കോഴിക്കോട്: വിവാഹ സങ്കൽപ്പങ്ങളും രീതികളും ഇന്നത്തെ കാലത്ത് മാറിമാറി വരികയാണ്. ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങളിലൊന്നിന്നെ എന്നെന്നും ഓർത്തുവെക്കത്തക്ക രീതിയിൽ വ്യത്യസ്തമാക്കാൻ മുന്നോട്ട് വരികയാണ് വധുവും വരനുമൊക്കെ.വിവാഹ റാഗിങ്ങിന്റെ പേരിൽ എന്നെന്നും വിമർശനമേൽക്കേണ്ടി വരുന്ന കോഴിക്കോട് ഉൾപ്പെടെയുള്ള പ്രദേശത്ത് നിന്നും വേറിട്ടൊരു നിക്കാഹ് വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.മാറ്റത്തിന്റെ പുതുമാതൃക തീർത്ത ഒരു നിക്കാഹ്

വരൻ മഹർ നൽകാൻ ഒരുങ്ങിയപ്പോൾ പള്ളിക്കുള്ളിലെ വേദിയിൽ സ്വീകരിക്കാൻ നേരിട്ടെത്തി വധു.നിക്കാഹിന് ഒത്തുകൂടിയവരിൽ അമ്പരപ്പും ഒരേ സമയം സന്തോഷവും ഉണ്ടായക്കുന്ന കാഴ്‌ച്ചയായിരുന്നു അത്.ഈ മാറ്റത്തെ ചടങ്ങിനെത്തിയവരെ മനസ്സുകൊണ്ട് സ്വീകരിക്കുകയും ചെയ്തു.കുറ്റ്യാടി പാലേരി പാറക്കടവ് ജുമാമസ്ജിദാണ് സാധാരണയിൽ നിന്നും വ്യത്യസ്തമായ വിവാഹച്ചടങ്ങിന് സാക്ഷിയായത്.മസ്ജിദിനുള്ളിൽ നടന്ന നിക്കാഹ് കർമത്തിന് മുഴുവൻ സമയവും സാക്ഷിയായി വധുവും ഉണ്ടായിരുന്നു.

വടക്കുമ്പാട് ചെറുവക്കര ഖാസിമിന്റെ മകൻ ഫഹദ് ഖാസിമാണ് വരൻ. വീട്ടിൽ നിന്ന് ബന്ധുക്കൾക്കൊപ്പം എത്തിയ ബഹ്ജക്ക് പള്ളിക്കുള്ളിൽ തന്നെ ഇരിപ്പിടം നൽകുകയായിരുന്നു. മഹർ വരനിൽനിന്ന് വേദിയിൽ വെച്ചുതന്നെ സ്വീകരിക്കുകയും ചെയ്തു. പണ്ഡിതരോട് ചോദിച്ച് അനുകൂല മറുപടി ലഭിച്ചതിനാലാണ് വധുവിന് പ്രവേശനം നൽകിയതെന്ന് മഹല്ല് ജമാഅത്ത് ജനറൽ സെക്രട്ടറി ഇ.ജെ. മുഹമ്മദ് നിയാസ് പറഞ്ഞു. നിക്കാഹിന് ഖതീബ് ഫൈസൽ പൈങ്ങോട്ടായി നേതൃത്വം നൽകി.

സാധാരണ നിക്കാഹ് ചടങ്ങുകൾ കാണാൻ വധുവിന് അവസരം ലഭിക്കാറില്ല.വീടുകളിലും പള്ളികളിലും സൗകര്യപ്രദമായ സ്ഥലങ്ങളിലോ വെച്ച് നിക്കാഹ് നടത്തപ്പെടുന്നു. വിവാഹജീവിതം ആരംഭിക്കുന്നതിന് മുമ്പ് നിക്കാഹ് നടത്തിയിരിക്കൽ നിർബന്ധമാണ്. നിയമപ്രകാരം നിക്കാഹോടുകൂടി ഇണകളായി മാറുമെങ്കിലും,വിവാഹജീവിതം ആരംഭിക്കുന്നത് ചിലപ്പോൾ നീട്ടിവെക്കാറുണ്ട്.വരനും വധുവും വധുവിന്റെ രക്ഷിതാവും രണ്ട് സാക്ഷികളും നിക്കാഹ് കർമ്മത്തിന് അനിവാര്യമാണ്.അനിവാര്യമായ സന്ദർഭങ്ങളിൽ അധികാരപ്പെടുത്തപ്പെട്ടവർക്കും നിക്കാഹ് നടത്താൻ അനുവാദമുണ്ട്.

നിക്കാഹിനുമുമ്പ് വധുവിന്റെ സമ്മതം ആരായുകയും, വധുവിന്റെ രക്ഷിതാവ് തന്റെ മകളെ വിവാഹം ചെയ്തുതരുന്നതായും വരൻ അത് സ്വീകരിച്ചതായും പ്രതിജ്ഞ ചെയ്യുന്നു. തുടർന്ന് മഹർ കൈമാറുകയും രേഖകളിൽ ഒപ്പുവെക്കുകയും ചെയ്യുന്നു. തുടർന്ന് വധൂവർന്മാർക്കായി പ്രാർത്ഥിക്കുകയും ഒരു ലഘുപ്രഭാഷണത്തോടെ കർമ്മം അവസാനിക്കുകയും ചെയ്യുന്നു. നിക്കാഹിന് ശേഷം വരൻ മഹർ വധുവിന്റെ വീട്ടിലെത്തിയാണ് സാധാരണ അണിയിക്കുക.

മാറുന്ന കാലത്ത് വധുവിനെക്കുടി ഉൾപ്പെടുത്തിയ നിക്കാഹിന് അനുകൂല പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്.കഴിഞ്ഞയാഴ്ച ഇതേ മഹല്ലിലെ ഇ.ജെ. അബ്ദുറഹീമിന്റെ മകൾ ഹാലയുടെ നിക്കാഹ് വേളയിൽ ഹാലയും മാതാവും വേദിയിലുണ്ടായിരുന്നു. സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന ആ ചടങ്ങിലും വധു വേദിയിൽനിന്നുതന്നെ മഹർ സ്വീകരിക്കുകയായിരുന്നു.