നിയന്ത്രണ രേഖയിൽ കരാർ ലംഘിച്ച് വെടിയുതിർക്കുന്ന പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകുകയാണ് അതിർത്തി രക്ഷാസേന (ബി.എസ്.എഫ്), അതിർത്തിയിൽ ഇടപെടലിന് സൈന്യം ഉത്തരവിന് കാത്തുനിൽക്കുമ്പോൾ, പാക്കിസ്ഥാന് ഉരുളയ്ക്ക് ഉപ്പേരിയെന്ന മട്ടിൽ മറുപടി നൽകാൻ ബിഎസ്.എഫ് തയ്യാറാകുന്നു. ഇന്ത്യൻ മണ്ണിലേക്ക് ഭീകരരെ കയറ്റിയയക്കാനുള്ള പാക്കിസ്ഥാന്റെ തന്ത്രങ്ങൾക്ക് തിരിച്ചടിയാകുന്നതും ബിഎസ്എഫിന്റെ സമയോചിതമായ ഇടപെടൽതന്നെ.

ഒക്ടോബർ 19-നുശേഷമുള്ള 11 ദിവസത്തിനിടെ പലവട്ടമാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഓരോ തവണയും ഇതിന് ശക്തമായ പ്രഹരമേൽപ്പിച്ച് ബി.എസ്.എഫ് പാക്കിസ്ഥാന്റെ ശ്രമം പരാജയപ്പെടുത്തുകയാണ്. 11 ദിവസത്തിനിടെ 15 പാക്കിസ്ഥാൻ സൈനികരെയാണ് ബി.എസ്.എഫ് കൊന്നത്. പാക്കിസ്ഥാന്റെ പീരങ്കിയാക്രമണത്തിന് മറുപടിയായി 3000 മോർട്ടാർ ഷെല്ലുകളാണ് ബി.എസ്.എഫ് ഉതിർത്തത്. അഞ്ച് ആറ് കിലോമീറ്റർ പരിധിയിൽ പതിക്കാൻ ശേഷിയുള്ള ഷെല്ലുകളാണിവ. ഒരുകിലോമീറ്റർ ചുറ്റളവിൽ പതിക്കുന്ന 2000-ത്തോളം ഷോർട്ട റേഞ്ച് മോർട്ടാർ ഷെല്ലുകളും പായിച്ചു. 35,000 വെടിയുണ്ടകളും പാക്കിസ്ഥാൻ സൈന്യത്തിനുനേരെ തൊടുത്തു.

പാക്കിസ്ഥാൻ സൈന്യത്തിന്റെ പോസ്റ്റുകൾ തകർക്കുക എന്ന ലക്ഷ്യത്തിലാണ് ലോങ് റേഞ്ചർ ഷെല്ലുകൾ ഉപയോഗിക്കുന്നത്. അതിർത്തിയോട് ചേർന്ന് ഇന്ത്യൻ സൈന്യത്തിനുനേരെ നടത്തുന്ന ആക്രമണങ്ങൾ ചെറുക്കാനാണ് ഷോർട് റേഞ്ച് ഷെല്ലുകൾ. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ഭീകരരെ സഹായിക്കുന്നതിനായി രാത്രി കാലങ്ങളിലാണ് പാക്കിസ്ഥാൻ റേഞ്ചേഴ്‌സ് വെടിവെപ്പ് നടത്തുന്നത്. ആക്രമണത്തിന്റെ മറവിൽ ഭീകരർക്ക് നുഴഞ്ഞുകയറ്റം എളുപ്പമാക്കാനാവും. രണ്ടാഴ്ചയ്ക്കുള്ളിൽ 60 തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഈ ആക്രമണങ്ങളിൽ മൂന്ന് ബി.എസ്.എഫ്. ജവാന്മാരും വീരമൃത്യു വരിച്ചു.

പാക്കിസ്ഥാൻ നടത്തുന്ന അതിർത്തിലംഘനങ്ങൾക്കുനേരെ ശക്തമായ മറുപടിയാണ് ബി.എസ്.എഫ്. നൽകുന്നതെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ അരുൺ കുമാർ പറഞ്ഞു. പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ആയുധങ്ങൾ ബിഎസ്എഫിന് കൈമാറിയിട്ടുണ്ട് കഴിഞ്ഞമാസം പാക് അധീന കാശ്മീരിൽ ഇന്ത്യ നടത്തിയ സർജിക്കൽ ആക്രമണത്തിനുശേഷമാണ് മേഖലയിൽ സംഘർഷം ശക്തമായത്.