പെരുമ്പാവൂർ: വീടിനു സമീപത്തെ പാറപ്പുറത്തിരുന്നുള്ള മദ്യപാനം ചോദ്യം ചെയ്തപ്പോൾ തെറിവിളിയും മർദ്ദനവും തുടങ്ങി. നേരാംവണ്ണം ഭക്ഷണം പോലും കഴിക്കാതെ അവശനിലയിലായിരുന്നതിനാൽ കാര്യമായ പ്രതിരോധവുമുണ്ടായില്ല. മിനിട്ടുകൾക്കുള്ളിൽ നിലം പതിച്ചപ്പോൾ വീടിനുള്ളിൽ കിടത്തി സ്ഥലംവിട്ടു. മുനിപ്പാറയിലെ മൃഗീയ ആക്രണത്തിലും കൊലപാതകത്തിലും പൊലീസ് ക്യാമ്പിലെ ജീവനക്കാരന്റെ മകനും നിരവധി കേസുകളിലെ പ്രതികളായ മറ്റു മൂന്നുപേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്.

കുറുപ്പംപടി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ വേങ്ങുർ മുനിപ്പാറയിൽ നിന്നാണ്് നാടിനെ നടുക്കിയ അരുംകൊല റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വേങ്ങൂർ മുനിപ്പാറ കളത്തിപ്പടി വീട്ടിൽ സുനിൽ (40) ആണ് കൊല്ലപ്പെട്ടത്. രാത്രി 10 മണിയോടെ വീട്ടിലെ മുറിയിലാണ് സുനിലിന്റെ മൃതദേഹം കാണപ്പെട്ടത്. സമീപവാസികളായ റോബിൻ, സനൂപ് ചന്ദ്രൻ, അമൽ ബേസിൽ എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്നത്. ഇവർ ഒളിവിലാണ്. സനൂപിന്റെ പിതാവ് ചന്ദ്രൻ പൊലീസ് ക്യാമ്പിലെ കാന്റിൻ ജീവനക്കാരനാണ്.

നാൽവർ സംഘം മാരുതിവാനിലാണ് മുനിപ്പാറയിൽ എത്തിയത്. വാഹനം സുനിലിന്റെ വീടിനു സമീപം പാർക്കുചെയ്ത ശേഷം പിൻഭാഗത്തെ പാറപ്പുറത്തിരുന്ന് ഇവർ മദ്യപിക്കാൻ തുടങ്ങി. ഇതുകണ്ട് സുനിൽ എത്തുകയും ഇവരോട് സ്ഥലം വിടാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതിൽ കുപിതരായ ഇവർ സുനിലിനെ കൂട്ടംചേർന്ന് കല്ലും കയ്യിൽ കിട്ടിയ കമ്പും മറ്റും ഉപയോഗിച്ച് പട്ടിയെ തല്ലിക്കൊല്ലുന്നതിനേക്കാൽ നിഷ്ഠൂരമായി മർദ്ദിക്കുകയായിരുന്നെന്നാണ് പ്രദേശവാസികളിൽ നിന്നും പൊലീസിനു ലഭിച്ച വിവരം.

മർദ്ദനത്തിനിടെ സുനിലിന്റെ വാവിട്ടുള്ള കരച്ചിൽ പ്രദേശവാസികൾ കേട്ടിരുന്നു. ഇവരിൽ ചിലർ സുനിലിന്റെ സഹോദരീ ഭർത്താവിനെ വിവരമറിയിക്കുകയും ഇയാൾ ബന്ധുക്കളെ കൂട്ടിവന്നപ്പോൾ വീടിനുള്ളിൽ സുനിലിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ അക്രമിസംഘം തന്നെ മൃതദേഹം വീടിനുള്ളിൽ കൊണ്ടിട്ടതായിരിക്കാമെന്നാണ് പൊലീസ് അനുമാനം. കുറുപ്പംപടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുനിൽ ഒറ്റക്കാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. രണ്ടുസഹോദരിമാർ വിവാഹിതരാണ്.

കൊല്ലപ്പെട്ട സുനിൽ 2010-ൽ സമീപത്തെ എസ്റ്റേറ്റ് സൂപ്പർവൈസറായിരുന്ന രാജാക്കാട് സ്വദേശി ടിനുവിനെ വാക്കത്തിക്ക് വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഈ കേസിൽ നാലുവർഷത്തോളം ജയിൽവാസമനുഷ്ഠിച്ച സുനിലിനെ തെളിവില്ലെന്ന കാരണത്താൽ കോടതി വെറുതെ വിട്ടിരുന്നു. അടുത്തകാലത്തായി ഉച്ചത്തിലുള്ള വർത്തമാനം, ഒച്ചപ്പാടുകൾ, ഇരുട്ട് എന്നിവയെല്ലാം സുനിലിന് ഭയമായിരുന്നെന്നും മദ്യലഹരിയിൽ ഒച്ചപ്പാടു തുടങ്ങിയ സംഘത്തെ പ്രദേശത്തുനിന്നും അകറ്റാൻ സുനിൽ ഇറങ്ങിപുറപ്പെട്ടതായിക്കാം ദാരുണ സംഭവത്തിന് വഴിവച്ചതെന്നുമാണ് കുടുംബാംഗങ്ങളുടെ സംശയം.

മിക്കപ്പോഴും പിറുപിറുത്തുകൊണ്ടാണ് നടപ്പ്. പരിചയക്കാരുടെ ചായക്കടയിൽ നിന്നും മാത്രമേ ചായ കുടിക്കുന്ന പതിവുള്ളു. ചായ കുടിച്ചാൽ പണം കൊടുത്തശേഷം ചായ നൽകിയ ഗ്ലാസ്സ് കഴുകി നൽകിയ ശേഷമേ സുനിൽ ഇവിടെ നിന്നും പിൻവാങ്ങാറുള്ളുവെന്നാണ് ദൃക്‌സക്ഷികളുടെ വെളിപ്പെടുത്തൽ.

മാതാവ് നൽകിയിരുന്ന ഭക്ഷണം മാത്രമാണ് എല്ലാത്തിനെയും ഭയപ്പാടോടെ കണ്ടിരുന്ന സുനിലിന്റെ ജീവൻ നിലനിർത്തിയിരുന്നത്. കൊണ്ടുവരുന്ന ഭക്ഷണം കഴിക്കുമെങ്കിലും അമ്മയെ ഒപ്പം താമസിക്കാൻ സുനിൽ അനുവദിച്ചിരുന്നില്ല. അടുത്തകാലത്തായി ജോലിക്ക് പോകാതെ ഒട്ടുമിക്ക സമയവും വീട്ടിൽ കഴിഞ്ഞുവരിയായിരുന്ന സുനിൽ.