ന്യൂഡൽഹി: മോശം സേവനത്തിന്റെ പേരിൽ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന് ടെലികോം മന്ത്രാലയത്തിന്റെ നോട്ടീസ്. സോഷ്യൽ മീഡിയയിലെ നിരീക്ഷണത്തിൽ നിന്നു ശേഖരിച്ച പരാതിയെ തുടർന്നാണ് നടപടി.

ഉപയോക്താക്കൾക്ക് നൽകുന്ന മോശം സേവനത്തിന്റെ പേരിൽ ടെലികോം മന്ത്രി രവി ശങ്കർ പ്രസാദ് നേരിട്ട് ഇടപെട്ടാണ് ബിഎസ്എൻഎൽ, എംടിഎൻഎൽ, ഇന്ത്യാപോസ്റ്റ് എന്നീ സ്ഥാപനങ്ങൾക്ക് നോട്ടീസ് അയച്ചത്. കഴിഞ്ഞ ജൂലൈ മുതലാണു സോഷ്യൽ മീഡിയയിൽ നടത്തിയ നിരീക്ഷണത്തിൽനിന്ന് പരാതികൾ ശേഖരിച്ചത്.

രവിശങ്കർ പ്രസാദ് ഭരിക്കുന്ന മന്ത്രാലയത്തിന്റെ കീഴിലാണ് ഈ മൂന്നു സ്ഥാപനങ്ങളും. മന്ത്രിയുടെ ഫേസ്‌ബുക്ക് പേജിൽ ഈ സ്ഥാപനങ്ങളെ സംബന്ധിച്ച പരാതികൾ സ്ഥിരമായി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ നടപടി.

ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളോട് സോഷ്യൽ മീഡിയ കാര്യക്ഷമമായി ഉപയോഗിക്കാനും പരാതി പരിഹാര സെൽ പോലെ അതിനെ ഉപയോഗിക്കാനും മന്ത്രാലയം ഇപ്പോൾ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയ സൈറ്റുകളിൽ ബിഎസ്എൻഎലിനെതിരെ ഉന്നയിക്കപ്പെടുന്ന പരാതികളും ആക്ഷേപങ്ങളും നിരീക്ഷിക്കാൻ ഒരു സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചു. ഈ ഏജൻസി ഇപ്പോൾ പ്രവർത്തിച്ചു തുടങ്ങിയതായി ബിഎസ്എൻഎൽ സിഎംഡി അനുപം ശ്രീവാസ്തവ സ്ഥിരീകരിച്ചു. ഉപയോക്താക്കളുടെ പരാതി കേൾക്കുന്നതിനായി കോൾ സെന്ററിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നുണ്ട്. ഇതിനും പ്രത്യേകം ഏജൻസിയുടെ സഹായം കമ്പനി തേടിയിട്ടുണ്ട്.