കാളപ്പോരുകണ്ടതിന്റെ ആവേശത്തിൽ പോരാട്ടം നടക്കുന്നിടത്തേയ്ക്ക് ഓടിയെത്തിയ യുവാവിനെ പിന്നിൽനിന്നെത്തിയ മറ്റൊരു കാള കുത്തിത്തെറിപ്പിച്ചു. പത്തടിയോളം ഉയരത്തിലേക്ക് തെറിച്ച യുവാവിനെ കലിതീരാതെ കാള പിന്നെയും ആക്രമിച്ചു.

മെക്‌സിക്കോയിലെ സീക്കോയിലാണ് സംഭവം. തെരുവിൽ കലികയറിപ്പാഞ്ഞ കാളയുടെ പിന്നാലെ ഓടുകയായിരുന്നു 20-കാരനായ യുവാവ്. തന്റെ പിന്നാലെ മറ്റൊരു കാള കുതിച്ചുവരുന്നത് ഇയാൾ അറിഞ്ഞിരുന്നില്ല. ഓടിയെത്തിയ കാള ഇയാളെ കൊമ്പിൽ കോർത്ത് മുകളിലേക്ക് എറിയുകയായിരുന്നു.

നിലത്തേയ്ക്ക് ബോധരഹിതനായി വീണ യുവാവിനെ ഓടിയെത്തിയ മറ്റു രണ്ടു കാളകൾ ഓടിയെത്തി വീണ്ടും ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കാളകൾ കുത്തിമുറിവേൽപ്പിക്കുന്നത് പരിഭ്രാന്തരായി കണ്ടുനിൽക്കാനോ കാണികൾക്കായുള്ളൂ.

ബോധരഹിതനായി കിടന്ന യുവാവിനെ തെരുവിലൂടെ വലിച്ചിഴച്ച കാളകളെ ഏറെ ശ്രമപ്പെട്ടാണ് പിന്തിരിപ്പിച്ചത്. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് അപകടനില തരണം ചെയ്‌തെങ്കിലും തലയ്ക്ക് മാരകമായി പരിക്കേറ്റുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

സിക്വനാഡ ഉത്സവത്തോട് ബന്ധപ്പെട്ടാണ് കാളപ്പോര് നടന്നത്. കാളപ്പോരിനിടെ ഇയാൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. കാളപ്പോരിൽ പങ്കെടുത്ത കാളകളെ പിന്നീട് കൊലപ്പെടുത്തി.

ഒരുമാസം മുമ്പാണ് സ്‌പെയിനിൽ കാളപ്പോരിനിടെ പ്രശസ്തനായ പോരുകാരൻ വിക്ടർ ബാരിയോ കാളയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാണികൾ നോക്കിനിൽക്കെ നെഞ്ചിൽ കൊമ്പുകുത്തിയിറക്കിയാണ് പോരുകാള ബാരിയോയെ വകവരുത്തിയത്.