ലണ്ടൻ: ലോക സമ്പദ് വ്യവസ്ഥയെ തന്നെ സാരമായി ബാധിക്കുന്ന തീരുമാനം എടുത്തു ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ പുറത്തേയ്ക്ക്. യൂറോയിൽ ചേരുകയോ, എഗ്രിമെന്റിൽ ഒപ്പുവയ്ക്കുകയോ ചെയ്തിട്ടില്ലെങ്കിലും യൂറോപ്പിന്റെ നട്ടെല്ലായി പ്രവർത്തിച്ചു വന്ന ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടതോടെ പാശ്ചാത്യ ലോകത്തിന്റെ കരുത്ത് തകർന്നടിയുകയാണ്. ബ്രിട്ടനിലെ മൂന്ന് പ്രമുഖ രാഷ്ട്രീയ പാർട്ടികളും യൂറോപ്പിന് അനുകൂലമായി നിന്നിട്ടും ബ്രിട്ടീഷ് സർക്കാർ കോടികൾ ഒഴുക്കിയിട്ടും ബ്രിട്ടനെ ഉപേക്ഷിക്കാൻ ആയിരുന്നു ജനങ്ങളുടെ തീരുമാനം.

യൂറോപ്യൻ യൂണിയൻ വിടരുതെന്ന നിലപാട് സ്വീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഹിത പരിശോധനാഫലം പുറത്തുവന്നതോടെ രാജിവച്ചു. ഒക്ടോബറോടെ സ്ഥാനമൊഴിയുമെന്ന് കാമറൺ അറിയിച്ചു. രാജ്യത്തിനു പുതിയ നേതൃത്വം വരേണ്ട സമയമെത്തി. രാജ്യം യൂറോപ്യൻ യൂണിയനിൽ തുടരണമെന്നു തന്നെയാണ് ആഗ്രഹം. എന്നാൽ ബ്രിട്ടീഷ് ജനതയുടെ വിധി ബഹുമാനിക്കുന്നു. ഈ രാജ്യത്തെ താൻ സ്‌നേഹിക്കുന്നു. ആറ് വർഷത്തോളം രാജ്യത്തെ സേവിക്കാൻ സാധിച്ചതിൽ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം രാജിപ്രഖ്യാപനം നടത്തിക്കൊണ്ട് അറിയിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ ഭാര്യ സാമന്തയ്ക്ക് ഒപ്പമെത്തിയാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്.

രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെയും ലോക നേതാക്കളുടെയും സഖ്യരാഷ്ട്രങ്ങളുടെയും ആഹ്വാനം തള്ളിക്കളഞ്ഞാണ് ബ്രിട്ടീഷ് ജനത യൂറോപ്യൻ യൂണിയൻ വിടാനുള്ള തീരുമാനമെടുത്തത്. രാജ്യത്തെ യൂണിയനിൽ നിലനിർത്താൻ പ്രധാനമന്ത്രി ഡേവിഡ് കാമറണ് പരമാവധി പരിശ്രമിച്ചിരുന്നു. ബ്രിട്ടൻ പുറത്തുപോകണമെന്നാണ് ജനവിധിയെങ്കിലും പ്രധാനമന്ത്രി ഡേവിഡ് കാമറോണിനെ തൽക്കാലം അത് ബാധിച്ചേക്കാനിടയില്ലെന്ന സൂചനയുമുണ്ടായിരുന്നു. പരിശോധനാ ഫലം എന്തുതന്നെയായാലും കാമറോൺ അധികാരത്തിൽ തുടരണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള കത്ത് ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കുന്ന കൺസർവേറ്റീവ് എംപിമാർ കാമറോണിന് കൈമാറി. എന്നാൽ രാഷ്ട്രീയ ധാർമികത മുൻനിർത്തി അദ്ദേഹം രാജി വെക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

52 ശതമാനം പേരാണ് ബ്രിട്ടന്റെ യൂറോപ്യൻ യൂണിയന് പുറത്തേക്കുള്ള പോക്കിനെ പിന്തുണച്ച് വോട്ട് ചെയ്തത്. 48 ശതമാനം പേരുടെ പിന്തുണയേ യൂറോപ്യൻ യൂണിയനിൽ തുടണം എന്ന വാദക്കാർക്ക് ലഭിച്ചുള്ളൂ. 17,410,742 പേർ ബ്രിട്ടൻ പുറത്തുപോകാൻ വേണ്ടി വോട്ടു ചെയ്തു. 16,141,241 പേരാണ് എതിർത്ത് വോട്ടു ചെയ്തത്. 383 സ്ഥലങ്ങളിൽ 383 ഇടങ്ങളിലെയും ഫലമാണ് പ്രഖ്യാപിക്കപ്പെട്ടത്. ജനസംഖ്യയുടെ 71.8 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

ബ്രിട്ടന് യൂറോപ്യൻ യൂണിയൻ വിടാൻ തീരുമാനിച്ചതോടെ യൂറോപ്പിന്റെ കരുത്തന്മാരായ ജർമനിയും ഫ്രാൻസും ബ്രിട്ടനില്ലാതെ വരുന്നതോടെ പ്രതിസന്ധിയിൽ ആവും. മറ്റു യൂറോപ്യൻ രാജ്യങ്ങളും ഇതേപടി പിന്തുടർന്നാൽ യൂറോപ്യൻ യൂണിയൻ തന്നെ പിരിച്ചുവിടേണ്ട അവസ്ഥയിലാകും. യൂറോപ്യൻ ബാന്ധവത്തിന്റെ അടിസ്ഥാനത്തിൽ കച്ചവടം കൊഴുപ്പിച്ചിരുന്ന അമേരിക്ക, പ്രതിരോധ ശക്തിയായി വളർന്ന നാറ്റോ ഇവയെല്ലാം ഈ തീരുമാനം വഴി പ്രതിസന്ധിയിൽ ആവും. അതേ സമയം ഇന്ത്യയും ഫിലിപ്പിൻസും ചൈനയും അടക്കമുള്ള പാശ്ചാത്യ ലോകവുമായി ബന്ധത്തിന് ശ്രമിക്കുന്ന ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങൾക്ക് പുതിയ തിരുമാനം കരുത്തു പകരും. ഇതുവരെ യൂറോപ്യൻ യൂണിയൻ അംഗത്വമുള്ള ഏത് രാജ്യക്കാർക്കും സ്വന്തം രാജ്യത്തെന്നപോലെ ബ്രിട്ടനിൽ എത്തി ജോലി ചെയ്യാമായിരുന്നു. എന്നാൽ പുതിയ തീരുമാനം നടപ്പിലാക്കി കമ്പോളതിന് സാധ്യമല്ല. യൂറോപ്യൻ നിയമങ്ങളും ഇവിടെ ബാധകമല്ല. ഇതോടെ ഇന്ത്യക്കാർക്കും, ചൈനക്കാർക്കും ഒക്കെ ലഭിക്കുന്ന പരിഗണന മാത്രമായിരിക്കും യൂറോപ്യൻ രാജ്യങ്ങളിൽ ഉള്ളവർക്കും ലഭിക്കുക.

തുടക്കം മുതൽ തന്നെ മുന്നേറ്റം തുടർന്ന ബ്രെക്സിറ്റ് വാദികൾ ഒരു ഘട്ടത്തിലും പിന്നിൽ പോയില്ല. എന്നാൽ, ഇഞ്ചോടിഞ്ച് തന്നെ മത്സരം നടന്നു. നേരിയ വ്യത്യാസത്തിലാണ് പലയിടത്തും ബ്രെക്സിറ്റ്‌വാദികൾ മുന്നിൽ നിന്നത്. തുടക്കം മുതൽ നേടിയ മുൻതൂക്കം ഒടുക്കവും അവർ നിലനിർത്തി. ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കൻ മേഖകൾ ബ്രെക്‌സിറ്റിനൊപ്പം നിന്നപ്പോൾ സ്‌കോട്ട്‌ലൻഡിലാണ് റിമെയ്ൻ വാദം ശക്തിയയി കാണാൻ സാധിച്ചത്.

പൊതുതിരഞ്ഞെടുപ്പിനെക്കാൾ താത്പര്യത്തോടെയാണ് ജനങ്ങൾ ഹിതപരിശോധനയിൽ പങ്കെടുത്തതെന്നത് വോട്ടിംഗിൽ പങ്കെടുത്തത്. യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ വിട്ടുപോയേക്കുമെന്ന സൂചന ശക്തമായതോടെ ലോക വിപണികൾ പലതും തകർന്നടിഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിലെ തന്നെ വിപണികളാണ് തകർന്നടിഞ്ഞത്. ലോക സമ്പദ്രംഗത്ത് അഞ്ചാം സ്ഥാനമുള്ള ബ്രിട്ടന് പിന്മാറ്റം സാമ്പത്തികമായി കനത്ത ആഘാതമുണ്ടാക്കുക യൂറോപ്പിന് തന്നെയാണ്. ഫ്രാൻസും ജർമ്മനിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നത്.

അതേസമയം ലോക വിപണിയെ തന്നെ ബ്രിട്ടന്റെ തീരുമാനം വല്ലാതെ ബാധിച്ചിട്ടുണ്ട്. പൗണ്ടിന്റെ വില 31 വർഷത്തെ ഏറ്റവും താഴെ എന്ന നിലയിലേക്ക് കൂപ്പുകുത്തി. പൗണ്ടിന്റെ മൂല്യത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഡോളറുമായുള്ള വിനിമയത്തിൽ 10 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. തുടർന്ന് ഇന്ത്യൻ സൻസെക്സ് 800 പോയിന്റും നിഫ്റ്റി 250 പോയിന്റും താഴ്ന്നു. രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായിട്ടുണ്ട്. 91.33ലാണ് ഇപ്പോൾ പൗണ്ടിലാണ് ഇപ്പോൾ വിനിമയം നടക്കുന്നത്.

ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലൻഡിലും വെയ്ൽസിലുമായി 380 പ്രാദേശിക വോട്ടെണ്ണൽ കേന്ദ്രങ്ങളും ഉത്തര അയർലൻഡിലും ജിബ്രാൾട്ടറിലും ഓരോ വോട്ടെണ്ണൽ കേന്ദ്രവുയിരുന്നു സജ്ജീകരിച്ചിരുന്നത്. 382 വോട്ടെണ്ണൽ കേന്ദ്രത്തിലെയും ഫലം പുറത്തുവന്നതിനുശേഷം മുഖ്യ കൗണ്ടിങ് ഓഫീസറായ ജിമ്മി വാട്‌സൺ മാഞ്ചസ്റ്റർ ടൗൺ ഹാളിൽ ചരിത്രപ്രഖ്യാപനം നടത്തും. ജിബ്രാൾട്ടറിൽനിന്നാണ് ആദ്യ ഫലം പുറത്തുവന്നത്. ഇവിടെ വോട്ടു ചെയ്തവരിൽ 96 ശതമാനവും ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്നാണ് ആഗ്രഹി്ചത്. സണ്ടർലൻഡിൽ 22 ശതമാനം വോട്ടിന്റെ ലീഡോടെ ബ്രെക്‌സിറ്റ് വിജയിച്ചു. ന്യൂകാസിലിൽ റിമെയ്ൻ വാദത്തിനാണ് മുൻതൂക്കമെങ്കിലും നേരീയ ലീഡേ ലഭിച്ചുള്ളൂ.

  • ബ്രെക്‌സിറ്റ് ബ്രിട്ടനെയും ഇന്ത്യയെയും ബാധിക്കുന്നത് എങ്ങനെ എന്നുള്ളതിനെക്കുറിച്ചുള്ള വീഡിയോ ഇവിടെ കാണാം.

    ഇംഗ്ലണ്ടിൽ 53 ശതമാനം പേർ പുറത്തുപോകലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 47 ശതമാനം എതിർത്തു. വെയ്ൽസിൽ സമാനമായ വോട്ടിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. സ്‌കോട്ട്ലന്റിലാണ് റിമെയ്ൻ പക്ഷക്കാർക്ക് മുൻതൂക്കം കിട്ടിയത്. 62 ശതമാനം പേർ ഇവിടെ യൂറോപ്യൻ യൂണിയനിൽ തുടരണം എന്നു വാദിച്ചു. നോർത്തേൺ അയർലണ്ടും ഈ പക്ഷത്താണ്. ഇവിടെ 56 ശതമാനം പേരാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന് വാദിച്ചത്. അതേസമയം ബ്രിട്ടനിൽ നിന്നും വിട്ടുപോകണമെന്ന് വാദിക്കുന്ന സ്‌കോട്ടിഷ് ശക്തികൾക്ക് ആ വാദം വീണ്ടും ശക്തമായി ഉന്നയിക്കാൻ ഇടയാക്കുന്നതാണ് ഈപ്പോഴത്തെ ഫലം.

യൂറോപ്യൻ യൂണിയനിൽ തുടരുന്നതിനെ എക്കാലവും സംശയത്തോടെ കണ്ടിരുന്ന കൺസർവേറ്റീവ് പാർട്ടിയിലെ വിഭാഗീയതയുടെ സമ്മർദമാണ് കാമറണിനെ ബ്രെക്സിറ്റ് വോട്ട് തീരുമാനത്തിനു നിർബന്ധിതനാക്കിയത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നു പിന്മാറണമെന്ന മുറവിളിക്കു ശക്തി പകർന്നതു കൺസർവേറ്റീവ് പാർട്ടിയിലെ മുൻ ലണ്ടൻ മേയറും തീവ്രനിലപാടുകാരനുമായ ബോറിസ് ജോൺസനാണ്. പാർട്ടിയിൽ കാമറണിന്റെ നേതൃത്വത്തിനും ജോൺസൻ കടുത്ത വെല്ലുവിളി ഉയർത്തി. കർശനമായ കുടിയേറ്റവിരുദ്ധ നിലപാടുള്ള യുകെ ഇൻഡിപെൻഡൻസ് പാർട്ടിയുടെ നൈജൽ ഫറാഗും 'എക്സിറ്റ്' പക്ഷക്കാർക്കു കരുത്തു പകർന്നു. ബ്രിക്സിറ്റുകാർ വിജയിക്കുമെന്ന് ഉറപ്പായതോടെ അനുകൂലിക്കുന്നവർ സന്തോഷ പ്രകടനം തുടങ്ങി. ഇത് ഞങ്ങളുടെ സ്വാതന്ത്ര്യദിനം എന്ന് പറഞ്ഞു കൊണ്ടാണ് നൈജൽ ഫറാഗ് പ്രതികരിച്ചത്.