ഡൽഹി: കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധികളെക്കുറിച്ചാണ് ഇപ്പോഴും എവിടെയും സംസാരം. മനുഷ്യരുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും അത്രത്തോളം പ്രതിസന്ധി തീർത്തുകഴിഞ്ഞു ഈ വൈറസുകൾ. എല്ലാം നിശ്ചലമാക്കി ആദ്യം ചെറുക്കാൻ നോക്കി. അതിജീവനത്തിനായി ഇളവുകൾ വരുത്തി വൈറസിനൊപ്പം മുന്നോട്ടു പോകാനായി പിന്നീടുള്ള ശ്രമം.

നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് കരുതലോടെയാണ് ഈ മാറ്റങ്ങൾ. ഭരണ രംഗത്തും ഈ മാറ്റങ്ങൾ പ്രകടമാണ്. രാജ്യത്തിന്റെ ബജറ്റ് അവതരണത്തിൽ പോലും അനിയോജ്യമായ മാറ്റം വരുകയാണ്.

അച്ചടിക്കാതെ സോഫ്റ്റു കോപ്പികളുമായി ബജറ്റ് അവതരണത്തിന് ഒരുങ്ങുകയാണ് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. കോവിഡ് വ്യാപനത്തെതുടർന്ന് ഇത്തവണ ബജറ്റ് പേപ്പറുകൾ അച്ചടിക്കേണ്ടെന്നാണ് തീരുമാനിച്ചത്. അതിനുപകരം സോഫ്റ്റ് കോപ്പികളാകും വിതരണംചെയ്യും.

സാമ്പത്തിക സർവെയും അച്ചടിക്കില്ല. പാർലമെന്റ് അംഗങ്ങൾക്കെല്ലാം സോഫ്റ്റ് കോപ്പികളാകും നൽകുക. സ്വാതന്ത്ര്യത്തിനുശേഷം ഇതാദ്യമായാണ് രാജ്യത്ത് അച്ചടിക്കാത്ത കോപ്പികളുമായി ബജറ്റ് അവതരിപ്പിക്കുന്നത്.

ധനമന്ത്രാലയത്തിലുള്ള പ്രസിലാണ് എല്ലാവർഷവും ബജറ്റ് പേപ്പറുകൾ അച്ചടിക്കാറുള്ളത്. അച്ചടിച്ച് മുദ്രയിട്ട് വിതരണംചെയ്യുന്നതിനായി രണ്ടാഴ്ചയോളം സമയമെടുക്കുമായിരുന്നു. 100 ഓളം ജീവനക്കാരാണ് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നത്.

ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. പാർലമെന്റിലെ ബജറ്റ് സമ്മേളനം ജനുവരി 29ന് ആരംഭിച്ച് ഏപ്രിൽ എട്ടുവരെ തുടരും. ആദ്യ സെഷൻ ഫെബ്രുവരി 15വരെയും രണ്ടാമത്തേത് മാർച്ച് എട്ടുമുതലാകും നടക്കുക.

ഫെബ്രുവരി 16 മുതൽ മാർച്ച് ഏഴുവരെയുള്ള സെഷനിൽ ഇടവേളകളുണ്ടാകും. കോവിഡ് വ്യാപനത്തെതുടർന്ന് കഴിഞ്ഞവർഷം പാർലമെന്റിന്റെ ശീതകാലസമ്മേളനം നടന്നിരുന്നില്ല.