- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി കറങ്ങി നടന്ന് വീടുകളിൽ ഒളിഞ്ഞുനോക്കുന്നതിനൊപ്പം മോഷണവും ശീലമാക്കി; സ്ത്രീകളുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും ആഭരണങ്ങൾ കവരുക പതിവ്; കോഴിക്കോട്ടെ കുപ്രസിദ്ധ മോഷ്ടാവ് ഹ്യുണ്ടായി അനസ് പിടിയിൽ
കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങൾ കവരുന്നത് പതിവാക്കിയ മോഷ്ടാവ് കോഴിക്കോട്ട് പിടിയിൽ. ഒളവണ്ണ കൊടശ്ശേരിപറമ്പ് സ്വദേശി ഹ്യുണ്ടായി അനസ് (അനസ്) ആണ് പിടിയിലായത്. ടൗൺ അസി. കമ്മീഷണർ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും എലത്തൂർ പൊലീസും ചേർന്നാണ് പിടികൂടിയത്.
അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് ആഭരണങ്ങൾ കവർന്ന് വീടിന്റെ ടെറസിൽ ഉപേക്ഷിച്ച കേസിൽ ജയിലിലായിരുന്നു. പ്രതി കഴിഞ്ഞ ആഴ്ച എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തിയതോടെ ഇയാളെ പൊലീസ് തേടി വരികയായിരുന്നു. മുൻപും നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കോഴിക്കോട് ടൗൺ, പന്നിയങ്കര, നല്ലളം, മെഡിക്കൽ കോളേജ്, കുന്നമംഗലം, പന്തീരാങ്കാവ് എന്നീ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. പല കേസുകളിലും വിചാരണ നടന്നുകൊണ്ടിരിക്കുകയുമാണ്. നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒളവണ്ണയിൽ തൊട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിന്റെ കൈചെയിൻ മോഷ്ടിച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതി കുറ്റസമ്മതം നടത്തി.
വർഷങ്ങളായി രാത്രി സമയത്ത് ഇറങ്ങി നടന്ന് വീടുകളിൽ ഒളിഞ്ഞു നോക്കുന്ന ശീലമാണ് മോഷണത്തിലേക്ക് വഴിവെച്ചത്. മോഷ്ടിച്ച സ്വർണവും പണവും മയക്കുമരുന്ന് ഉപയോഗത്തിനും ആഡംബര ജീവിതം നയിക്കുന്നതിനുമാണ് ഉപയോഗിച്ചത്.
ആഭരണങ്ങൾ കവർന്നെടുക്കുന്നതോടൊപ്പം പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മൊബൈൽ ഫോണും മോഷ്ടിക്കുന്ന പ്രതി, ഫോൺ വഴിയിലുപേക്ഷിക്കുകയോ ദീർഘദൂര വാഹനങ്ങളിൽ ഒളിപ്പിച്ചു വെക്കുകയോ ചെയ്യും. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. കക്കോടി കൂടത്തുംപൊയിലിൽ വാടക വീടെടുത്ത് രഹസ്യമായി താമസിക്കുകയായിരുന്നു. ഇയാളെക്കുറിച്ച് അയൽവാസികൾക്ക് പോലും അറിവുണ്ടായിരുന്നില്ല.
എലത്തൂർ ഇൻസ്‌പെക്ടർ സായൂജ് കുമാർ, എസ്‌ഐ രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ഡൻസാഫ് അസി. എസ്‌ഐമാരായ മനോജ് എടയേടത്ത്, കെ അഖിലേഷ് സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം ഷാലു, എ പ്രശാന്ത്കുമാർ, സി കെ സുജിത്ത്, ഷാഫി പറമ്പത്ത്, എലത്തൂർ സിപിഒ അബ്ദുൽ സമദ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ