേക്കും എന്നു സാമ്പത്തിക വിദഗ്ധരുടെ കണക്കു കൂട്ടൽ. ക്രൂഡ് ഓയിൽ വില പിടിച്ചു കെട്ടി തകർച്ചയുടെ ആക്കത്തിന് വേഗത കുറച്ചു പൗണ്ടിനെ രക്ഷിക്കുക എന്നതാണ് അമേരിക്കയും ബ്രിട്ടനും ചേർന്നു നടപ്പാക്കുന്ന തന്ത്രം.

ഇതിൽ സാമ്പത്തിക, രാഷ്ട്രീയ താൽപ്പര്യങ്ങൾ കെട്ടു പിണഞ്ഞു കിടക്കുന്നതിനാൽ ഇരു വൻ ശക്തി രാജ്യങ്ങൾക്കും നിർണ്ണായകവുമാണ്. പൗണ്ടിന്റെ തകർച്ച വഴി മറ്റു രാഷ്ട്രങ്ങൾ നേട്ടം എടുക്കുന്നതു ബ്രിട്ടന്റെയും അമേരിക്കയുടെ സാമ്പത്തിക താൽപ്പര്യത്തിന് വിരുദ്ധം ആകും എന്നതിനാൽ എങ്ങനെയും ക്രൂഡ് ഓയിൽ വില വിപണിയിൽ തളച്ചിടുക എന്ന തന്ത്രം പ്രായോഗികമായി മാറുകയാണ്. ഇന്ത്യയും ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങൾ ചേർന്നു ബദൽ നാണയം എന്ന ആശയം ഇതിനകം തന്നെ പലവട്ടം ചർച്ചകളിൽ വന്നതിനാൽ അത്തരം മറ്റൊരു നീക്കത്തിന് കൂടി സാധ്യത ഉണ്ടെന്നു കണ്ടറിഞ്ഞാണ് പൗണ്ടിനെ രക്ഷിക്കാൻ ഉള്ള തിരക്കിട്ട നീക്കങ്ങൾ തെളിയിക്കുന്നത്.

ബ്രിട്ടൻ യൂറോപ്പിൽ നിന്നും വിട്ടു പോകാൻ തീരുമാനിച്ച ബ്രെക്‌സിറ്റ് തിരഞ്ഞെടുപ്പു നടന്നു രണ്ടു ആഴ്ച ആയപ്പോഴേക്കും പൗണ്ട് വിലയിൽ പ്രതീക്ഷിച്ച വേഗത്തിൽ തന്നെ ഇടിവ് സംഭവിച്ചു കഴിഞ്ഞു. ബ്രെക്‌സിറ്റിനു തലേ ദിവസം ഡോളറുമായുള്ള വിനിമയത്തിൽ 1. 47 വരെ ഉയർന്ന പൗണ്ട് 20 ശതമാനത്തിലേറെ ഇടിവ് സ്വന്തമാക്കി ഇന്നലെ 1. 25 എന്ന നിലയിലേക്ക് മൂക്കും കുത്തി വീണിരിക്കുകയാണ്. ഈ ഇടിവ് ഇനിയും തുടർന്നേക്കും. ഇന്ത്യൻ രൂപയുമായുള്ള താരതമ്യത്തിൽ ഇതേ കണക്കിൽ 99 രൂപ വരെ കിട്ടിയിരുന്ന പൗണ്ടിന് ഇപ്പോൾ വില 85 86 മാത്രം. ബ്രിട്ടനിലെ മലയാളി സമൂഹത്തിൽ ഒട്ടേറെ പേര് അവധിക്കാലം ആഘോഷിക്കാൻ കേരളത്തിലേക്ക് പറക്കാൻ ഇരിക്കെ ഉണ്ടായ ഈ തിരിച്ചടി മൂലം നൂറുകണക്കിന് പൗണ്ടിന്റെ അധിക ചെലവ് ഓരോ കുടുംബത്തിനും ഉണ്ടാക്കും. ഈ കാഴ്ചപ്പാടിൽ അനേക മില്യൺ ഡോളർ കച്ചവടം നടത്തുന്ന വമ്പൻ സ്ഥാപനങ്ങൾക്കും സർക്കാരിനും ഉണ്ടാകുന്ന നഷ്ടം ഊഹിക്കാവുന്നതിലും വലുതാണ്. ഈ നിലയിൽ അധിക കാലം മുന്നോട്ടു പോകാൻ പൗണ്ടിന് കഴിയും എന്നും ധനകാര്യ വിദഗ്ദ്ധർ കരുതുന്നില്ല. അതിനാൽ വിപണിയിൽ നേരിട്ടും അല്ലാതെയും ഉള്ള ഇടപെടലുകൾ പ്രതീക്ഷിക്കുകയാണ് അന്താരാഷ്ട്ര സമൂഹവും.

ഇതോടെ പൗണ്ടിന്റെ രക്ഷിക്കാൻ ഉള്ള രാഷ്ട്രീയ നീക്കവും സജീവം ആയിരിക്കുകയാണ്. ഇതിന്റെ ഫലമായി അമേരിക്കയും ബ്രിട്ടന്റെ രക്ഷയ്ക്ക് ഉതകും വിധം ഉള്ള തീരുമാനം എടുത്തേക്കും എന്ന ധാരണ ശക്തമാകുകയാണ്. ഇതിനു പ്രത്യക്ഷ ഉദാഹരണമായി എടുത്തു കാട്ടാൻ പറ്റുന്നത് കഴിഞ്ഞ ദിവസങ്ങളിലെ ക്രൂഡ് ഓയിൽ വിലയാണ്.

ബ്രെക്‌സിറ്റ് സംഭവിച്ച ശേഷം ഇന്ധന വില കുതിച്ചുയരും എന്ന ധാരണ തെറ്റിച്ചു പെട്രോളിനും ഡീസലിനും ബ്രിട്ടണിൽ പഴയ വില തന്നെ തുടരുകയാണ്. ഇതിനു കാരണമായി പറയുന്നത് ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ അപ്രതീക്ഷിത ഇറക്കമാണ്. കുറേക്കാലമായി ക്രൂഡ് ഓയിൽ വില ഇടിഞ്ഞു നിൽക്കുക ആയിരുന്നെങ്കിലും ഇപ്പോൾ ബ്രെക്‌സിറ്റ് ഇമ്പാക്ട് കൂടി സംഭവിച്ചിരിക്കുകയാണ്. ക്രൂഡ് ഓയിൽ വില അൽപ്പമെങ്കിലും ഉയർന്നാൽ അതിന്റെ പേരിൽ പൗണ്ട് വില കൂടുതൽ ഇടിയാൻ ഇടയുണ്ട്. മാത്രമല്ല പെട്രോൾ, ഡീസൽ വില ഉയർന്നു നിൽക്കുന്നത് പൗണ്ടിന്റെ നാണയ വിപണിയിൽ ക്ഷീണിപ്പിക്കുകയും ചെയ്യും.

ഈ ധനകാര്യ രാഷ്ട്രീയത്തിൽ അമേരിക്കയ്ക്ക് ബ്രിട്ടനെ സഹായിക്കുക എന്ന പദ്ധതി ആണ് ഇപ്പോൾ രൂപം കൊള്ളുന്നത്. പൗണ്ട് പിടിച്ചാൽ കിട്ടാത്ത വിധം തകരുന്നത് അമേരിക്കയ്ക്കും ദോഷകരമാണ്. കാരണം പൗണ്ടും ഡോളറും തമ്മിലുള്ള അഭേദ്യ ബന്ധം തന്നെ. ഇരു രാഷ്ട്രങ്ങൾക്കും ഇടയിലുള്ള വ്യാപാര ബന്ധങ്ങളും ഏറെ വലുതാണ്. ഒന്നിന്റെ ക്ഷീണം മറ്റൊന്നിനെയും ബാധിക്കും എന്ന വസ്തുത കൂടിയാണ് വെളിപ്പെടുന്നത്. ബ്രിട്ടൻ യൂറോപ്പിന് വെളിയിൽ ചാടുന്നത് തടയാൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ വരെ നേരിട്ടെത്തി ബ്രിട്ടീഷ് ജനതയുമായി സംവദിച്ചതും ഇതോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്. പൗണ്ട് ബ്രെക്‌സിറ്റിനു ശേഷം അകാരണമായി തകരുന്നത് ഒഴിവാക്കാൻ ഏറ്റവും സുരക്ഷിതമായ മാർഗ്ഗം എന്ന നിലയിൽ ക്രൂഡ് ഓയിൽ വില ഇടിക്കുകയാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും പദ്ധതി. ആവശ്യത്തിൽ കൂടുതൽ ഉൽപ്പാദനം നടക്കുന്നതും അമേരിക്കയുടെ കരുതൽ എണ്ണ ശേഖരം പുറത്തു വിടുന്നതും ഒക്കെ ഇതിന്റെ ഭാഗമാണ്. കൂട്ടത്തിൽ ചൈനയുടെ ആവശ്യം കുറഞ്ഞതും ബ്രിട്ടന് ഗുണമായി. മാത്രമല്ല, ബ്രെക്‌സിറ്റ് ഭീതിയിൽ ചൈന അടക്കം ഉള്ള രാജ്യങ്ങളിൽ വളർച്ച വേഗം കുറയുകയും ഇതു പ്രത്യക്ഷത്തിൽ മറ്റൊരു ലോക മാന്ദ്യത്തിനു വഴി ഒരുക്കും എന്നുമൊക്കെയാണ് പ്രമുഖ അമേരിക്കൻ സാമ്പത്തിക ചാനലായ സിഎൻബിസി വിദഗ്ദ്ധർ നടത്തുന്ന കണക്കു കൂട്ടൽ.

ക്രൂഡ് ഓയിലിന്റെ ആവശ്യം ക്രമാനുഗതമായി ലോക കണക്കിൽ തന്നെ കുറഞ്ഞിട്ടും ഉൽപ്പാദനം കുറയ്ക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ വില തകർച്ചയ്ക്ക് കാരണം ആയി മാറുന്നത് ഇതു സാമ്പത്തിക മാന്ദ്യം ഉണ്ടായില്ലെങ്കിൽ പോലും എണ്ണ ഉൽപ്പാദക രാജ്യങ്ങളായ ഗൾഫ് രാഷ്ട്രങ്ങൾക്ക് തിരിച്ചടിയാണ്. കഴിഞ്ഞ ഏതാനും ദിവസം കൊണ്ടു എണ്ണ വിലയിൽ 6 ശതമാനം ഇടിവ് ഉണ്ടായി കഴിഞ്ഞു. ബാരലിന് 46 ഡോളറിൽ വിപണനം നടക്കുന്ന ക്രൂഡ് അടുത്ത മാന്ദ്യം കൂടി ഉണ്ടായാൽ ഒരു പക്ഷെ 30 വരെ താഴ്‌ന്നേക്കാവുന്ന സ്ഥിതി വിശേഷം പല രാജ്യങ്ങളുടെയും നിലനിൽപ്പ് തന്നെ അപകടത്തിലാക്കും എന്നു പ്രവചിക്കപ്പെടുന്നു. വൻ ശക്തി രാജ്യങ്ങൾ തങ്ങളുടെ താൽപ്പര്യം സംരക്ഷിക്കുന്ന നിലപാട് ക്രൂഡ് ഓയിലിന്റെ കാര്യത്തിൽ നിർണ്ണായ കമാവുകയാണ്, പ്രവചനങ്ങൾക്കു പോലും അതീതമാകുകയാണ്.കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ആവശ്യവും ഉൽപ്പാദനവും തമ്മിൽ ഉള്ള അന്തരം അതിവേഗം ഉയരുകയാണ്. ആവശ്യം കുറവുള്ള വസ്തുവിന് വില ഇടിയും എന്ന ലളിത സാമ്പത്തിക ശാസ്ത്രത്തിനു മുന്നിൽ തല കുനിക്കാൻ വിധിക്കപ്പെടുകയാണ് ക്രൂഡ് വിലയുടെ രാഷ്ട്രീയം.

ഒരു ദിവസം മൂന്നര ലക്ഷം ബാരൽ ക്രൂഡ് അധികമായി വിപണിയിൽ എത്തുന്നു എന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. കഴിഞ്ഞ 2 വർഷമായി വിലക്കുറവിൽ റെക്കോർഡ് ഇടുകയാണ് ക്രൂഡ് വില. അമേരിക്കൻ പ്രതി ദിന എണ്ണ ഉൽപ്പാദനം കഴിഞ്ഞ വർഷത്തെ നിരക്കായ 9. 7 മില്യൺ ബാരലിലെ നിന്നും 8. 9 മില്യൺ ബാരലായി കുറച്ചിട്ടുണ്ട്. ന്യൂയോർക്ക് തുറമുഖത്തു കൂടുതൽ ഇന്ധനം സ്റ്റോക്ക് ചെയ്യാൻ കഴിയാത്ത വിധം സംഭരണ ശാലകൾ നിറയുകയാണ്. ചൈനയിലും സമാനമായ സ്ഥിതി വിശേഷം തന്നെയാണ്. ലോകം ഒട്ടാകെ ഇന്ധന ഉപയോഗം ഉയരുന്ന ജൂലൈ ഓഗസ്റ്റ് സീസൺ ആയിട്ടും ആവശ്യം കൂടുന്നില്ല എന്നതും എണ്ണ ഉൽപ്പാദകരെ അലട്ടുകയാണ്.