യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടന്റെ വിടുതൽ തീരുമാനിച്ച ബ്രെക്‌സിറ്റ് പാർലമെന്റിലും ചർച്ച ചെയ്യണമെന്ന ഹൈക്കോടതി വിധി ബ്രിട്ടനിൽ പുതിയ രാഷ്ട്രീയ ചലനങ്ങൾക്ക് വഴിയൊരുക്കുന്നു. പ്രധാനമന്ത്രി തെരേസ മെയ്‌ പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് തയ്യാറായേക്കുമെന്ന ചർച്ചയാണ് പാർലമെന്റിൽ വോട്ടിനിടാതെ ബ്രെക്‌സിറ്റ് നടപ്പാക്കരുതെന്ന ഹൈക്കോടതി വിധിയെത്തുടർന്ന് സജിവമായ ചർച്ചാവിഷയം.

ഹൈക്കോടതി വിധി വന്നതോടെ ബ്രിട്ടനിലെ റിമെയ്ൻ പക്ഷക്കാർ വലിയ പ്രതീക്ഷയിലാണ്. ലിബറൽ ഡെമോക്രാറ്റിക് നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ നിക്ക് ക്ലെഗ്ഗിന്റെ നേതൃത്വത്തിൽ അവർ ഒത്തൊരുമിക്കുകയും ചെയ്തിട്ടുണ്ട്. ബ്രെക്‌സിറ്റ് പദ്ധതിയെ പാർലമെന്റിലെ വോട്ടെടുപ്പിലൂടെ അട്ടിമറിക്കാനാകുമെന്നാണ് നിക്കിന്റെയും മറ്റും പ്രതീക്ഷ.

എന്നാൽ, ഇതിനെ നേരിടാനാണ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയെന്ന ആശയം ബ്രെക്‌സിറ്റ് പക്ഷക്കാരായ മന്ത്രിമാർ തന്നെ മുന്നോട്ടുവെക്കുന്നത്. പാർലമെന്റ് പിരിച്ചുവിട്ട് നേരത്തെ തിരഞ്ഞെടുപ്പിനെ നേരിടുകയാണെങ്കിൽ ബ്രെക്‌സിറ്റ് എന്ന ഒറ്റ പ്രചാരണത്തിലൂടെ വൻ ഭൂരിപക്ഷം തെരേസയ്ക്ക് നേടാനാകുമെന്നും അവർ പറയുന്നു.

നേരീയ വ്യത്യാസത്തിന് ഹിതപരിശോധനയിൽ ബ്രെക്‌സിറ്റ് പാസ്സായെങ്കിലും പാർലമെന്റിൽ റിമെയ്ൻ പക്ഷക്കാർക്കാണ് ഭൂരിപക്ഷമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ ബ്രെക്‌സിറ്റ് പാർലമെന്റിൽ വോട്ടിനിടുന്നത് തെരേസയ്ക്ക് ക്ഷീണമാകും. ഇതിനെ മറികടക്കാൻ തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന തന്ത്രമാണ് തെരേസയോട് അടുപ്പമുള്ളവർ ഉപദേശിക്കുന്നത്.

ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നുണ്ട്. സുപ്രീം കോടതിയിലും തീരുമാനം എതിരായാൽ പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടുകയാണ് തെരേസയ്ക്ക് മുന്നിലുള്ള മാർഗം. ഹൈക്കോടതി വിധി വന്നശേഷവും യൂറോപ്യൻ യൂണിയൻ നേതാക്കളോട് ബ്രെക്‌സിറ്റ് ടൈം ടേബിളിൽ മാറ്റമില്ലെന്ന് തെരേസ പറഞ്ഞിരുന്നു. ആ നിലയ്ക്ക് പാർലമെന്റിലെ വോട്ടെടുപ്പിലേക്ക് നീങ്ങാതെ, തിരഞ്ഞെടുപ്പിലേക്ക് പോകാനാകും തെരേസ ശ്രമിക്കുക.