ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി സംഘർഷം കൊടുമ്പിരി കൊണ്ടിരിക്കെ, തന്ത്രപ്രധാനമായ മൂന്നാമത്തെ റോഡ് നിർമ്മിച്ച് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ. നിമ്മു-പദം-ദർച്ച റോഡ് എന്നാണ് ഇത് അറിയപ്പെടുക. അതിർത്തിയിൽ നിന്ന് അകലെയായതിനാൽ അയൽ രാജ്യങ്ങളായ ചൈനയ്‌ക്കോ, പാക്കിസ്ഥാനോ ഈ പുതിയ റോഡിലെത്താൻ മാർഗ്ഗമില്ല. അതുകൊണ്ട് തന്നെ ഈ റോഡ് വളരെ തന്ത്രപ്രധാനമാണ്.

അന്താരാഷ്ട്ര അതിർത്തിക്ക് അടുത്തുള്ള ശ്രീനഗർ-കാർഗിൽ-ലേ , മനാലി-സർച്ചു-ലേ റോഡുകൾ ശത്രുക്കൾക്ക് നിരീക്ഷിക്കാൻ എളുപ്പമാണ്. എന്നാൽ, നിമ്മു-പദം-ദർച്ച റോഡ് നിരീക്ഷിക്കുക അയൽക്കാർക്ക് അത്ര എളുപ്പമാവില്ല. മനാലിയിൽ നിന്ന് ലേയിലേക്കുള്ള യാത്രാ ദൂരം പുതിയ റോഡ് വന്നതോടെ പകുതിയായി കുറയും. പഴയ റോഡിൽ കൂടി സഞ്ചരിച്ചാൽ 12 മുതൽ 14 മണിക്കൂർ യാത്രയ്ക്ക് എടുത്തിരുന്നെങ്കിൽ പുതിയ റോഡിലൂടെ 6 മുതൽ 7 മണിക്കൂർ വരെ മാത്രം.

മറ്റുറോഡുകളെ അപേക്ഷിച്ച് വർഷം മുഴുവൻ ഈ റോഡ് തുറന്നുവയ്ക്കാൻ കഴിയും എന്ന സവിശേഷതയുമുണ്ട്. മറ്റുരണ്ടു റോഡുകളും 6-7 മാസം വരെയാണ് തുറന്നിരിക്കുക. നവംബർ മുതൽ ആറ് മാസത്തേക്ക് ഈ റോഡുകൾ അടച്ചിടുകയാണ് പതിവ്. റോഡ് ഇപ്പോൾ പ്രവർത്തനക്ഷമമായെന്ന് ബിആർഒ എഞ്ചിനീയർമാർ അറിയിച്ചു. ഭാരവാഹനങ്ങളുടെ യാത്രയ്ക്കായി റോഡ് പൂർണസജ്ജമായി കഴിഞ്ഞു. 30 കിലോമീറ്റർ ഭാഗത്ത് പണി പൂർത്തിയാകാനുണ്ടെങ്കിലും സൈന്യത്തിന് റോഡ് ഉപയോഗിക്കാൻ കഴിയും. സുരക്ഷാ ഭീതിയില്ലാതെ സൈനിക നീക്കം സാധ്യമാകും എന്നതാണ് മുഖ്യ സവിശേഷത. ഏതെങ്കിലും അതിർത്തിയോട് ചേർന്നല്ല ഈ റോഡെന്ന് ബിആർടിഎഫ് കമാൻഡർ 16 സൂപ്രണ്ട് എഞ്ചിനീയർ എം.കെ.ജെയിൻ അറിയിച്ചു.

258 കിലോമീറ്ററാണ് റോഡിന്റെ ദൈർഘ്യം. ശൈത്യ കാലം-വേനൽകാലം എന്ന ഭേദമില്ലാതെ യാ്രത ചെയ്യാം. കഴിഞ്ഞ രണ്ട് വർഷമായി ഈ റോഡിന്റെ നിർമ്മാണം പുരോഗമിക്കുകയായിരുന്നു. ലഡാക്കിലേക്കുള്ള സുരക്ഷിതമായ മേഖലയാണിതെന്ന് ബി ആർ ഒ അഭിപ്രായപ്പെടുന്നു. ഇക്കഴിഞ്ഞ കാർഗിൽ വിജയ ദിവസിലാണ് റോഡ് പരസ്പരം ബന്ധിപ്പിച്ചത്.

സാൻസ്‌കർ മേഖലയിലെ പദും വാൻല വഴി ലേയും തമ്മിലുള്ള റോഡ് രാജ്യ ചരിത്രത്തിലെ നിർണായക സമയത്ത് നേടിയ നേട്ടമാണെന്ന് ഒരു ബി ആർ ഒ ഉദ്യോഗസ്ഥൻ പറഞ്ഞു. 2019 സെപ്റ്റംബർ 10ന് ഷിങ്കുൻ ലാ പാസ് ,സാൻകറിനെ ഹിമാചൽപ്രദേശുമായി ബന്ധിപ്പിച്ചത് പുതിയ കേന്ദ്രഭരണപ്രദേശമായ ലഡാക്കിന് ഒരു പ്രത്യേക സമ്മാനമായിരുന്നു. കനത്ത മഞ്ഞ് വീഴ്ചയിലും കടുത്ത കാലാവസ്ഥയിലും ബി ആർ ഒ നിർമ്മിച്ച രണ്ട് റോഡുകൾ വർഷത്തിൽ അടച്ചിടാറുണ്ട്. സോജില ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധമുള്ളതും കാശ്മീർ താഴ്‌വരയുമായി ബന്ധിപ്പിക്കുന്നതും നിയന്ത്രണരേഖയുടെ അടുത്തുകൂടെ കടന്നുപോകുകയും ചെയ്യുന്നതാണ്.ലോകത്തിലെ ഏറ്റവും തണുപ്പുള്ള ജനവാസ കേന്ദ്രങ്ങളിൽ രണ്ടാമത്തെ സ്ഥലമണിവിടം. കനത്ത മഴയത്തും അതി ശൈത്യകാലത്തും അഞ്ച് മാസം വരെ ഇവിടെ അടച്ചിടാറുണ്ട്.

ദ്രാസ്-കാർഗിൽ മേഖലയിലൂടെ കടന്നുപോകുന്ന സോജില പാതയിൽ 1999 ലെ കാർഗിൽ യുദ്ധത്തിനിടെ പാക്കിസ്ഥാൻ കടുത്ത ആക്രമണം നടത്തിയിരുന്നു. റോഡിന് ചുറ്റുമുള്ള കുന്നുകളിൽ നിന്ന് ആക്രമിക്കാൻ എളുപ്പവുമായിരുന്നു. ഏതായാലും നിമ്മു-പദം-ദർച്ച റോഡ് താരതമ്യേന സുരക്ഷിതമാണെന്ന് ബിആർഒ അവകാശപ്പെടുന്നു.