തിരുവനന്തപുരം: മാവോയിസ്റ്റ് ഭീഷണി നേരിടാനുള്ള മുൻകരുതലുകൾ എടുക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിർദ്ദേശം കേരള സർക്കാർ ഗൗരവത്തോടെ എടുക്കാൻ തീരുമാനിച്ചു. കാടുകളിൽ കഴിയുന്ന ആദിമ ഗോത്രങ്ങളേയും വനം വന്യജീവി അനുബന്ധ വിനോദസഞ്ചാരമേഖലയേയും ഭീതിയിൽനിന്നൊഴിവാക്കി സംരക്ഷിക്കാനാണ് എൽഡിഎഫ് സർക്കാരിന്റെ നീക്കം.

മനുഷ്യന് കടന്നുചെല്ലാൻ പ്രയാസമായ കേരളത്തിന്റെ വനമേഖലകൾ പരിശോധിക്കാൻ മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കാണാണ് സർക്കാരിന്റെ നിർദ്ദേശം. ഇതിന്റെ ആദ്യ ചുവട് എന്ന വണ്ണം കേരളത്തിന്റെ വനമേഖലകളിൽ ഡോഗ് സ്‌ക്വാഡുകളെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. സൈന്യത്തിന്റെ കീഴിൽ പരിശീലനം ലഭിച്ച നായകളെ കേരളത്തിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി മധ്യപ്രദേശിൽനിന്ന് ബിഎസ്എഫിന്റെ പരിശീലനം ലഭിച്ച നായയെ കൊണ്ടുവരാൻ സർക്കാർ അപേക്ഷ നൽകിയിട്ടുണ്ട്.

ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയെയാണ് പരിശീലിപ്പിക്കുന്നത്. നായയെ പരിപാലിക്കുന്നതിനായി പെരിയാർ ടൈഗർ റിസർവിലുള്ള വനംവകുപ്പിന്റെ ഹെൽത്ത് മോണിറ്റർ കെ ആർ ശേഖർ, ആദിവാസി വാച്ചർ രാജ എന്നിവരേയും മധ്യപ്രദേശിലേക്ക് അയച്ച് പരിശീലനം നൽകുകയാണ്. പരിശീലനം പൂർത്തിയാക്കിയ ആദ്യ ഡോഗ്് സ്‌ക്വാഡ് സെപ്റ്റംബറിൽ പെരിയാർ കടുവാ സങ്കേതത്തിലെത്തുമെന്നാണ് വനംവകുപ്പ് അധികൃതർ നൽകുന്ന സൂചന.

മൃഗവേട്ടയും ചന്ദനമോഷണവും വ്യാപകമായതോടെയാണ് ഡോഗ് സ്‌ക്വാഡിന്റെ സേവനം പ്രയോജനപ്പെടുത്താൻ വനംവകുപ്പും മുന്നോട്ടു വരുന്നത്. ട്രാഫിക് ഇന്ത്യ എന്ന സന്നദ്ധസംഘടനയുടെ സഹകരണത്തോടെ മധ്യപ്രദേശിലുള്ള ബോർഡർ ഓഫ് സെക്യൂരിറ്റി ഫോഴ്‌സി (ബിഎസ്എഫ്)ന്റെ ക്യാമ്പിലാണ് നായയ്ക്കും പരിപാലകർക്കും പരിശീലനം നടക്കുന്നത്. കഴിഞ്ഞ ആറു മാസമായി ശേഖറും രാജയും മധ്യപ്രദേശിൽ പരിശീലന ക്യാമ്പിലാണ്. സെപ്റ്റംബർ അവസാനത്തോടെ പരിശീലനം പൂർത്തിയാക്കി ഇരുവരും നായയോടൊപ്പം തേക്കടിയിൽ തിരികെയെത്തും.

നായയുടെയും പരിചാരകരുടെയും പരിശീലന ചെലവ് പൂർണമായും വഹിക്കുന്നത് ട്രാഫിക് ഇന്ത്യയാണ്. നായക്ക് താമസിപ്പിക്കുന്നതിന് ആധുനിക സംവിധാനങ്ങളോടെയുള്ള കൂടിന്റെ നിർമ്മാണവും ഉടൻ തേക്കടിയിൽ ആരംഭിക്കും. നായക്കും പരിശീലകർക്കും സഞ്ചരിക്കാൻ പ്രത്യേകം സംവിധാനങ്ങളോടെ നിർമ്മിക്കുന്ന വാഹനവും ഉണ്ടാകും. തേക്കടി കേന്ദ്രീകരിച്ച് നായ പരിശീലനകേന്ദ്രം ആരംഭിക്കാനുള്ള പരിപാടിയും വനംവകുപ്പിനുണ്ട്.

നായ്ക്കൾക്ക് മണം പിടിക്കാനുള്ള പ്രത്യേക കഴിവ് കണക്കിലെടുത്താണ് പൊലീസ് മോഡലിൽ പുതിയ പരീക്ഷണത്തിന് വനംവകുപ്പ് രംഗത്തുവന്നത്. മാവോയിസ്റ്റുകളെ മാത്രമല്ല, ചന്ദനക്കടത്തുകാർ, കള്ളവാറ്റുകാർ തുടങ്ങിയവരേയും ലക്ഷ്യമിടുന്നു. ഓരോ ജില്ലയ്ക്കും പ്രത്യേകം ഡോഗ് സ്‌ക്വാഡുകൾ നൽകാനാണ് സർക്കാർ ആലോചന.