- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ആദ്യം പുറത്തുപോകുന്നത് ഗ്രീസ്; ഫ്രാൻസിലും സ്വീഡനിലും ഡെന്മാർക്കിലും ചെക്കിലും മുറവിളി തുടങ്ങി; ജർമനിയിലെ നിയോനാസികളും രംഗത്ത്; യൂറോപ്യൻ യൂണിയൻ സമ്പൂർണ തകർച്ചയുടെ വക്കിൽ; എക്സിറ്റ് ചിന്തയക്ക് ശക്തി പകരുന്നത് കുടിയേറ്റം സൃഷ്ടിക്കുന്ന തീവ്രവാദ ഭീഷണികൾ
ലണ്ടൻ: ബ്രെക്‌സിറ്റ് ഹിതപരിശോധനയിലൂടെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തുപോകാൻ തീരുമാനിച്ചതോടെ യൂറോപ്യൻ യൂണിയനിലെ മറ്റ് അംഗരാഷ്ട്രങ്ങളിലെ സാഹചര്യങ്ങളും കലുഷിതമാവുകയാണ്. ഗ്രീസിലും ഫ്രാൻസിലും സ്വീഡനിലും ഡെന്മാർക്കിലും ചെക്കിലുമൊക്കെ സ്വന്തം നിലയ്ക്ക് ഹിതപരിശോധന നടത്തണമെന്ന ആവശ്യമുയർന്നുകഴിഞ്ഞു. ദേശീയവാദി സംഘടനകൾക്കെല്ലാം ബ്രെക്‌സിറ്റ് പ്രചോദനമാകുമെന്നാണ് കരുതുന്നത്. യൂറോപ്യൻ യൂണിയന്റെ നിലനിൽപ്പിനെത്തന്നെ ഇത് അപകടത്തിലാക്കിയിരിക്കുകയാണ്. ബ്രെക്‌സിറ്റിന്റെ ഫലം പുറത്തുവന്ന് വൈകാതെ തന്നെ ഫ്രാൻസിലെ വലതുപക്ഷ പാർട്ടിയായ ഫ്രണ്ട് നാഷണലിന്റെ നേതാവ് മറീൻ ലെ പെൻ ഫ്രാൻസിൽ ' ഫ്രെക്‌സിറ്റ്' വോട്ട് നടത്തണമെന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. നെതർലൻഡ്‌സിലെ തീവ്ര വലതുപക്ഷ വാദി നേതാവ് ഗീർട്ട് വിൽഡേഴ്‌സ് ഡച്ചുകാർക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനായി ' നെക്‌സിറ്റ്' നടത്തണമെന്ന നിർദ്ദേശവും മുന്നോട്ടുവച്ചു. ബ്രെക്‌സിറ്റിന്റെ അലയടികൾ യൂറോപ്പിനെയാകെ തകർക്കുവാനൊരുങ്ങുകയാണെന്ന സൂചനകളാണ് ഓരോ രാജ്യത്തുനിന്നും വരുന്
ലണ്ടൻ: ബ്രെക്‌സിറ്റ് ഹിതപരിശോധനയിലൂടെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തുപോകാൻ തീരുമാനിച്ചതോടെ യൂറോപ്യൻ യൂണിയനിലെ മറ്റ് അംഗരാഷ്ട്രങ്ങളിലെ സാഹചര്യങ്ങളും കലുഷിതമാവുകയാണ്. ഗ്രീസിലും ഫ്രാൻസിലും സ്വീഡനിലും ഡെന്മാർക്കിലും ചെക്കിലുമൊക്കെ സ്വന്തം നിലയ്ക്ക് ഹിതപരിശോധന നടത്തണമെന്ന ആവശ്യമുയർന്നുകഴിഞ്ഞു. ദേശീയവാദി സംഘടനകൾക്കെല്ലാം ബ്രെക്‌സിറ്റ് പ്രചോദനമാകുമെന്നാണ് കരുതുന്നത്. യൂറോപ്യൻ യൂണിയന്റെ നിലനിൽപ്പിനെത്തന്നെ ഇത് അപകടത്തിലാക്കിയിരിക്കുകയാണ്.
ബ്രെക്‌സിറ്റിന്റെ ഫലം പുറത്തുവന്ന് വൈകാതെ തന്നെ ഫ്രാൻസിലെ വലതുപക്ഷ പാർട്ടിയായ ഫ്രണ്ട് നാഷണലിന്റെ നേതാവ് മറീൻ ലെ പെൻ ഫ്രാൻസിൽ ' ഫ്രെക്‌സിറ്റ്' വോട്ട് നടത്തണമെന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. നെതർലൻഡ്‌സിലെ തീവ്ര വലതുപക്ഷ വാദി നേതാവ് ഗീർട്ട് വിൽഡേഴ്‌സ് ഡച്ചുകാർക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനായി ' നെക്‌സിറ്റ്' നടത്തണമെന്ന നിർദ്ദേശവും മുന്നോട്ടുവച്ചു.
ബ്രെക്‌സിറ്റിന്റെ അലയടികൾ യൂറോപ്പിനെയാകെ തകർക്കുവാനൊരുങ്ങുകയാണെന്ന സൂചനകളാണ് ഓരോ രാജ്യത്തുനിന്നും വരുന്നത്. ഇറ്റലിയിലെ കുടിയേറ്റ വിരുദ്ധ സംഘടനയായ നോർത്തേൺ ലീഗിന്റെ നേതാവ് മാറ്റിയോ സാൽവിനി യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ പൗരന്മാരുടെ തൊഴിലും അന്തസ്സും കവർന്നെടുക്കുകയാണെന്ന് ആരോപിച്ചു. ചെക്ക് റിപ്പബ്ലിക്കിലും സ്വീഡനിലും ഗ്രീസിലും പുറത്തേയ്ക്ക് പോവുകയെന്ന ആവശ്യത്തിന് മുമ്പെന്നത്തെക്കാളും പ്രചാരം ലഭിക്കുന്നുമുണ്ട്.
യൂറോ എന്ന ആശയത്തിന് എതിരെ നിൽക്കുന്ന സംഘടനകളെയും നേതാക്കളെയുമാണ് ബ്രെക്‌സിറ്റ് ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത്. സ്വീഡനിൽ 36 ശതമാനത്തോളം പേർ സ്വന്തമായി ഹിതപരിശോധന വേണമെന്ന ആശയക്കാരാണ്. ഫ്രാൻസിലും ഇറ്റലിയിലും പകുതിയിലേറെപ്പേർ ഇത്തരമൊരു ഹിതപരിശോധനയെ അനുകൂലിക്കുന്നതായി മെയ് മാസത്തിൽ നടത്തിയ സർവേയിൽ വ്യക്തമായിരുന്നു.
കുടിയേറ്റവും തീവ്രവാദവും ഉണ്ടാക്കുന്ന ഭീഷണികളെ യൂറോപ്പിലെ ജനങ്ങൾ ഒരുപോലെയാണ് കാണുന്നതെന്ന് യൂറോപ്യൻ യൂണിയൻ പാർലമെന്റിലെ സോഷ്യൽ ഡമോക്രാറ്റിക് നേതാവും ഡെന്മാർക്കിൽനിന്നുള്ള എംപിയുമായ യെപ്പ് കോഫോഡ് പറഞ്ഞു. ബ്രിട്ടനെപ്പോലെ മറ്റു രാജ്യങ്ങളും ഇനി സമാനമായ രീതിയിൽ ചിന്തിക്കാൻ തുടങ്ങുമെന്നും അദ്ദേഹം വിലയിരുത്തുന്നു.
ഗ്രീസാണ് ഏറ്റവുമാദ്യം ഇനി യൂറോപ്യൻ യൂണിയൻ വിടുകയെന്നാണ് കരുതുന്നത്. ഗ്രീസിലെ 71 ശതമാനവും വിട്ടുപോകണമെന്ന് ആഗ്രഹിക്കുന്നവരാണ്. 27 ശതമാനമാണ് യൂറോപ്പിനോട് കൂറുപുലർത്തുന്നവർ. ഫ്രാൻസിൽ പുറത്തുപോകണമെന്ന് ആഗ്രഹിക്കുന്നവർ 61 ശതമാനമാണെന്ന് അമേരിക്കൻ ഏജൻസിയായ പ്യൂ റിസർച്ച് സെന്റർ നടത്തിയ സർവേ വ്യക്തമാക്കുന്നു. സ്‌പെയിൻ, ജർമനി എന്നിവിടങ്ങളിൽ യഥാക്രമം 49 ശതമാനവും 48 ശതമാനവും വിട്ടുപോകണമെന്ന് ആഗ്രഹിക്കുന്നവരാണ്.
ബ്രിട്ടന്റെ തീരുമാനത്തിൽ ഏറ്റവും കൂടുതൽ ആശങ്ക രേഖപ്പെടുത്തിയത് ജർമനിയും ഓസ്ട്രിയയുമാണ്. യൂറോപ്പിന്റെ സാമ്പത്തിക അടിത്തറ ഇതോടെ തകരുമെന്ന് ജർമനി ആശങ്കപ്പെടുന്നു. എന്നാൽ, ജർമനിയിലെ നിയോനാസികൾ അവിടെയും ഹിതപരിശോധന നടത്തണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. ബ്രിട്ടൻ വിട്ടുപോയതോടെ യൂറോപ്യൻ യൂണിയൻ കൂടുതൽ ദുർബലമായി എന്ന് ചിന്തിക്കുന്നവരാണ് പല രാജ്യങ്ങളിലുമുള്ളവർ. ദുർബലമായൊരു യൂണിയനിൽ എന്തിന് തുടരണം എന്ന ചിന്തയാണ് ബ്രെക്‌സിറ്റ് മുന്നോട്ടുവെക്കുന്നത്.