കൊച്ചി: തൂങ്ങിമരിച്ച മാനസികാസ്വാസ്ഥ്യമുള്ള ദളിത് വിദ്യാർത്ഥിനിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താൻ ആയിരം രൂപ കൈക്കൂലി വാങ്ങിയെന്നു പിതാവിന്റെ ആരോപണം. പാവങ്ങളുടെ കീശയിലും കൈയിട്ടു വാരിയെന്ന ആരോപണം ഉയരുന്നതു മൂവാറ്റുപുഴ ജനറൽ ആശുപത്രി അധികൃതർക്കെതിരെയാണ്. ആശുപത്രിയിലെ നഴ്സിങ് അസ്സിസ്റ്റന്റാണു  കൈക്കൂലി വാങ്ങിയതെന്നാണ് പുറത്ത് വരുന്ന വിവരം.

മൂവാറ്റുപുഴ പോത്താനിക്കാട് ബസ് സ്റ്റാന്റിന് അകത്തു ചെരുപ്പ് കുത്തിയായി ജോലി നോക്കി കുടുംബം പുലർത്തുന്ന രാജുവാണ് മൂവാറ്റുപുഴ ജനറൽ ആശുപത്രി അധികൃതർക്കെതിരെ പരാതി ഉയർത്തുന്നത്. കോതമംഗലം ഊന്നുകല്ലിനടുത്തു കവളങ്ങാട് മേലേത്തുപാറയിലാണു രാജുവും കുടുംബവും താമസിക്കുന്നത്.

ചെറുപ്പം മുതലേ മാനസിക-ശാരീരികാസ്വസ്ഥ്യങ്ങൾ ഉണ്ടായിരുന്ന മൂത്ത മകൾ അബിമോളാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്. മകളുടെ ചേതനയറ്റ ശരീരം പോസ്റ്റുമാർട്ടം നടത്താൻ കൈക്കൂലി വാങ്ങിയത് 1000 രൂപയാണ്. രാജുവിന്റെ ഭാര്യ ലിസിയുടെ സഹോദരി ജോലി ചെയ്ത ആശുപത്രിയാണിത്. തങ്ങളുടെ ബുദ്ധിമുട്ട് ശരിക്ക് അറിയാവുന്നവരാണ് പണം വാങ്ങിയത് എന്നും രാജു പറയുന്നു. ഓലകൊണ്ടു മേഞ്ഞ, ചോർന്നൊലിക്കുന്ന, ഇതുവരെ വൈദ്യുതി പോലും ലഭിക്കാത്ത വീട്ടിലാണ് രാജുവും കുടുംബവും താമസിക്കുന്നത്.

ലീവ് എടുത്തു സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാർക്കെതിരെ വ്യാപക പരാതികൾ നിലവിലുള്ള എറണാകുളത്തെ സർക്കാർ ആശുപത്രിയാണ് മുവാറ്റുപുഴ ജനറൽ ആശുപത്രി. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം തന്നെ നേരിട്ട് ആശുപത്രിയിൽ എത്തി രോഗികൾക്കു കൃത്യമായ സേവനം നല്കണമെന്നുള്ള നിർദ്ദേശം നൽകിയിരുന്നു. ഇതിനിടയിൽ ആണ് തൂങ്ങി മരിച്ച മകളുടെ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി അധികൃതർ പണം ചോദിച്ചുവാങ്ങി എന്ന ആരോപണവുമായി പിതാവ് രംഗത്തെത്തിയത്.

+2 പഠനത്തിന് ഒരുങ്ങുമ്പോഴാണ് കഴിഞ്ഞ ആഴ്ച വീണ്ടും അപസ്മാരബാധ വന്നത്. മക്കളുടെ വിദ്യാഭ്യാസത്തിനാണ് രാജു മക്കളെ മൂന്ന് പേരെയും ഭാര്യയുടെ വീടായ ചാത്തമറ്റത്തുകൊണ്ട് പോയി വിട്ടത്. അവിടെ വച്ചായിരുന്നു സംഭവം. മാനസികമായി വൈകല്യമുള്ള കുട്ടിയായിരുന്നു അബി മോൾ എന്ന് ചാത്തമറ്റം സ്‌കൂളിൽ അബിയെ പഠിപ്പിച്ച അദ്ധ്യാപരും സമ്മതിക്കുന്നുണ്ട്. ഇതിന്റെ ചികിത്സകൾ കോട്ടയം മെഡിക്കൽ കോളേജിൽ നടത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ജൂൺ 10 നു അബി ചാത്തമറ്റത്ത് അമ്മയുടെ വീട്ടിൽ തൂങ്ങി മരിക്കുന്നത്. തുടർന്നു മൂവാറ്റുപുഴ ആശുപത്രിയിൽ മകളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താൻ എത്തിയപ്പോഴാണ് ആയിരം രൂപ കൈക്കൂലി വാങ്ങിയത്.

പ്രിയപ്പെട്ടവർ മരിച്ചു തകർന്ന മനസുമായി എത്തുന്ന ഒരു മനുഷ്യന് പോലും തന്റെ അവസ്ഥ വരരുത് എന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് ഇക്കാര്യത്തിൽ പരാതി ഉന്നയിക്കുന്നതെന്നു രാജു പറഞ്ഞു. അബിയെ കൂടാതെ രാജു-ലിസി ദമ്പതികൾക്കു റൂബി, എബി എന്ന രണ്ടു മക്കൾ കൂടിയുണ്ട്.

എറണാകുളം ജില്ലയിലുള്ള രണ്ടു ജനറൽ ആശുപത്രിയിൽ ഒന്നാണ് മൂവാറ്റുപുഴയിലേത്. രാജുവിനുണ്ടായതിനു സമാനമായ അവസ്ഥ ഇവിടെ പലർക്കും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ ആരും പുറത്തുപറയുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇങ്ങനെ ഒരു സംഭവം തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അന്വേഷിക്കുമെന്നും മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം മറുനാടൻ മലയാളിയോടു പറഞ്ഞു. കുറ്റം കണ്ടെത്തിയാൽ ശക്തമായ നടപടി എടുക്കുമെന്നും എൽദോ എബ്രഹാം പറഞ്ഞു.