ന്യുഡൽഹി: ഇന്ത്യയുടെ പ്രഥമ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയും ചേർന്ന് പദ്ധതിക്ക് തറക്കല്ലിടും. വ്യാഴാഴ്ച ഗുജറാത്തിലാണ് ചടങ്ങ്. ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കാണ് ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതി വരുന്നത്. പദ്ധതിയുടെ 85 ശതമാനം പണം മുടക്കുന്നത് ജപ്പാനാണ്. മുംബൈ-അഹമ്മദാബാദ് മേഖലകളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പാത 2023ൽ പൂർത്തിയാക്കാനാണു ഉദ്ദേശിക്കുന്നത്.

പദ്ധതിക്കായി ജപ്പാൻ 19 ബില്യൺ ഡോളർ ലോൺ നൽകും. 2023 ഡിസംബറോടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബുള്ളറ്റ് ട്രെയിൻ യാഥാർത്ഥ്യമാകുന്നതോടെ അഹമ്മദാബാദ്-മുംബൈ യാത്രയുടെ സമയം എട്ട് മണിക്കൂറിൽ നിന്നും 3.5 മണിക്കൂറായി ചുരുങ്ങും. 750 യാത്രക്കാർക്ക് ഒരു സമയം ബുള്ളറ്റ് ട്രയിനിൽ യാത്ര ചെയ്യാനാകും. ലോകത്തിലെ നാലാമത്തെ വലിയ ട്രെയിൻ ശൃംഖലയാണ് ഇന്ത്യയുടേത്. എന്നാൽ ഇതാദ്യമായാണ് ഇന്ത്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിലായിരിക്കും ട്രെയിൻ സഞ്ചരിക്കുക. 2014ൽ അധികാരത്തിലേറിയപ്പോൾ നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത മുഖ്യ വാഗ്ദാനങ്ങളിലൊന്നാണാണിത്. അതിവേഗ ട്രെയിൻ സർവീസുകളിൽ മുൻപന്തിയിലുള്ള രാജ്യമാണു ജപ്പാൻ. ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിനുകളിലൊന്നായ ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിൻ ജപ്പാന്റെതാണ്.

ട്രാക്ക് നിർമ്മാണം അഞ്ചു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. 508 കിലോമീറ്റർ നീളമുള്ള പാതയിൽ 12 സ്റ്റേഷനുകളാണുള്ളത്. ഇതിൽ എട്ടെണ്ണം ഗുജറാത്തിലും ആറെണ്ണം മഹാരാഷ്ട്രയിലുമാണ്. മുംബൈയിലെ ബാന്ദ്ര കുർല കോംപ്ലക്‌സിലെ ഭൂഗർഭ സ്റ്റേഷനിൽ നിന്നു സർവീസ് തുടങ്ങുന്ന ബുള്ളറ്റ് ട്രെയിൻ കടലിനടിയിലെ തുരങ്കത്തിലൂടെ 21 കിലോമീറ്റർ യാത്ര ചെയ്തശേഷം താണെയിൽ ഭൗമോപരിതലത്തിലെത്തി ഓട്ടം തുടരാനാണു പദ്ധതി.

എന്നാൽ, ആദ്യ സ്റ്റേഷൻ സ്ഥാപിക്കേണ്ട സ്ഥലത്തിന്റെ ഉടമകളായ മുംബൈ മെട്രോപൊലിറ്റൻ മേഖല വികസന അഥോറിറ്റി തർക്കവുമായി രംഗത്തെത്തിയിരുന്നു. സ്റ്റേഷൻ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം സാമ്പത്തിക സേവന കേന്ദ്രത്തിനായി നീക്കിവച്ചതാണെന്നായിരുന്നു അഥോറിറ്റിയുടെ വാദം. തർക്കം നീണ്ടതോടെ, ബുള്ളറ്റ് ട്രെയിനിനായി ഭൂഗർഭ സ്റ്റേഷനും അതിനു മുകളിലായി സാമ്പത്തിക സേവന കേന്ദ്രവുമെന്ന നിർദ്ദേശം റയിൽവേ മുന്നോട്ടുവയ്ക്കുകയായിരുന്നു.

പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിന് ഇന്ത്യയിൽ എത്തുന്ന ആബേ രണ്ട് ദിവസം ഇന്ത്യയിൽ ഉണ്ടാകും. ദ്വിദിന സന്ദർശനത്തിൽ ഇരു നേതാക്കളും വിവിധ കരാറുകളിൽ ഒപ്പിടും. ഹോണ്ട, സുസുകി തുടങ്ങിയ കമ്പനികൾ പ്രവർത്തിക്കുന്ന ജാപ്പനീസ് ഇൻഡസ്ട്രിയൽ പാർക്കും ഷിൻസോ ആബേ ഉദ്ഘാടനം ചെയ്യും.