രുമിച്ച് വളർന്ന രണ്ട് സഹോദരങ്ങൾ. ഒരാൾ ഇസ്ലാം മതം സ്വീകരിച്ച് വിവാഹിതനായി കുടുംബത്തോടൊപ്പം ജീവിക്കുന്നു. മറ്റൊരാൾ ഇസ്ലാമിക വിരുദ്ധത മുഖ്യ ആശയമാക്കിയ ഇംഗ്ലീഷ് ഡിഫൻസ് ലീഗിന്റെ നേതാവും. ഇത് അബ്ദുൾ റഹ്മാൻ ടോബിന്റെയും സഹോദരൻ ലീ ഹാഡ്‌ലിയുടെയും കഥയാണ്. രണ്ട് സഹോദരന്മാരെയും ഒരുമിച്ചിരുത്തി ഐടിവി ആ കഥ പറയുന്നു.

2009-ലാണ് ടോബിൻ ഇസ്ലാം മതത്തിലേക്ക് മാറുന്നത്. കൂട്ടുകൂടി മദ്യപിച്ച് ചൂതാടി നടന്ന കാലമായിരുന്നു ടോബിന്റേത്. ഈ ജീവിതം മടുത്തതോടെയാണ് ടോബിൻ ഇസ്ലാം മതത്തിലേക്ക് തിരിയുന്നത്. ഇസ്ലാം മതത്തിന്റെ ചരിത്രത്തിലും അതിന്റെ ആശയങ്ങളിലും ആകൃഷ്ടനായി ടോബിൻ മതംമാറുകയായിരുന്നു. എന്നാൽ, സഹോദരന്റെ മാറ്റമൊന്നും ലീ ഹാഡ്‌ലിയെ ബാധിച്ചില്ല.

ഇംഗ്ലീഷ് ഡിഫൻസ് ലീഗിന്റെ സജീവ പ്രവർത്തകനായ ലീ ഹാഡ്‌ലി കടുത്ത മുസ്ലിം വിരോധിയാണ്. അടുത്തിടെ ഒരു മോസ്‌ക് തുറക്കുന്നതിനെതിരെ നടന്ന പ്രതിഷേധത്തിന്റെ മുൻനിരയിലും ലീ ഹാഡ്‌ലിയുണ്ടായിരുന്നു. രണ്ടുപേരും രണ്ട് വ്യത്യസ്ത വഴികളിലാണെങ്കിലും ഇരുവരും നല്ല സ്‌നേഹത്തിലാണ് ഇപ്പോഴും കഴിയുന്നത്. രണ്ടുപേരും അവർ തിരഞ്ഞെടുത്ത വഴികളെ ബഹുമാനിക്കുകയും ചെയ്യുന്നു.

ബർമ്മിങ്ങാമിലാണ് ടോബിൻ താമസിക്കുന്നത്. തന്റെ ആർഭാട ജീവിതത്തിന് അർഥമില്ലെന്ന് മനസ്സിലായതോടെയാണ് ഇസ്ലാം മതത്തിലേക്ക് തിരിഞ്ഞതെന്ന് ടോബിൻ പറഞ്ഞു. ഇപ്പോൾ സുഹൃത്തുക്കളും ജീവിത രീതികളും മാറി. ജീവിതത്തിൽ അച്ചടക്കം വന്നു-ടോബിൻ പറഞ്ഞു. എന്നാൽ, വെസ്റ്റ് മിഡ്‌ലൻഡ്‌സിലെ ക്രാഡ്‌ലി ഹീത്തിലാണ് ഹാഡ്‌ലി താമസിക്കുന്നത്. മതംമാറാനുള്ള തീരുമാനം ടോബിൻ ആദ്യം പറഞ്ഞപ്പോൾ താൻ നടുങ്ങിയെന്ന് ഹാഡ്‌ലി പറയുന്നു.

ടോബിന്റെ തീരുമാനം അംഗീകരിക്കുന്നുവെങ്കിലും സഹോദരനെ പിന്തുണയ്ക്കുന്നില്ലെന്ന് ഹാഡ്‌ലി പറഞ്ഞു. പക്ഷേ, സഹോദരനെ തള്ളിപ്പറയാൻ താനൊരുക്കമല്ലെന്നും ഹാഡ്‌ലി പറഞ്ഞു. ടോബിൻ മതംമാറിയപ്പോൾ അബ്ദുൾ എന്ന് പേരുമാറ്റിയെങ്കിലും പഴയ രീതിയിൽ ഷോൺ എന്നുതന്നെ വിളിക്കാനാണ് താനാഗ്രഹിക്കുന്നതെന്നും ഹാഡ്‌ലി പറയുന്നു.