ആലപ്പുഴ: സ്വർണം വാങ്ങാനായി പശ്ചിമ ബംഗാളിലെത്തിയ വിമുക്തഭടന്മാരായ മലയാളി സഹോദരന്മാർ മരിച്ച നിലയിൽ കണ്ടെത്തിയതിൽ സർവ്വത്ര ദുരൂഹത. ആലപ്പുഴ ജില്ലയിലെ പാണാവള്ളി പള്ളിവെളി കുന്നേൽവെളി വീട്ടിൽ മാമ്മച്ചൻ ജോസഫ് (58), കുഞ്ഞുമോൻ ജോസഫ് (51) എന്നിവരാണ് മരിച്ചത്. വിഷം ഉള്ളിൽച്ചെന്നാണ് മരണമെന്നാണ് റിപ്പോർട്ട്. സഹോദരന്മാർ കൊൽക്കത്തയിൽ പോയത് 'നിധി' സ്വന്തമാക്കാനെന്ന് വ്യക്തമായിട്ടുണ്ട്്. ബംഗാളിലെ ഗ്രാമത്തിൽ നിധി കിട്ടിയ സ്വർണം കുറഞ്ഞവിലയ്ക്ക് കിട്ടുമെന്ന് ആരോ വിശ്വസിപ്പിച്ചതനുസരിച്ചാണ് ഇവർ ബംഗാളിൽ പോയത്. ഇതിനുവേണ്ടിയുള്ള രണ്ടാമത്തെ യാത്രയായിരുന്നു ഇവരുടെത്.

ഇവർക്കൊപ്പം രണ്ടാഴ്ച മുമ്പ് കൊൽക്കത്തയ്ക്കു പോയ സ്വർണപ്പണിക്കാരൻ സുധീറാണ് ഇതു സംബന്ധിച്ച് സൂചന നൽകിയത്. സുധീർ ആദ്യം വിസമ്മതിച്ചെങ്കിലും സഹപാഠി കൂടിയായ മാമ്മച്ചന്റെ നിർബന്ധത്തിനു വഴങ്ങി പോയെന്നാണ് സുധീർ പറഞ്ഞത്. കൊൽക്കത്തയിലെ ഉൾപ്രദേശത്ത് ഒരു കൂട്ടർക്ക് നിധി കിട്ടിയിട്ടുണ്ടെന്ന് മാമ്മച്ചൻ സുധീറിനോട് പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നതിനിടയിൽ കിട്ടിയതാണത്രേ. കുറഞ്ഞവിലയ്ക്ക് അതുകിട്ടുമെന്നും പറഞ്ഞു. സ്വർണത്തിന്റെ മാറ്റ് നോക്കാനായിട്ടാണ് തന്നെ കൂട്ടിയത്. കൊൽക്കൊത്തയിൽ ഹൗറപ്പാലത്തിനുസമീപമുള്ള ഒരു ലോഡ്ജിലായിരുന്നു താമസിച്ചത്. പിറ്റേന്ന് രണ്ട് ബസുകൾ കയറി ഒരു സ്ഥലത്തെത്തി.

സ്ഥലത്തിന്റെ പേര് അറിയില്ല. യാത്രയ്ക് രണ്ടുമണിക്കൂർ എടുത്തു. ഒരു ബസിൽ നമ്പർ 12 എന്നെഴുതിയിരുന്നു. ബസിൽ നിന്നിറങ്ങിയ ശേഷം രണ്ടുപേരെത്തി ബൈക്കുകളിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. പിന്നീട് ഏറെ നേരം വയലിലൂടെ നടന്നു. ഒരു കുടിലിലാണ് തങ്ങളെ എത്തിച്ചത്. പാണാവള്ളി പള്ളിവെളിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഒരു ബംഗാളിയെയും അവിടെ കണ്ടു. അകത്ത് കയറിയ ഉടൻ ഗേറ്റ് പൂട്ടി. തുടർന്ന് ഒരു ഇരുട്ട് മുറിയിലേക്കാണ് കൊണ്ടുപോയത്. ചെമ്പ് പാത്രത്തിൽനിന്ന് വയോധികനായ ഒരാളാണ് നിധി കിട്ടിയ 'തങ്ക നാണയങ്ങൾ' പുറത്തെടുത്തത്. മൊത്തം 490 നാണയങ്ങൾ കാണിച്ചതായി ഓർമയുണ്ട്. അതിൽ മൂന്നെണ്ണം മാത്രമേ താൻ പരിശോധിച്ചുള്ളൂ. അത് ഗുണമേന്മയുള്ളതായിരുന്നുവെന്നും സുധീർ പറയുന്നു.

അന്ന് വില പറഞ്ഞ് ഉറപ്പിച്ചെങ്കിലും അന്ന് സഹോദരന്മാർ സ്വർണം വാങ്ങാതെയാണ് മടങ്ങിയത്. പിന്നീട് അടുത്തവരവിന് വാങ്ങാമെന്നു പറഞ്ഞ് മടങ്ങിപ്പോരുകയായിരുന്നു. രണ്ടുഗ്രാമിന്റെ ഒരു സ്വർണനാണയത്തിന് 1300 രൂപയാണ് അവർ ചോദിച്ചത്. അത്രയും സ്വർണം നാട്ടിലെത്തിച്ചാൽ 4500രൂപയോളം വില കിട്ടുമെന്ന കണക്കുക്കൂട്ടലിലായിരുന്നു മാമ്മച്ചനും കുഞ്ഞുമോനും. അന്ന് സ്വർണം വാങ്ങാത്തതിനെച്ചൊല്ലി സഹോദരന്മാർ തമ്മിൽ വാഗ്വാദവുമുണ്ടായി. ശരിക്കും താൻ ഇവർക്കൊപ്പം ഭയന്നാണ് കഴിഞ്ഞതെന്ന് സുധീർ പറഞ്ഞു. കൊൽക്കത്തയിൽനിന്ന് നൂറിലേറെ കിലോമീറ്റർ അകലെ ബർദ്വാനിലെ ബ്രഹ്മചന്ദപൂരിലുള്ള ശരണ്യ ആശുപത്രിയിലാണ് മാമച്ചനേയും കുഞ്ഞുമോനേയും ആദ്യം പ്രവേശിപ്പിച്ചത്. മാമ്മച്ചൻ അവിടെ മരിച്ചു. കുഞ്ഞുമോൻ ജോസഫിനെ പിന്നീട് കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാണാവള്ളിയിലുള്ള ഇവരുടെ വീട് ബംഗാളിൽനിന്നുള്ള പണിക്കാർക്ക് വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. ഇവർ വഴിയാണ് സ്വർണ്ണത്തെ കുറിച്ചുള്ള വിവരങ്ങൾ ഇരുവരും അറിഞ്ഞതെന്നും. സ്വർണ് നിധിയെന്ന വിശ്വസിച്ച് അതു തേടിപ്പോയ വഴിയെയാണ് മരണം സംഭവിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. വാടക വീട്ടിൽ താമസിക്കുന്ന ഒരു നിർമ്മാണത്തൊഴിലാളിയുമായി ഇവർ രണ്ടാഴ്ച മുമ്പും കൊൽക്കത്തയ്ക്ക് പോയിരുന്നു. അന്നു കൂടെ പോയ ബംഗാളി ഇത്തവണത്തെ യാത്രയിൽ ഒപ്പമില്ല. പക്ഷേ, അയാളെപ്പറ്റി ഇപ്പോൾ വിവരമൊന്നുമില്ല. മൊബൈൽ നമ്പർ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമാണ്. ചെന്നൈയിൽ പോകുന്നു എന്നു പറഞ്ഞാണ് ഇരുവരും നാട്ടിൽ നിന്ന് പോയത്. നിധിയുമായി ബന്ധപ്പെട്ട യാത്രയാണ് എന്നറിയാവുന്ന വീട്ടുകാർ വിലക്കിയിരുന്നതായും സൂചനയുണ്ട്. കേരള പൊലീസിന് സംഭവത്തെ പറ്റി കൂടുതൽ ധാരണകളില്ല. മാമ്മച്ചന്റെ ഭാര്യ: മേരി. മക്കൾ: സൗമ്യ, ക്‌ളിഫിൻ. മരുമക്കൾ: സിബി, ആശ. കുഞ്ഞുമോൻ ജോസഫിന്റെ ഭാര്യ: ജയന്തി. മക്കൾ: ആൽഫിൻ, അലക്‌സ്.

സ്വർണം വാങ്ങാൻ കരുതിയിരുന്ന പണമാണ് നഷ്ടപ്പെട്ടതെന്നാണ് വിവരം. വിഷം ഉള്ളിൽ ചെന്നായിരുന്നു ഇരുവരും മരിച്ചത്. മാമച്ചൻ ജോസഫ് ബ്രഹ്മചന്ദപൂരിൽ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയപ്പോൾ കുഞ്ഞുമോൻ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വച്ചായിരുന്നു മരിച്ചത്.