തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്കും അബ്കാരി നിയമങ്ങൾക്കും ടെൻഡർ ചട്ടങ്ങൾക്കും വിരുദ്ധമായി സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശമദ്യം നിർമ്മിക്കാനായി ബ്രൂവറി -ഡിസ്റ്റിലറി യൂണിറ്റ് തുടങ്ങാൻ ഉത്തരവിറക്കിയതിന് മുഖ്യമന്ത്രിയടക്കം 7 പേർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി നിലനിൽക്കില്ലെന്ന സർക്കാർ വാദം തിരുവനന്തപുരം വിജിലൻസ് കോടതി കോടതി തള്ളി.

ബിയർനിർമ്മാണത്തിന് പുതിയ മൂന്ന് ബ്രുവറികൾക്കും മദ്യനിർമ്മാണത്തിന് രണ്ട് ബ്ലെൻഡിങ് യൂണിറ്റുകൾക്കും എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി അനുമതി നൽകിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് വൻ തിരിച്ചടിയാണ് ഉണ്ടാകുന്നത്. കേസ് നിലനിൽക്കുന്നതല്ലെന്നും തള്ളിക്കളയണമെന്നുമുള്ള സർക്കാർ വാദം കോടതി തള്ളിക്കളഞ്ഞു. ഇതോടെ അഴിമതിക്കേസിൽ പിണറായി കുരുങ്ങുന്ന സ്ഥിതിയായി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹർജിക്കാരൻ. ഹർജിക്കാരന്റെ തെളിവെടുപ്പ് പൂർത്തിയായ ശേഷമേ കേസ് തള്ളുന്നതിനെക്കുറിച്ച് തീരുമാനിക്കാനാവൂ എന്ന് പ്രത്യേക വിജിലൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ വ്യക്തമാക്കി. വിജിലൻസ് പബ്‌ളിക് പ്രോസിക്യൂട്ടർ ഷൈലജനാണ് കേസ് തള്ളണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത്.

ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 202 പ്രകാരം കോടതിക്ക് നേരിട്ടോ അന്വേഷണ ഏജൻസി വഴിയോ റിട്ടയേഡ് പൊലീസുദ്യോഗസ്ഥനെ കൊണ്ടോ അന്വേഷണം നടത്താൻ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. റവന്യൂ വകുപ്പിലെ ഫയൽ വിളിച്ചു വരുത്തണമെന്ന ഹർജിയിൽ വിജിലൻസ് ജഡ്ജി ജി. ഗോപകുമാർ 21ന് ഉത്തരവ് പുറപ്പെടുവിക്കും ഹർജിയിൽ ഹർജിക്കാരനായ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. സാക്ഷിപ്പട്ടികയിലെ ഒന്നും രണ്ടും സാക്ഷികളായ മുൻ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജനും വി എസ്.സുനിൽകുമാർ മൊഴി നൽകാനായി ഹാജരാകാൻ വിജിലൻസ് കോടതി ഉത്തരവിട്ടു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 202 പ്രകാരം കോടതി നേരിട്ട് നടത്തുന്ന തെളിവെടുപ്പിലാണ് സാക്ഷികൾ ഹാജരാകാൻ ഉത്തരവിട്ടത്.

ഡിസ്റ്റിലറി ഉടമകളുടെ സ്വന്തമോ സ്വകാര്യ പാട്ട ഭൂമിയിലോ മാത്രമേ ഡിസ്റ്റിലറിക്ക് അനുമതി നൽകാവൂവെന്ന ബ്രൂവറി ചട്ടങ്ങൾ നിലനിൽക്കേ സർക്കാർ വ്യവസായ മന്ത്രി പോലുമറിയാതെ എറണാകുളം കിൻഫ്രാ പാർക്കിന്റെ 10 ഏക്കർ സർക്കാർ ഭൂമിയിൽ തുടങ്ങാൻ സ്വകാര്യ ബ്രുവറി ഉടമകൾക്ക് അനുമതി നൽകിയതായി രമേശ് ചെന്നിത്തല മൊഴി നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് അഴിമതി നടന്നത്. പാരിസ്ഥിതിക ആഘാത പീനം , ബ്രുവറിക്ക് ജലം എടുക്കുമ്പോഴുണ്ടാകുന്ന ജനങ്ങളുടെ കുടി വെള്ള ക്ഷാമം എന്നിവ പരിഗണിക്കാതെ എക്‌സൈസ് അധികൃതർ ബ്രൂവറി കമ്പനികൾക്ക് അനുകൂല റിപ്പോർട്ട് നൽകി. ഇതെല്ലാം വൻ അഴിമതിയുടെ തെളിവാണെന്നും അദ്ദേഹം ബോധിപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ , എക്‌സൈസ് മന്ത്രി പി. രാമകൃഷ്ണൻ, എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ്, കണ്ണൂർ, തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലെ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർമാരായ സി.കെ.സുരേഷ്, നാരായണൻ കുട്ടി, ജേക്കബ് ജോൺ, എ.എസ്.രഞ്ജിത് എന്നിവർക്കെതിരെ വിജിലൻസ് കേസെടുക്കണമെന്നാണ് ഹർജി. സ്റ്റോഴ്‌സ് പർച്ചേസ് മാന്വലിന് വിരുദ്ധമായി പത്രപ്പരസ്യം നൽകി ടെൻഡർ ക്ഷണിക്കാതെയും രഹസ്യമായാണ് അഴിമതി കരാർ നൽകിയതെന്ന് ഹർജിയിൽ പറയുന്നു. പ്രോസിക്യൂഷൻ അനുമതി തേടി താൻ ഗവർണ്ണർക്ക് നൽകിയ അപേക്ഷയിൽ ഗവർണ്ണർ തീരുമാനമെടുക്കാനിരുന്ന വേളയിലാണ് ബ്രൂവറി യൂണിറ്റിനുള്ള അനുമതി റദ്ദാക്കിയത്.

മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ഉദ്യോഗസ്ഥരും അബ്കാരികളുമായി ഗൂഢാലോചന നടത്തിയാണ് അഴിമതിക്കരാർ നൽകിയത്. എറണാകുളം പവർ ഇൻഫ്രാടെക് പ്രൈവറ്റ് കമ്പനി, പാലക്കാട് അപ്പോളോ ഡിസ്റ്റിലറി സ് ആൻഡ് ബ്രൂവറീസ് കമ്പനി, കൊച്ചി ശ്രീചക്രാ ഡിസ്റ്റിലറി കമ്പനി, കണ്ണൂർ ശ്രീധരൻ ബ്രൂവറി കമ്പനി എന്നിവക്കാണ് ചട്ടം ലംഘിച്ച് അനുമതി നൽകിയത്. ഇവരിൽ നിന്ന് മാത്രം രഹസ്യമായി അപേക്ഷ സ്വീകരിച്ച് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണർ മാർക്ക് സാധ്യതാ റിപ്പോർട്ടിനായി കൈമാറുകയായിരുന്നു. കമ്മീഷണർമാർ യാതൊരു സാധ്യതാ പഠനവും നടത്താതെ സ്ഥലം പോലും തിരിച്ചറിയാതെയും പരിസ്ഥിതിക ആഘാത പഠനം നടത്താതെയും പ്രതികളുമായി ഗൂഢാലോചന നടത്തി അനുകൂല റിപ്പോർട്ട് നൽകി.

വ്യവസായ വകുപ്പ് അറിയാതെ വ്യവസായ വകുപ്പ് ഉമസ്ഥതയിലുള്ള കൊച്ചി കിൻഫ്രാ ഇൻഡസ്ട്രിയൽപാർക്കിന്റെ 10 ഏക്കർ ഭൂമി പവർ ഇൻഫ്രാടെക് കമ്പനിക്ക് നൽകാൻ 2018 സെപ്റ്റബർ 5 ന് എക്‌സൈസ് മന്ത്രി ഇറക്കിയ ഉത്തരവിന്റെ പകർപ്പും കോടതിയിൽ ഹാജരാക്കി. 7 പ്രാമാണിക രേഖകളും 8 പേരടങ്ങുന്ന സാക്ഷിപ്പട്ടികയും ഹാജരാക്കിയിട്ടുണ്ട്.

തള്ളിയത് കേസ് തള്ളണമെന്ന വാദം

കേസ് നൽകാൻ ചെന്നിത്തല സർക്കാർ അനുമതി വാങ്ങിയിട്ടില്ലാത്തതിനാൽ കേസ് തള്ളണമെന്നാണ് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടത്. എന്നാൽ ഹർജിക്കാരന്റെയും സാക്ഷികളുടെയും മൊഴി എടുത്തശേഷം കഴമ്പില്ലെങ്കിൽ കേസ് തള്ളാമെന്നും അല്ലെങ്കിൽ കേസ് നിലനിൽക്കുമെന്ന് കണ്ടാൽ അപ്പോൾ അനുമതി വാങ്ങാൻ ഹർജിക്കാരന് അവസരം നൽകാൻ നിയമം അനുശാസിക്കുന്നതായും കോടതി വ്യക്തമാക്കി. ഇതിനിടെ ബ്രുവറി അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള ഫയലുകൾ ഹാജരാക്കാൻ നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല പുതിയ ഹർജിയും നൽകിയിട്ടുണ്ട്.

പ്രതിപക്ഷം അഴിമതി കൈയോടെ കണ്ടുപിടിച്ചപ്പോൾ സർക്കാർ ബ്രുവറി അനുവദിച്ച് പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കി തലയൂരിയിരുന്നു. തൃശൂരിലെ ശ്രീചക്രാ ഡിസ്റ്റലറീസ്, പവർ ഇൻഫ്രാടെക്, അപ്പോളോ, കണ്ണൂർ കെ.എസ് സ്വകാര്യകമ്പനികൾക്കും പൊതുമേഖലയിലെ മലബാർ ഡിസ്റ്റിലറീസിനുമാണ് ബ്രുവറി, ബ്ലെൻഡിങ് യൂണിറ്റുകൾ തുടങ്ങാൻ തത്വത്തിൽ അനുമതിയും ലൈസൻസും നൽകിയിരുന്നത്. മുഖ്യമന്ത്രിയും കൂട്ടരും അബ്കാരി മുതലാളിമാരുമായി കുറ്റകരമായ ഗൂഢാലോചന നടത്തി മുതലാളിമാർക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ ഉതകുന്ന തരത്തിൽ അഴിമതി നടത്താൻ ശ്രമിച്ചു എന്നാണ് ചെന്നിത്തലയുടെ ഹർജിയിലെ ആരോപണം.

കഴിഞ്ഞ 18 വർഷമായി നില നിന്നിരുന്ന അബ്കാരി നയത്തിന് വിരുദ്ധമായാണ് പുതുതായി ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കാൻ സർക്കാർ തീരുമാനിച്ചതെന്നും ചെന്നിത്തല പറഞ്ഞു. ബ്രൂവറികൾക്കും ഡിസ്റ്റിലറിക്കുമുള്ള അനുമതി സർക്കാർ റദ്ദാക്കിയതിനെ തുടർന്നാണ് ഗവർണ്ണർ കേസിന് അനുമതി നിഷേധിച്ചെങ്കിലും അഴിമതിക്ക് ആധാരമായ എല്ലാ സർക്കാർ ഉത്തരവുകളും ഇറങ്ങിയത് അഴിമതി നിരോധന നിയമം ഭേദഗതി ചെയ്യുന്നതിന് മുൻപ് ആയതിനാൽ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും ചെന്നിത്തല വാദിച്ചു.

പവ്വർ ഇൻഫ്രാ ടെക്, എറണാകുളം,അപ്പോളോ ഡിസ്റ്റിലറീസ് ആൻഡ് ബ്രൂവറീസ്,പാലക്കാട്, ശ്രീ ചക്ര ഡിസ്റ്റിലറീസ് ആൻഡ് ബ്രൂവറീസ് കൊച്ചി,ശ്രീധരൻ ബ്രൂവറീസ് കണ്ണൂർ എന്നീ കമ്പനികൾക്കാണ് സർക്കാർ അനുമതി ലഭ്യമായിരുന്നത്. നിലവിലെ അബ്കാരി നയം മാറ്രാൻ മന്ത്രി സഭാ തീരുമാനം എടുക്കാതെ യാണ് മുഖ്യമന്ത്രിയും എക്‌സ് സൈസ് മന്ത്രിയും മുൻ കൈയെടുത്ത് നിലവിലെ അബ്കാരി നയത്തിൽ മാറ്റം വരുത്തിയത്. പാലക്കാട് എലുപ്പുള്ളിയിൽ അപ്പോളോ ഡിസ്റ്റിലറീസ് ആരംഭിക്കുന്നതിന് മുൻപ് അവിടെ പാരിസ്ഥിതിക പഠനം നടത്തിയിട്ടില്ല. ജല ലഭ്യതയെക്കുറിച്ച് യാതൊരു പരിശോധനയും നടത്തിയിരുന്നില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.ഇതിൽ നിന്നും മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും കുറ്റകരമായ ഗൂഢാലോചന വ്യക്തമാണ്. ഇതു തന്നെയാണ് ശ്രീചക്രയുടെ കാര്യത്തിലും നടന്നത്. .എറണാകുളം ഡെപ്യൂട്ടി കമ്മീഷണർ നൽകിയ അവ്യക്തമായ റിപ്പോർട്ട് ഇതിന് ഉദാഹരണമാണെന്നാണ് ഹർജിയിലെ ആരോപണം. ശ്രീധരൻ ബ്രൂവറിക്ക് വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥലം അനുവദിച്ചിട്ടില്ലെന്ന ഇ.പി.ജയരാജന്റെ പ്രസ്ഥാവനയിൽ നിന്നു തന്നെ ഇക്കാര്യങ്ങൾ മന്ത്രി സഭയുടെ പരിഗണനയിൽ വന്നിട്ടില്ലെന്ന് വ്യക്തമാണെന്നും ഹർജിയിൽ പറയുന്നു.

അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മദ്യത്തിന്റെ എട്ടുശതമാനവും ബിയറിന്റെ 40 ശതമാനവും പുറത്തുനിന്ന് കൊണ്ടുവരുന്നതാണ്. അതിനാൽ പുതിയ യൂണിറ്റുകൾ സംസ്ഥാനത്ത് ആവശ്യമാണ്. അനുമതി നല്കിയതിൽ ഒരുതരത്തിലുള്ള ആശയക്കുഴപ്പവുമുണ്ടായിട്ടില്ല. പ്രതിപക്ഷം ഇക്കാര്യത്തിൽ പുകമറ സൃഷ്ടിക്കുകയാണ്. സർക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്താനാണ് പ്രതിപക്ഷശ്രമം. മദ്യവുമായി ബന്ധപ്പെട്ട ഇത്തരമൊരു കാഴ്ചപ്പാടിനെ ഉപയോഗപ്പെടുത്തി അവമതിപ്പ് സൃഷ്ടിക്കുക എന്നതാണ് തന്ത്രം. ഒരു അടിസ്ഥാനവുമില്ലാത്ത വിവാദം തുടരുന്നത് സംസ്ഥാനത്തിന്റെ ഭാവിക്ക് ഗുണപരമല്ല. വിവാദം കൊണ്ട് നാടിന് എന്തു ഗുണം - പിണറായി വ്യക്തമാക്കി.

ബ്രൂവറി, ഡിസ്റ്റലറി അനുമതിക്ക് വകുപ്പ് തലത്തിൽ തന്നെ തീരുമാനമെടുക്കാൻ കഴിയും. മന്ത്രിസഭയിൽ വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണം വസ്തുതകൾക്ക് നിരക്കുന്നതല്ല. കേരളത്തിൽ വിതരണം ചെയ്യുന്ന മദ്യം ഇവിടത്തന്നെ ഉത്പാദിപ്പിക്കുക എന്ന കാഴ്ചപ്പാടായിരുന്നു സർക്കാർ സ്വീകരിച്ചത്. ഇവിടെ പുതുതായി മദ്യം ഒഴുക്കുക എന്ന സമീപനം സർക്കാരിനില്ല. മദ്യത്തിനെതിരായ പ്രചരണം ശക്തിപ്പെടുത്താൻ നടപടിയുമെടുക്കുന്നുണ്ട്. 1999ന് ശേഷം ഇത്തരം സ്ഥാപനങ്ങൾ തുടങ്ങുന്നതിന് ലൈസൻസ് നൽകിയില്ലെന്നാണ പ്രതിപക്ഷ നേതാവിന്റെ ആരോപണം, 2003ൽ ആന്റണി സർക്കാരിന്റെ കാലത്ത് ലൈസൻസ് നൽകിയിട്ടുണ്ടെന്ന് പുറത്തായതോടെ ചീറ്റിപ്പോയി. മദ്യയൂണിറ്റുകൾ തുടങ്ങാനായി ഒരുകാലത്തും പത്രപരസ്യം നൽകിയിട്ടില്ല. നൂറിലേറെ അപേക്ഷകൾ പരിഗണിച്ചപ്പോഴാണ് പുതിയ യൂണിറ്രുകൾ തുടങ്ങേണ്ടതില്ലെന്ന് 199ൽ ഉത്തരവിറക്കിയത്. ഭാവിയിൽ അപേക്ഷകൾ അനുമതി നൽകുന്നതിനും തടസമാവില്ലെന്ന് ഈ ഉത്തരവിലുണ്ട്.- - പിണറായി വ്യക്തമാക്കി.

കണ്ണൂർ വാരത്ത് ശ്രീധരൻ ബ്രുവറി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് പ്രതിമാസം അഞ്ചുലക്ഷം കെയ്സ് ബിയർ നിർമ്മിക്കാനും പാലക്കാട് എലപ്പുള്ളി അപ്പോളോ ഡിസ്റ്റിലറീസ് ആൻഡ് ബ്രുവറീസിന് പ്രതിവർഷം 5ലക്ഷം ഹെക്ടാലിറ്റർ ബിയറുണ്ടാക്കാനും പവർ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് എറണാകുളത്ത് കിൻഫ്രാ പാർക്കിൽ ബ്രുവറി ആരംഭിക്കാനും തൃശൂർ ശ്രീചക്രാ ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിന് ബ്ലെൻഡിങ് ആൻഡ് ബോട്ട്ലിങ് യൂണിറ്റ് ആരംഭിക്കാനും പാലക്കാട് ചിറ്റൂർ ഷുഗർമില്ലിന് അനുബന്ധമായി മലബാർ ഡിസ്റ്റിലറീസിന് ബ്ലെൻഡിങ് ആൻഡ് ബോട്ട്ലിങ് യൂണിറ്റ് തുടങ്ങാനുമാണ് സർക്കാർ അനുമതി നൽകിയിരുന്നത്.

അനധികൃതമായി ബ്രൂവറികൾ അനുവദിച്ചതിൽ വൻ അഴിമതിയും സ്വജന പക്ഷപാതവും ഉണ്ടായിരുന്നതിനാൽ വിജിലൻസ് കോടതി കേസ് നേരിട്ട് അന്വേഷിച്ച് നിജസ്ഥിതി കണ്ടെത്തണമെന്നാണ് രമേശ് ചെന്നിത്തല കോടതിയിൽ ആവശ്യപ്പെട്ടത്. 2018 കാലഘട്ടത്തിലാണ് പുതുതായി ബ്രൂവറികൾക്ക് അന്നത്തെ സർക്കാർ അനുമതി നൽകിയത്. 1999 ലെ ക്യാബിനറ്റ് തീരുമാനം മറികടന്നാണ് പുതിയ ബ്രൂവറികൾക്ക് ലൈസൻസ് നൽകാൻ തീരുമാനിച്ചത്. കേരളത്തിൽ ദിനം പ്രതി മദ്യാസക്തി വർദ്ധിച്ചു വരുന്നതിനാൽ സർക്കാർ മേഖലയിലോ സ്വകാര്യ മേഖലയിലോ പുതുതായി ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിയ്‌ക്കേണ്ടെന്നായിരുന്നു ക്യാബിനറ്റ് തീരുമാനം. ഇത് മറി കടക്കണമെങ്കിൽ പുതിയ ക്യാബിനറ്റ് തീരുമാനം ഉണ്ടാകണം എന്നാൽ ബ്രൂവറി അനുവദിച്ച കേസിൽ പുതിയ ക്യാബിനറ്റ് തീരുമാനം ഉണ്ടായില്ലെന്ന് ചെന്നിത്തല മൊഴി നൽകി. മാത്രമല്ല പത്ര പരസ്യം നൽകി അനുയോജ്യമായവ കണ്ടെത്തണമെന്നാണ് നിലവിലെ ചട്ടം. ഇത് മറികടന്ന് വെറും വെള്ള പേപ്പറിൽ ഇഷ്ടക്കാരിൽ നിന്ന് അപേക്ഷ എഴുതി വാങ്ങി ലൈസൻസ് നൽകുകയായിരുന്നു എന്നാണ് ചെന്നിത്തലയുടെ ആരോപണം. ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കുമ്പോൾ സാമൂഹിക ആഘാത പഠനവും പാരിസ്ഥിതിക ആഘാത പഠനവും നടത്തണമെന്നാണ് ചട്ടം. ഇതൊന്നും ബ്രൂവറി അഴിമതി കേസിൽ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല കോടതിയിൽ മൊഴി നൽകി. ഇതേ സംബന്ധിച്ച് താൻ അടിയന്തിര ശ്രദ്ധ ക്ഷണിക്കൽ സഭയിൽ അവതരിപ്പിച്ചതായി ചെന്നിത്തല മൊഴി നൽകി.വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. കോടതിയിൽ പരാതി നൽകാൻ ഗവർണ്ണറുടെ അനുമതിക്കായി അപേക്ഷ നൽകിയിരുന്നു. ഇതിനിടെ അഴിമതി ബോധ്യമായ സർക്കാർ ലൈസൻസ് അനുവദിച്ച ഉത്തരവ് പിൻവലിച്ചതായും ചെന്നിത്തല കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.

കണ്ണൂരിലെ പ്രമുഖ അബ്കാരി കോൺട്രാക്ടറായ ശ്രീധരനായിരുന്നു ശ്രീധരൻ ഡിസ്റ്റിലറീസിന്റെ അപേക്ഷകൻ, ശ്രീചക്ര ഡിസ്റ്റിലറീസ് എന്ന സ്ഥാപനത്തിന് വസ്തുവോ കമ്പനിയുടെ ബോർഡോ ഉണ്ടായിരുന്നില്ല. പ്‌ളാച്ചിമടയിലെ മഴനിഴൽ പ്രദേശമാണ് അപ്പോളോ ഡിസ്റ്റിലറീസ് ആൻഡ് ബ്രൂവറീസ് എന്ന സ്ഥാപനം അപേക്ഷയിൽ കാണിച്ചിട്ടുള്ളത്. ഇവിടെ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പവ്വർ ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം കാണിച്ചു കൊടുത്തത് വ്യവസായ വകുപ്പിന് കീഴിലുള്ള കിൻഫ്രാ പാർക്കിന്റെ സ്ഥലമാണ്. 10 ഏക്കർ ഭൂമി ബ്രൂവറി തുറക്കാൻ കൊടുത്തിട്ടില്ലെന്ന് അന്നത്തെ വ്യവസായ മന്ത്രിയായ ഇ.പി. ജയരാജൻ തന്നെ പരസ്യമായി പറഞ്ഞിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്റെ താത്പര്യം പരിഗണിച്ചാണ് എക്‌സ്സൈസ് മന്ത്രിയായിരുന്ന ടി.പി.രാമകൃഷണനും ഉദ്യോഗസ്ഥരും അഴിമതി നടത്തിയതെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്.