കോഴിക്കോട്: തങ്ങളുടെ നാട്ടിൽ കേട്ടുകേൾവി പോലുമില്ലാത്ത സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് ഇനിയും കോഴിക്കോട് നെല്ലിക്കോട്ടുകാർ മുക്തരായിട്ടില്ല.യുകെ നിർമ്മിതമടക്കം 266 വെടിയുണ്ടകളാണ് തൊണ്ടയാടിനടുത്ത് നെല്ലിക്കോട്ട് കോഴിക്കോട് ദേശീയപാതാ ബൈപ്പാസിനു സമീപത്തെ ഒഴിഞ്ഞ പറമ്പൽ നിന്ന് കണ്ടെത്തിയത്.ബൈപ്പാസിന് സമീപത്തുള്ള ഒഴിഞ്ഞുകിടക്കുന്ന പറമ്പിലേക്ക് അപൂർവമായി വാഹനങ്ങൾ വരുന്നത് കണ്ടിട്ടിട്ടുണ്ടെങ്കിലും സംശയാസ്പദമായി ഇതുവരെ ഒന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് അവർ പറയുന്നു. ഒഴിഞ്ഞപറമ്പാണെങ്കിലും ഇതുവരെ വെടിയൊച്ചകളൊന്നും കേട്ടിട്ടുമില്ല. പക്ഷേ, വെടിവെപ്പ് പരിശീലനം നടത്തിയതിന്റെ തെളിവുകൾകൂടി ലഭിച്ചതാണ് നാട്ടുകാരെ കൂടുതൽ ഭയപ്പെടുത്തുന്നത്.

ബൈപ്പാസിനടുത്തുനിന്നു കണ്ടെത്തിയ 266 വെടിയുണ്ടകൾ റൈഫിൾ ക്ലബ്ബുകളിലും പൊലീസിലുമടക്കം പരിശീലനം നടത്തി പഠിക്കുന്ന പോയന്റ് 22 റൈഫിളിൽ ഉപയോഗിക്കുന്നവയാണ്. അപൂർവമായി മൃഗങ്ങളെ ഉൾപ്പെടെ വേട്ടയാടാനും ഇവ ഉപയോഗിക്കുന്നുണ്ട്. പക്ഷേ, ഇത്രയധികം വെടിയുണ്ടകൾ എങ്ങനെ ഇവിടെ ഉപേക്ഷിച്ചെന്ന് വ്യക്തമായിട്ടില്ല.

പോയന്റ് 22 തോക്കിന് 180 മീറ്റർവരെ റേഞ്ചുണ്ട്. അതുകൊണ്ട് അപകടസാധ്യതയും കൂടുതലാണ്.ലൈസൻസുള്ള ആർക്കും ലഭിക്കാവുന്നതാണെങ്കിലും മറ്റു സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്.സംഭവത്തെക്കുറിച്ച് മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം തുടങ്ങി.സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഇത്രയും വെടിയുണ്ടകൾ പിടികൂടുന്നത്.

വെടിവെച്ച് പരിശീലിച്ചതിന്റെ തെളിവുകളും സ്ഥലത്തുനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. പരിശീലനത്തിന് ഉപയോഗിച്ച വെടിയുണ്ട തുളഞ്ഞു കയറിയ പ്ലൈവുഡ് ഷീറ്റും കണ്ടെത്തി. വെടിയുണ്ട സൂക്ഷിച്ച ബോക്‌സിൽനിന്ന് രണ്ടെണ്ണം ഊരിമാറ്റിയിട്ടുണ്ടെങ്കിലും ഒരു വെടിയുണ്ട മാത്രമാണ് ഉപയോഗിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്.തീവ്രവാദബന്ധത്തെക്കുറിച്ചൊന്നും ഒരു സൂചനയും ലഭിച്ചിട്ടില്ലെങ്കിലും പൊലീസ് എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. എങ്ങനെയാണ് ഇത്രയും വെടിയുണ്ടകൾ അവിടെയെത്തിയതെന്ന് അന്വേഷിക്കുന്നുണ്ടെന്ന് സിറ്റി പൊലീസ് മേധാവി എ. അക്‌ബർ പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയ്ക്ക് തൊട്ടടുത്ത പറമ്പ് അളക്കുന്നതിന്റെ ഭാഗമായി അതിർത്തി പരിശോധിക്കുന്നതിനിടെയാണ് തെങ്ങിന്റെ ചുവട്ടിലായി ആദ്യം ഏതാനും വെടിയുണ്ടകൾ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന്, ചൊവ്വാഴ്ച ബോംബ് സ്‌ക്വാഡ് എത്തി പരിശോധിച്ചപ്പോഴാണ് ബാക്കി ഇരുനൂറ്റമ്പതോളം വെടിയുണ്ടകൾ കവറിൽ പൊതിഞ്ഞ് ബോക്‌സുകളിലാക്കി സൂക്ഷിച്ചനിലയിൽ കണ്ടെത്തിയത്.

വളരെ ചെറുതായിരുന്നതിനാൽ വെടിയുണ്ടയാണെന്ന് നാട്ടുകാർക്ക് മനസ്സിലായിരുന്നില്ല. യുവാക്കളുടെ മാലയുടെ ഭാഗമായിരിക്കുമെന്നാണ് ആദ്യം കരുതിയത്. പ്രദേശത്തെ മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറാണ് വെടിയുണ്ടയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസിനെ അറിയിക്കുകയായിരുന്നെന്ന് കോർപ്പറേഷൻ കൗൺസിലർ സുജാത കൂടത്തിങ്ങൽ പറഞ്ഞു. വെടിയുണ്ട കണ്ടെത്തിയ കുറ്റിയകുത്ത് പറമ്പിന്റെ സമീപത്ത് കാടുകയറി കിടക്കുകയാണ്. അവിടേക്ക് കയറിയാൽ പെട്ടെന്ന് ശ്രദ്ധയിൽപ്പെടുകയുമില്ല.

വെടിയുണ്ടകൾ ക്ലാവുപിടിച്ചിട്ടുണ്ടെങ്കിലും ഉപയോഗിക്കാൻ പറ്റാത്തതിനാൽ ഉപേക്ഷിച്ചതല്ലെന്നുതന്നെയാണ് നിഗമനം. ഇത്തരം വെടിയുണ്ടകൾക്ക് 20വർഷം വരെയൊക്കെ കാലാവധിയുണ്ട്.പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും മറ്റൊന്നും സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടില്ല.

മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നിലാൽ, ബോംബ് സ്‌ക്വാഡ് എഎസ്ഐ. ആഷ്‌ലി തോറോ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സി. ശിവാനന്ദൻ, സി. ധനേഷ്, സി.പി.ഒ. വത്സരാജ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വംനൽകി.സിറ്റി ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ അനിൽ ശ്രീനിവാസിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡും ആർമർ വിഭാഗം എസ്‌ഐ. പി.കെ. പൗലോസും സംഭവസ്ഥലത്ത് പരിശോധന നടത്തി.