ലണ്ടൻ: ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹീം സിങ്ങിനെതിരായ ശിക്ഷാ വിധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ സുരക്ഷ ഉറപ്പാക്കണമെന്ന് ബ്രിട്ടനും കാനഡയും മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ, ഗുർമീത് കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടർന്നുണ്ടായ അക്രമങ്ങളിൽ 36 പേർ കൊല്ലപ്പെട്ടിരുന്നു. കേസിൽ ഗുർമീതിന് പത്തു വർഷം കഠിനതടവ് കോടതി ഇന്ന് ശിക്ഷ വിധിച്ചതോടെ വീണ്ടും അക്രമങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്.

സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് യാത്ര നടത്തുന്നവർ പ്രാദേശിക അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും മാധ്യമ വാർത്തകൾ ശ്രദ്ധിക്കണമെന്നും ബ്രിട്ടനും കാനഡയും വ്യക്തമാക്കിയിരുന്നു. യാത്ര നടത്തുന്ന കമ്പനിയുടെ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടണമെന്നും ഇരുരാജ്യങ്ങളും മുന്നറിയിപ്പ് നൽകി. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചണ്ഡിഗഢിലെ ബ്രിട്ടിഷ് ഡപ്യൂട്ടി ഹൈക്കമ്മിഷനും ബ്രിട്ടിഷ് കൗൺസിൽ ഓഫിസും തിങ്കളാഴ്ച വരെ അടച്ചിരുന്നു.

ബ്രിട്ടൻ, യുഎസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും വിവാദ ആൾദൈവത്തിന് അനുയായികൾ ഉണ്ടെന്നാണ് അവകാശവാദം.യുകെ ആസ്ഥാനമായ വേൾഡ് റെക്കോഡ്‌സ് യൂണിവേഴ്‌സിറ്റി ഇദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ പ്രസ്താവന വായിച്ചാൽ ഏവരും ഞെട്ടും. 'വിവിധ വിഭാഗങ്ങളിലായി 53 ലോക റെക്കോർഡുകളാണ് റാം റഹിമിനുള്ളത്. ഇതിൽ 17 എണ്ണം ഗിന്നസ് റെക്കോർഡാണ്. 27 എണ്ണം ഏഷ്യ ബുക്ക് റെക്കോർഡും ഏഴെണ്ണം ഇന്ത്യ ബുക്ക് റെക്കോർഡും രണ്ടെണ്ണം ലിംക റെക്കോർഡുമാണ്. ഇതെല്ലാം പരിഗണിച്ചാണ് ബാബാജിക്ക് യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നൽകുന്നത്'. ഏതായാലും പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ,ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് മുന്നറിയിപ്പ്.