മലപ്പുറം: മുണ്ട് ഉടുക്കരുതെന്നും ഇനിമുതൽ പാന്റ്സ് ധരിക്കണമെന്നും പറഞ്ഞ് ബിഎസ്എഫ് ഭടന്മാർ റസ്റ്റ് ഹൗസ് ജീനക്കാരന്റെ മുണ്ട് അഴിച്ചുമാറ്റി. തിരൂർ ഗവൺമെന്റ് റസ്റ്റ് ഹൗസിലാണ് സംഭവം. സംഭവമറിഞ്ഞ് മാദ്ധ്യമപ്രവർത്തകരും പൊലീസും എത്തിയതോടെ മാപ്പ് പറഞ്ഞ് ജവാന്മാർ തടിയൂരി.

തിരൂർ പി.ഡബ്ലിയുഡി റെസ്റ്റ് ഹൗസിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വാച്ച് മാൻ മനോജി(37)നാണ് രാജ്യസുരക്ഷക്കാരിൽ നിന്നും വേദനാജനകമായ അനുഭവം ഉണ്ടായത്.

തിരഞ്ഞെടുപ്പിന് ക്രമസമാധാന പരിപാലനത്തിന് എത്തിയ ബി.എസ്.എഫ്. ഭടന്മാർ പട്ടികജാതി വിഭാഗത്തിൽ പെട്ട സർക്കാർ റസ്റ്റ് ഹൗസ് ജീവനക്കാരന്റെ മുണ്ട് അഴിച്ചു മാറ്റുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സുരക്ഷയൊരുക്കാൻ കേരളത്തിലെത്തിയ കേന്ദ്ര സേന കളി ഇത്രപെട്ടെന്ന് കാര്യമാകുമെന്ന് അറിഞ്ഞില്ല. സംഭവം വിവാദമാകുമെന്ന് മനസ്സിലായതോടെ ഭടന്മാർ മാപ്പ് പറഞ്ഞ് പ്രശ്നം ഒതുക്കിത്തീർത്തു. കമാണ്ടന്റ് അശ്വിനി മേത്ത തിരൂർ റെസ്റ്റ് ഹൗസിലാണ് ക്യാമ്പുചെയ്യുന്നത്. ക്യാമ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു ഭടന്മാരാന്ന് മനോജിന്റെ മുണ്ട് അഴിച്ചത്.

റെസ്റ്റ് ഹൗസിൽ വെള്ളമില്ലാഞ്ഞതിനെത്തുടർന്ന് മോട്ടോർ ഓൺ ചെയ്യാൻ പോകവെ മൂന്നു ഭടന്മാർ വന്ന് ഇനി മുതൽ പാന്റ്‌സ് ഇടണമെന്നും പറഞ്ഞ് മുണ്ട് അഴിക്കുകയായിരുന്നു. റെസ്റ്റ് ഹൗസിൽ കാന്റീൻ നടത്തുന്ന കുടുംബശ്രീ അംഗങ്ങൾ ഉള്ളതിനാൽ അപമാനിതനായ മനോജ് നിലവിളിച്ച് തന്റെ മുറിയിൽ കയറി കതകടച്ച് രക്ഷപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ് മാദ്ധ്യമപ്രവർത്തകർ എത്തിയതോടെയാണ് പ്രശ്നം ഗുരുതരമാണെന്ന് മനസ്സിലായത്. ഇതിനിടെ തിരൂർ എസ്.ഐ. സുനിൽ പുളിക്കൽ സ്ഥലത്തെത്തി. മനോജിനു പരാതിയുണ്ടെങ്കിൽ കേസെടുക്കാമെന്ന് അറിയിച്ചു.

തുടർന്ന് ആരോപണ വിധേയരായഭടന്മാരുമായും കമാണ്ടന്റുമായും എസ്.ഐ. സംസാരിച്ചു. മനോജ് തങ്ങളുടെ സഹോദരനാണെന്നും തമാശക്കാണ് അങ്ങനെ ചെയ്തതെന്നും ഭടന്മാർ പറഞ്ഞു. പരാതിപ്പെട്ടാൽ തങ്ങളുടെ ജോലി പോകുമെന്ന് ദയനീയമായി പറഞ്ഞ ഭടന്മാർ മനോജിനോടു മാപ്പു പറഞ്ഞു. സംഭവത്തിൽ തനിക്ക് അപമാനം നേരിട്ടതായും എന്നാൽ ഭടന്മാരുടെ മാപ്പിനെത്തുടർന്ന് പരാതിയുമായി മുന്നോട്ടു പോകുന്നില്ലെന്നും മനോജ് പറഞ്ഞു. തമാശ കാര്യമാവുകയും മിനിറ്റുകൾക്കുള്ളിൽ മാദ്ധ്യമപ്രവർത്തകരും പൊലീസും എത്തിയതോടെ മണിക്കൂറുകളോളം ഭീതിയുടെ മുൾമുനയിൽ നിന്ന ബി.എസ്.എഫ്.ഭടന്മാർ ഇനി കേരളത്തിലേക്കില്ലെന്നും സംഭവം ഇത്ര ഗൗരവമാകുമെന്ന് കരുതിയില്ലെന്നും പറഞ്ഞു.

പ്രശ്നബാധിത ബൂത്തുകൾ ഉൾക്കൊള്ളുന്ന മലപ്പുറം ജില്ലയുടെ തീരദേശ മേഖലയിൽ ഡ്യൂട്ടിക്കായി എത്തിയ ഉദ്യോഗസ്ഥരായിരുന്നു ഇവർ. സംസ്ഥാനത്ത് സുഗമമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസേനയെ വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എത്തിയതിനേക്കാൾ ഇരട്ടിയോളം കേന്ദ്ര സേനകളാണ് കേരളത്തിലെത്തിയിട്ടുള്ളത്. ബിഎസ്എഫിനു പുറമെ സിഐഎസ്.എഫ്, സിആർപിഎഫ്, ഐടിബിപി, രാജസ്ഥാൻ ബോർഡർ പൊലീസ്, നക്സൽ ഓപ്പറേഷൻ സേന എന്നിവരെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.