ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ പുതിയ വ്യാപാരക്കരാറുകൾ ലക്ഷ്യം വച്ച് ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് ചാൻസലർ ഫിലിപ്പ് ഹാമണ്ട് ഇന്ത്യൻ ധനകാര്യമന്ത്രിയാ അരുൺ ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് വിസകളിൽ ഇളവ് അനുവദിക്കണമെന്നാണ് ഈ അവസരത്തിൽ ജയ്റ്റ്ലി ഹാമണ്ടിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ ഇരു ധനകാര്യമന്ത്രിമാരുടെയും ചർച്ച ഇരു രാജ്യങ്ങൾക്കും തികഞ്ഞ പ്രതീക്ഷയാണേകുന്നത്. ബ്രിട്ടീഷ്പ്രധാനമന്ത്രി തെരേസ മെയ്‌ കഴിഞ്ഞ ദിവസം സൗദി അറേബ്യയിലേക്കും ജോർദാനിലേക്കും വ്യാപാര ചർച്ചകൾ നടത്താനായി പോയിരുന്നു. അതിന് പിന്നാലെയാണ് ഹാമണ്ട് ഇന്ത്യയിലെത്തിയിരിക്കുന്നത്.

യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്ത് കടക്കുന്ന യുകെ നിലവിൽ ഇന്ത്യയുമായി വ്യത്യസ്തമായ നിലവാരത്തിലുള്ള പുതിയ ബന്ധമുണ്ടാക്കാനാണ് ശ്രമിക്കുന്നെന്നാണ് അരുൺ ജയ്റ്റ്ലി ഈ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. ഇതിലൂടെ ഇന്ത്യയ്ക്കും ബ്രിട്ടനും നേട്ടങ്ങളൊരുപാടുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ തന്നെ ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാരബന്ധമടക്കമുള്ള ബന്ധങ്ങളെല്ലാം മികച്ചതാണെങ്കിലും പരസ്പരം വിട്ട് വീഴ്ചകൾ നടത്തി ഇതിനിയും സുദൃഢമാക്കണമെന്ന ആവശ്യമാണ് ജയ്റ്റ്ലി ഹാമണ്ടിന് നൽകിയിരിക്കുന്നതെന്ന് സൂചനയുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രഫഷണലുകൾക്കും യുകെയിലെ വിസകളിൽ ഇളവ് അനുവദിക്കാനുള്ള ആവശ്യവും അദ്ദേഹം മുന്നോട്ട് വച്ചിരിക്കുന്നത്.

കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു ധനകാര്യമന്ത്രിമാരും ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് ഇന്ത്യയുടെ നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് കീഴിൽ ഇരു രാജ്യങ്ങളും ഒരു ജോയിന്റ് ഫണ്ടിൽ 120 മില്യൺ പൗണ്ട് നിക്ഷേപിക്കാനും തീരുമാനിച്ചുവെന്ന് അവർ പ്രഖ്യാപിച്ചിട്ടുണ്ട്. എനർജിയിലും റിന്യൂവബിളുകളിലും നിക്ഷേപിക്കുന്നതിനാണീ തുക വിനിയോഗിക്കുന്നത്. അന്താരാഷ്ട്ര മാർക്കറ്റുകളിൽ ഇന്ത്യയുടെ കറൻസി കൂടുതൽ സ്വതന്ത്രമായി വ്യാപാരം ചെയ്യാവുന്ന തരത്തിലാക്കുന്നതിനെ പറ്റിയുള്ള ശ്രമങ്ങളെ പറ്റിയും ഇരു നേതാക്കളും ചർച്ച ചെയ്തിരുന്നു.

ലണ്ടനിലെ നിക്ഷേപകരിൽ നിന്നും ഇന്ത്യൻ കമ്പനികൾക്ക് തങ്ങളുടേതായ കറൻസിയിൽ കടം വാങ്ങാവുന്ന മസാല ബോണ്ടുകൾ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും അവർ ചർച്ച ചെയ്തിരുന്നു. ദി നാഷണൽ ഹൈവേസ് അഥോറിറ്റി ഓഫ് ഇന്ത്യ, ദി ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് ഏജൻസി, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ എന്നിവയെല്ലാം വരാനിരിക്കുന്ന മാസങ്ങളിൽ മസാല ബോണ്ടുകൾ ഇഷ്യൂ ചെയ്യാൻ ഒരുങ്ങുകയാണെന്നും ഇരു ധനകാര്യമന്ത്രിമാരും പ്രസ്താവിച്ചു.

ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായ ഇന്ത്യയുമായി വ്യാപാരക്കരാറുണ്ടാക്കിയാൽ അത് തങ്ങൾക്ക് മികച്ച നേട്ടമുണ്ടാക്കുമെന്നാണ് ഹാമണ്ട് അടക്കമുള്ള ബ്രിട്ടീഷ് നേതാക്കന്മാർ വിശ്വസിക്കുന്നത്. 1.3 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യയിലെ വിശാലമായ വിപണി പരമാവധി മുതലാക്കാനാണ് ബ്രിട്ടൻ ഇപ്പോൾ അരയും തലയും മുറുക്കി രംഗത്തെത്തിയിരിക്കുന്നത്.യുകെ ബ്രെക്സിറ്റിലൂടെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിനാൽ യൂണിയന് പുറത്തുള്ള പരമാവധി രാജ്യങ്ങളുമായി വ്യാപാരക്കരാറുകൾ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും ഇത്തരത്തിൽ വിവിധ രാജ്യങ്ങളിലേക്ക് വ്യാപാര ദൗത്യങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ബ്രിട്ടന്റെ ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സ് അടുത്തിടെ ദുബായ്, ഒമാൻ, ഇന്തോനേഷ്യ,മലേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലേക്ക്വ്യാപാര ദൗത്യവുമായി പോയിരുന്നു.