ലണ്ടൻ: യൂറോപ്യൻ യൂണിയൻ വിടാനുള്ള ജനഹിതം തനിക്കും എതിരായ വിധിയെഴുത്താണെന്ന് വ്യക്തമായതോടെയാണ് പ്രധാനമന്ത്രി സ്ഥാനത്തു നിന്നും ഡേവിഡ് കാമറോൺ രാജി പ്രഖ്യാപിച്ചത്. ബ്രിക്‌സിറ്റ് റഫറണ്ടം പാസായതോടെയാണ് എക്‌സിറ്റിനെ എതിർത്തിരുന്ന കാമറോണിന്റെ രാജി അനിവാര്യമായിരുന്നു. അതേസമയം കാമറോണിന്റെ രാജിയോടെ ഭരണകക്ഷി തകരുന്നു എന്നല്ല അർത്ഥം. ഭരണകക്ഷിയായ കൺസർവേറ്റീവ് അംഗങ്ങളിൽ ഭൂരിപക്ഷവും യൂറോപ്പിൽ നിന്നും വിട്ടുപോകാൻ ആഗ്രഹിച്ചിട്ടും രാഷ്ട്രീയ ധാർമ്മികതയുടെ പുറത്തു യൂറോപ്പിനൊപ്പം കാമ്പയിനിംഗിന് പിന്തുണ കൊടുത്തു പ്രചാരണം നടത്തിയ കാമറോൺ പക്ഷേ ബ്രിട്ടീഷ് രാഷ്ട്രീയ പാരമ്പര്യം അനുസരിച്ച് രാജി വെയ്ക്കേണ്ട ധാർമ്മിക ബാധ്യത ഉണ്ട്. അതിനാൽ തന്നയാണ് താൻ രജിവെക്കുമെന്ന് പ്രഖ്യാപനം അദ്ദേഹം നടത്തിയതും.

കാമറോണിന് പകരം ആയി എത്തുക പാർട്ടിയുടെ ആദ്യ പട്ടികയിൽ ഒന്നുമില്ലായിരുന്ന ബോറിസ് ജോൺസനായിരിക്കും. സ്വാഭാവിക പകരക്കാരനായി പരിഗണിക്കപ്പെടുത്തുന്ന ചാൻസലർ ജോർജ് ഒസ്ബോണിന് യാതൊരു തരത്തിലും അവകാശവാദം ഉന്നയിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ജനങ്ങളുടെ മനസ്സറിഞ്ഞ് ബ്രിക്സിറ്റ് ക്യാമ്പിയിന് നേതൃത്വം നൽകിയതാണ് ബോറിസ് ജോൺസന്റെ ജാതകം തെളിയാൻ കാരണം. മുൻ ലണ്ടൻ മേയറായിരുന്ന ബോറിസ് ജോൺസൻ രണ്ട് മാസം പോലും തികഞ്ഞിട്ടില്ല ബ്രെക്സിറ്റ് ക്യാമ്പയിന് നേതൃത്വം ഏറ്റെടുത്ത് രംഗത്ത് വന്നിണ്ട്. യുകിപ്പ് നേതാവ് നിഗെൽ ഫെരാഗിനും ഇതു വിജയമാണെങ്കിലും പാർലമെന്റിൽ യാതൊരു പ്രസക്തിയും നിഗെലിന്റെ പാർട്ടിക്കില്ല.

മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും?

ഇന്ത്യയെ സംബന്ധിച്ചടത്തോളം പുതിയ അവസരങ്ങളാണ് തുറന്നു കിട്ടുന്നത്. നിലവിൽ ഉള്ള നിയമം അനുസരിച്ച് യൂറോപ്യൻ യൂണിയൻ അംഗ രാജ്യങ്ങളിലെ പൗരന്മാർക്ക് യാതൊരു നിയന്ത്രണവും ഇല്ലാതെ ഇവിടെ ജോലി ചെയ്യാം. അതുകൊണ്ട് ബ്രിട്ടനിലെ തൊഴിൽ ഇടങ്ങളെല്ലാം പാവങ്ങളായ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാർ പിടിച്ചെടുത്തിരിക്കുന്നു. ഇനി അവർക്കും ഇന്ത്യക്കാർക്കും ചൈനക്കാർക്കു ഒക്കെ ജോലി ചെയ്യണമെങ്കിൽ ഒരേ നിയമം ആയിരിക്കും ബാധകമാവുക. അങ്ങനെ വരുമ്പോൾ ഇംഗ്ലീഷ് അറിയുന്ന ഇന്ത്യക്കാർക്ക് മുൻഗണന ലഭിക്കുക സ്വാഭാവികം. യൂറോപ്പിൽ നിന്നുള്ള സൗജന്യ തൊഴിലാളികൾ കുറയുമ്പോൾ തൊഴിലാളികളെ ആവശ്യമാവുകയും അതൊടെ ഇന്ത്യക്കാർക്കും മറ്റും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കുറയുകയും ചെയ്യും. ഇതോടെ വൻ തോതിലുള്ള പുതിയ നിയമനങ്ങൾ നടക്കുമെന്നാണ് റിപ്പോർട്ട്.

ബ്രിട്ടനിലെ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് തൊഴിൽ അവസരങ്ങൾക്ക് വിലങ്ങുതടിയായി നിൽക്കുന്നത് പോളണ്ട് അടക്കമുള്ള കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റമാണ്. 2005ൽ പോളിഷുകാരുടെ വരവോടെയാണ് ഇന്ത്യക്കാർ അടക്കമുള്ളവർക്ക് തൊഴിൽ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായത്. ബൾഗേറിയയും, റൊമേനിയയും പോലെയുള്ള യൂറോപ്യൻ സ്വഭാവം ഇല്ലാത്ത രാജ്യങ്ങളിൽ നിന്നു പോലും കുത്തൊഴുക്കുണ്ടായി. യൂറോപ്യൻ യൂണിയനിൽ അംഗമായ രാജ്യം എന്ന നിലയിലാണ് ഈ രാജ്യങ്ങളിൽ നിന്നും തൊഴിലാളികൾ എളുപ്പത്തിൽ ബ്രിട്ടനിൽ എത്തുന്നത്. ബ്രിട്ടൻ പുറത്തുപോയതോടെ ഇപ്പോഴത്തെ സ്ഥിതി കുറയും. മുൻകാലങ്ങളിലേത് പോലെ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് കൂടുതൽ അവസരം ലഭിക്കുകയും ചെയ്യും.

നഴ്‌സുമാർക്കും ഐടി പ്രൊഫഷണലുകൾക്കും ഗുണകരം

ഏറ്റവും കൂടുതൽ ഇതിന് ഗുണം ലഭിക്കുന്നത് മലയാളി നഴ്സുമാർക്കും ഇന്ത്യൻ ഐടി പ്രതിഭകൾക്കും ആയിരിക്കും. ബ്രെക്സിറ്റ് സംഭവിച്ചാൽ എന്തൊക്കെ നടപ്പിലാക്കുമെന്ന് നേരത്തെ ബോറിസ് ജോൺസൺ അടക്കമുള്ള നേതാക്കൾ പ്രഖ്യാപനം നടത്തിയിരുന്നു. ഇന്ന് ബ്രെക്സിറ്റിനെ എതിർത്ത കാമറൂണിനെ വെല്ലുവിളിച്ചുകൊണ്ടാണ് ഈ പ്രഖ്യാപനം നടത്തിയത്. ഈ പ്രഖ്യാപനം നടപ്പിലായാൽ ഏറ്റവും ഗുണം ലഭിക്കുക ബ്രിട്ടീഷ് എൻഎച്ച്എസ് ആശുപത്രികളിൽ കൂടുതൽ തൊഴിലവസരം ലഭിക്കും. എൻഎച്ച്എസിന് ഫണ്ടൊഴുക്കുമെന്നും കൂടുതൽ നഴ്സുമാരെ നിയമിക്കുമെന്നായിരുന്നു ബ്രെക്സിറ്റുകാരുടെ വാഗ്ദാനം. ഈ പ്രഖ്യാപനം നടപ്പിലാക്കുമെന്ന് പ്രതീക്ഷയാണ് ഇന്ത്യക്കാർ അടക്കമുള്ളവർ.

എൻഎച്ച്എസ് നേരിടുന്ന അധിക ബാധ്യത യൂറോപ്യൻ കുടിയേറ്റക്കാരുടെയാണ്. അവരിൽ മഹാഭൂരിപക്ഷവും നാട് വിട്ടാൽ എൻ എച്ച്എസ് സമ്മർദ്ദങ്ങളിൽ നിന്നും രക്ഷപെടും. ബ്രിട്ടീഷുകാരെക്കാൾ കൂടുതൽ ക്രിമിനൽ പ്രവർത്തികൾ ചെയ്യുന്നത് യൂറോപ്യൻ കുടിയേറ്റക്കാരാണെന്ന് തെളിയിക്കുന്നു. യൂറോപ്യൻ കുടിയേറ്റം അവസാനിച്ചാൽ നെറ്റ് ഇമിഗ്രേഷനിൽ വലിയ വ്യത്യാസം വരും. ഇങ്ങനെ നെറ്റ് ഇമിഗ്രേഷനിൽ കുറവ് വന്നാൽ നാട്ടിൽ നിന്നും മറ്റുമുള്ള യോഗ്യതയുള്ളവരുടെ നിയമനത്തിന് വീണ്ടും അവസരം ഉണ്ടാകാം. സ്റ്റുഡന്റ് വിസ അടക്കമുള്ളവർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവു വരാം. അതുകൊണ്ട തന്നെ മലയാളിയെ സംബന്ധിച്ചിടത്തോളം ബ്രെക്‌സിറ്റ് ഗുണകരമായ ഒരു തീരുമാനമാണ്.

യുകെയിലേക്ക് പ്രവേശിക്കാൻ യൂറോപ്യൻ പൗരന്മാർക്ക് ഇപ്പോഴുള്ള സ്വാഭാവികമായ അവകാശത്തിന് അന്ത്യം വരുത്തിയതോടെ നിലവിലുള്ള കുടിയേറ്റ നയത്തിന് പകരമായി ഓസ്ട്രേലിയൻ മാതൃകയിലുള്ള പോയിന്റ് ബേസ്ഡ് സിസ്റ്റം ഏർപ്പെടുത്താനാണ് ബ്രെക്സിറ്റുകാർ ഒരുങ്ങുന്നത്. തുടർന്ന് കഴിവുകളുള്ളവരെ മാത്രമേ ഇവിടേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ഇത് ഇന്ത്യൻ ഐടി മേഖലയിൽ അടക്കമുള്ള പ്രമുഖർക്ക് ഗുണം ചെയ്യും. ബ്രെക്സിറ്റിലൂടെ യുകെയ്ക്ക് യൂറോപ്യൻ യൂണിയന്റെ കോമൺ കമേഴ്സ്യൽ പോളിസിയിൽ നിന്നും വിട്ട് പോരാനും തങ്ങളുടേതായ വ്യാപാരനയം ആവിഷ്‌കരിക്കാനും സർക്കാരിന് അധികാരം ലഭിക്കും. ഇതിലൂടെ ലോക വ്യാപാര സംഘടനയിൽ യുകെയ്ക്ക് സ്ഥാനം ലഭിക്കുകയും ചെയ്യും. ലോക വ്യാപാര സംഘടനയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയ്ക്കും ഇതിൽ ഗുണം ലഭിക്കും.

ഇന്ത്യൻ കമ്പനികളിൽ ചിലത് ബ്രിട്ടനിൽ ശക്തമായ അടിത്തറയുണ്ട്. ഭാരതി എയർടെൽ, ടാറ്റാ മോട്ടോഴ്സ്, മദർസൺ സുമി, എച്ച്സിഎൽ ടെക്നോളജീസ്, എമിക്യുർ ഫാർമ, അപ്പോളോ ടയേഴ്സ് എന്നിവ അവയിൽ ചിലതാണ്. ഈ കമ്പനികൾക്ക് എങ്ങനെ പിടിച്ചു നിൽക്കും എന്നതാകും പ്രധാനം.

യൂറോപ്യൻ രാജ്യങ്ങളുമായി വ്യാപാര കരാറുകൾ ഉണ്ടാകും

ബ്രിക്സിറ്റ് ക്യാമ്പിയിന് നേതൃത്വം നൽകിയതാണ് ബോറിസ് ജോൺസൺ മുൻലണ്ടൻ മേയറായിരുന്നു. ശക്തമായ ഇന്ത്യൻ കമ്മ്യൂണിറ്റിയോട് അനുഭാവ പൂർപ്പം പെരുമാറിയിരുന്ന ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായാൽ അത് ഗുണകരമാകുമെന്ന് കരുതുന്നവർ ഏറെയാണ്. ബ്രിട്ടീഷ് സാമ്പത്തിക വളർച്ചക്ക് വേണ്ടിയും ബ്രിട്ടീഷ് സംസ്‌ക്കാരം നിലനിർത്തുന്നതിനും വേണ്ടിയാണ് ബ്രിക്സിറ്റ് വാദക്കാർക്കൊപ്പം അദ്ദേഹം കൂടിയത്. തുർക്കിയിൽ നിന്നും അടക്കമുള്ള കുടിയേറ്റത്തെ ബ്രിട്ടീഷ് ജനത ഭയത്തോടെയാണ് നോക്കി കണ്ടത് എന്നതു തന്നെയാണ് ഇങ്ങനെയൊരു ഫലമുണ്ടാകാൻ ഇടയാക്കിയതും.

ജൂൺ 28 മുതൽ 29 വരെയുള്ള ദിവസങ്ങളിലാണ് ബ്രസൽസിൽ യൂറോപ്യൻ യൂണിയൻ സമ്മേളനം നടക്കുന്നത്. അവിടെ ബ്രിക്സിറ്റ് വോട്ടിനെ ക്കുറിച്ചും യൂറോപ്യൻ യൂണിയന്റെ ഭാവിയെ കുറിച്ചുമാകും ചർച്ചകളും തീരുമാനങ്ങളും ഉണ്ടാകുക. ഈ സമ്മേളനത്തിൽ ഔദ്യോഗികമായി തന്നെ ബ്രിട്ടൻ യൂറോപ്യന് യൂണിയനിൽ നിന്നും പിൻവാങ്ങുന്ന നടപടികൾ കൈക്കൊള്ളും. ഇനിയുള്ള ദിവസങ്ങളിൽ യൂറോപ്യൻ യൂണിയനിൽ അംഗങ്ങളായ രാജ്യങ്ങളുമായി ബ്രിട്ടൻ ഉഭയകക്ഷി ബന്ധവും വ്യാപാര ബന്ധവും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാകും നടത്തുക.

വർഷം തോറും യൂറോപ്യൻ ബഡ്ജറ്റിലേയ്ക്ക് പണം ഒഴുക്കുകയല്ലാതെ ഒരു ഗുണവും ബ്രിട്ടന് ലഭിക്കാറില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. തേ സമയം കച്ചവട ബന്ധങ്ങളും മറ്റ് യൂറോപ്യന്റെ ഭാഗമായതുകൊണ്ടല്ല ഉണ്ടാവുന്നത്. യൂറോപ്യൻ യൂണിയൻ അംഗത്വം ഇല്ലെങ്കിലും എത്ര രാജ്യക്കാരുമായി കരാർ ഉറപ്പിച്ച് കച്ചവടം നടത്താൻ സാധിക്കും. അതുപോലെ തന്നെയാണ് കുടിയേറ്റത്തിന്റെ കാര്യവും. വിസകൾ ഏർപ്പെടുത്തുകയോ, പ്രത്യേക അറേജ്‌മെന്റുകൾ വഴിയോ കഴിവുള്ളവരെ ഇങ്ങോട്ട് കൊണ്ടുവരാൻ ഇനിയും സാധിക്കും.

അതേസമയം പൗണ്ടിന്റെ വിലയിടിവ് പിടിച്ചു നിർത്തൽ അടക്കമുള്ള കാര്യങ്ങൾ പ്രതിസന്ധികൾ തീർക്കുന്നതാണ്. ബ്രിട്ടന്റെ പുറത്ത് പോക്ക് തുണക്കുക ഡോളറിനെയാണ്. എന്നാൽ താൽക്കാലികമായ ഈ തിരിച്ചടിയെ മറികടക്കാമെന്ന് പ്രതീക്ഷിക്കുന്നവരാണ് ബ്രെക്സിറ്റുകാർ. ഡോളറിന്റെ മൂല്യം വർധിക്കുന്നതോടെ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ എന്ന് ഭയക്കുന്നവരുമുണ്ട്.