- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു അനുമതിയില്ലാതെ കെട്ടിടം പൊക്കിയാലും ഇരട്ട നികുതി നൽകിയാൽ പ്രത്യേക നമ്പർ കിട്ടും; ചട്ടങ്ങളെല്ലാം അട്ടിമറിച്ച് കെട്ടിടം കെട്ടുന്ന ഐഎൻടിയുസി നേതാവ് ചന്ദ്രശേഖരനെ പോലുള്ളവർക്ക് ഇനി നല്ല കാലം; കെട്ടിട മാഫിയയെ തുണയ്ക്കാൻ പഞ്ചവത്സരപദ്ധതിക്കുള്ള വിഭവസമാഹരണ മാർഗരേഖ
തിരുവനന്തപുരം: ഇനി കോർപ്പറേഷനുകളിൽ ആർക്കും എന്തും കെട്ടാം. അതിനെല്ലാം പ്രത്യേക പരിരക്ഷയുണ്ടാകും. നഗരപ്രദേശങ്ങളിൽ നിയമാനുസൃതമല്ലാതെ പണിത എല്ലാ കെട്ടിടങ്ങൾക്കും പ്രത്യേക നമ്പർ (യു.എ.) നൽകും. ഇരട്ടിനികുതിയും ഈടാക്കും. നഗരങ്ങളിൽ പതിന്നാലാം പഞ്ചവത്സരപദ്ധതിക്കുള്ള വിഭവസമാഹരണത്തിനുള്ള മാർഗരേഖയിലാണ് പുതിയ നികുതിനിർദ്ദേശം. ഇതിന് പിന്നിൽ അനധികൃത കെട്ടികങ്ങളെ സാധൂവാക്കാനുള്ള ഇടപെടലാണെന്നാണ് ഉയരുന്ന ആരോപണം.
ചട്ടപ്രകാരമല്ലാതെ നിർമ്മിച്ച കെട്ടിടങ്ങൾക്ക് നിയമാനുസൃത നമ്പർ നൽകുന്നതുവരെയോ അവ പൊളിച്ചുനീക്കുന്നതുവരെയോ കെട്ടിടനികുതിയും അതിന്റെ രണ്ടിരട്ടിത്തുകയും ഈടാക്കാനാണ് നിർദ്ദേശം. ഇങ്ങനെ കെട്ടുന്ന കെട്ടിടങ്ങളൊന്നും പിന്നീട് പൊളിച്ചു മാറ്റിയ ചരിത്രമില്ല. പാവങ്ങളുടെ വീടുകൾ മാത്രമേ ഇതുവരെ പൊളിച്ചു മാറ്റിയിട്ടുള്ളൂവെന്നതാണ് വസ്തുത. മരടിൽ നടന്ന സുപ്രീംകോടതി ഇടപെടൽ പോലും ഭരണകൂടങ്ങൾ കാട്ടുന്ന നിസംഗതയുടെ ഫലമായിരുന്നു. നികുതി പിരിവ് കൂട്ടാനാണ് ഇതെന്നാണ് ഉയരുന്ന വാദം. ഫലത്തിൽ എത്രകാലം വേണമെങ്കിലും ഇരട്ട നികുതി അടച്ച് കെട്ടിടങ്ങൾ നിലനിർത്താനാകും.
ഒരു കെട്ടിടത്തിന് നൽകേണ്ട വാർഷിക നികുതി ഉദാഹരണത്തിന് ആയിരം രൂപയാണെങ്കിൽ അതുപോലൊരു അനുമതിയില്ലാ കെട്ടിടം കെട്ടിയാൽ താൽകാലിക നമ്പറിന് രണ്ടായിരം രൂപ നികുതി നൽകിയാൽ മതി. ഐൻടിസിയുടെ ആസ്ഥാന മന്ദിരം ഒരു അനുമതിയുമില്ലാതെ കെട്ടുന്നത് മറുനാടൻ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ഇത്തരെ അനധികൃതക്കാർക്ക് തുണയാണ് ഈ തീരുമാനം. ഇരട്ട നികുതിയിൽ എത്രകാലം വേണമെങ്കിലും കെട്ടിടം നിലനിൽക്കും.
പുതിയ പല നിർദ്ദേശവും പതിന്നാലാം പഞ്ചവത്സരപദ്ധതിക്കുള്ള വിഭവസമാഹരണത്തിനുള്ള മാർഗരേഖയിലുണ്ട്. ഇതെല്ലാം നികുതി കൂടുതൽ പിരിക്കാനുള്ള നീക്കമാണ് പ്രതിഫലിപ്പിക്കുന്നത്. പക്ഷേ ഒളിഞ്ഞിരിക്കുന്നത് കെട്ടിട മാഫിയകൾക്ക് നേട്ടമുണ്ടാക്കാനുള്ള അവസരവും. അതുകൊണ്ട് ഈ മാർഗ്ഗ രേഖ എത്തിയാൽ കണ്ണായ സ്ഥലങ്ങളിൽ എല്ലാം അനധികൃത കെട്ടിടങ്ങൾ ഉയരും.
മാർഗ്ഗ രേഖയിലെ മറ്റ് നിർദ്ദേശങ്ങൾ ഇങ്ങനെ
തദ്ദേശസ്ഥാപനങ്ങളുടെ ഡേറ്റാ ബാങ്കിലുള്ള കെട്ടിടങ്ങളുടെ യഥാർഥവിവരം സ്ഥലപരിശോധന നടത്തി കൃത്യത വരുത്തും. കെട്ടിടങ്ങളുടെ നികുതി നിർണയിച്ചശേഷം തറവിസ്തീർണത്തിലോ ഉപയോഗക്രമത്തിലോ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ നിരക്ക് പുതുക്കും. നികുതിനിർണയ പരിധിയിൽ ഉൾപ്പെടാതെ ഒഴിവായിപ്പോയ കെട്ടിടങ്ങൾ കണ്ടെത്തി എൻജിനിയറിങ് വിഭാഗത്തിന്റെ സഹായത്തോടെ ക്രമവത്കരിച്ച് നികുതി നിർണയിക്കും. സ്ഥലപരിശോധന (ഫീൽഡ് പരിശോധന)യ്ക്ക് കുടുംബശ്രീ പ്രവർത്തകരെ ഉപയോഗപ്പെടുത്താനും നിർദ്ദേശമുണ്ട്.
തനത് വരുമാനങ്ങളായ നികുതി, ഫീസ്, കെട്ടിടവാടക, ലേലത്തുക, പിഴ തുടങ്ങി നികുതി-നികുതിയേതര വരവുകൾ പൂർണമായി പിരിച്ചെടുക്കണം. തനത് വരുമാനത്തിലെ മിച്ചം തുക വികസന, ക്ഷേമപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. ലൈസൻസിന്റെ പരിധിയിൽനിന്ന് സ്ഥാപനങ്ങൾ ഒഴിവാകാതിരിക്കാൻ ആവശ്യമെങ്കിൽ മുഴുവൻ വ്യാപാര, വ്യവസായസ്ഥാപനങ്ങൾക്കും വാർഡടിസ്ഥാനത്തിൽ പ്രത്യേകം നമ്പർ നൽകി രജിസ്റ്റർ തയ്യാറാക്കണം എന്നതാണ് മറ്റൊരു നിർദ്ദേശം.
നികുതിപിരിവിലെ പുരോഗതി എല്ലാ മാസവും ആദ്യം കൂടുന്ന യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റികൾ വിലയിരുത്തും. സ്ഥാപനങ്ങൾ വകയിരുത്തുന്ന സി.എസ്.ആർ. ഫണ്ട് തദ്ദേശസ്ഥാപനങ്ങൾ മുഖേന ചെലവിടാനുള്ള സാധ്യത പരിശോധിക്കാനും ആവശ്യപ്പെടുന്നുണ്ട്. നികുതിനിർണയത്തിന് വിവരസാങ്കേതികവിദ്യ ഉപയോഗിക്കും.
കാലാവസ്ഥാവ്യതിയാനത്തിന്റെ ദൂഷ്യം ലഘൂകരിക്കാൻ ഓരോ തദ്ദേശസ്ഥാപനവും പ്രാദേശിക കർമപദ്ധതി തയ്യാറാക്കും. മുൻകാലങ്ങളിലെ അനുഭവങ്ങളും ഭൂപ്രകൃതി, സമ്പദ്വ്യവസ്ഥ തുടങ്ങിയവയും പരിശോധിച്ചാകും ഇത്.
ജലസംരക്ഷണം, മണ്ണിന്റെ പ്രകൃതി, തീരശോഷണ നിയന്ത്രണം, പച്ചപ്പുകൾ സംരക്ഷിക്കൽ തുടങ്ങിയവയ്ക്ക് പ്രാധാന്യം കൊടുത്തുള്ള പ്രകൃതിവിഭവപരിപാലനം, ഊർജകാര്യക്ഷമത, സുസ്ഥിര ജലപരിപാലന പദ്ധതികൾ, കാർബൺ ബഹിർഗമനം കുറയ്ക്കൽ, ദുരന്ത ലഘൂകരണം തുടങ്ങിയവ പ്രാദേശിക കാലാവസ്ഥാവ്യതിയാന കർമപദ്ധതിയുടെ ഭാഗമാക്കും.
മറുനാടന് മലയാളി ബ്യൂറോ