കാസർഗോഡ്: വാടകയ്ക്കെടുത്ത കാറിലെ നൂതന സാങ്കേതിക ഉപകരണങ്ങൾ കവർച്ചാസംഘത്തിന് കൊടുത്തത് എട്ടിന്റെ പണി. ഹൊസങ്കടി രാജധാനി ജൂവലറിയിൽ നിന്ന് വാച്ച്മാനെ കെട്ടിയിട്ട് 15 കിലോഗ്രാം വെള്ളി ആഭരണങ്ങളും 4.5 ലക്ഷം രൂപയുമടക്കം 16 ലക്ഷം രൂപയുടെ മോഷണം നടത്തിയ പ്രതികളെയാണ് തിരിച്ചറിഞ്ഞത്. കർണാടകയിലെ കുപ്രസിദ്ധ മോഷ്ടാവ് ബണ്ട്വാൾ സ്വദേശി മുഹമ്മദ് ഗൗസും സംഘവുമാണ് കവർച്ച നടത്തിയത്.

കവർച്ച കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവരുടെ കാർ ഉള്ളാൾ പൊലീസ് തൊക്കോട് വച്ച് തടഞ്ഞു നിർത്തിയപ്പോൾ ഏഴംഗ കവർച്ചാസംഘം പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന നാലു പൊലീസുകാരെ ആക്രമിച്ച് കാറുപേക്ഷിച്ച് കൈയിൽ കിട്ടിയ ബാഗുമെടുത്ത് കടന്നു കളയുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് ഒന്നരലക്ഷം രൂപയും ഏഴര കിലോഗ്രാം വെള്ളിയാഭരണങ്ങളും കണ്ടെടുത്തു.

ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് മുഹമ്മദ് ഗൗസും സുഹൃത്ത് ഇബ്രാഹിമും കർണാടക സൂറത്കലിലെ റൂബി കാർ റെന്റൽ എന്ന സ്ഥാപനത്തിൽ കാർ വാടകയ്ക്ക് എടുക്കാനെത്തുന്നത്. ചിക്കമംഗളൂരുവിന് സമീപത്തെ മുസ്ലിം തീർത്ഥാടന കേന്ദ്രമായ ബാബ ബുഡഗിരിയിൽ പോകാനാണ് വാഹനമെന്നാണ് ഇവർ പറഞ്ഞത്. ചെറിയ കാറുകൾ മാത്രമാണ് ഇവിടെയുണ്ടായത്. എന്നാൽ കുടുംബാംഗങ്ങളും ഒപ്പമുണ്ടെന്നും വലിയ വാഹനം തന്നെ വേണമെന്നും ഗൗസ് പറഞ്ഞു. ഇതോടെ സ്ഥാപന ഉടമയും വ്യവസായിയുമായ മുഹമ്മദ് മുസ്തഫ തന്റെ സ്വന്തം ഇന്നോവ കാർ ഇവർക്കായി വിട്ടുനൽകുകയായിരുന്നു.

ഗൗസിനെ മുഹമ്മദിന് മുൻപരിചയമുണ്ടായിരുന്നില്ല. മുഹമ്മദിന്റെ സുഹൃത്ത് സുലൈമാനുമായുള്ള പരിചയം മൂലമാണ് കാർ വിട്ടുകൊടുത്തത്. 9.30 ഓടെ ഇവർ കാറുമായി പുറപ്പെടുകയും ചെയ്തു. എന്നാൽ മുഹമ്മദ് കാറിൽ ഘടിപ്പിച്ചിരുന്ന സാങ്കേതിക ഉപകരണങ്ങളെക്കുറിച്ച് കവർച്ചാസംഘത്തിന് യാതൊരു അറിവുമുണ്ടായിരുന്നില്ല.

ജിപിഎസ് ട്രാക്കർ, കാറിലുള്ളവർ സംസാരിക്കുന്നത് കേൾക്കാനുള്ള സ്പീക്കർ, വേഗത നൂറു കിലോമീറ്ററിൽ കൂടിയാൽ അറിയിക്കുന്ന അലാറം എന്നിവയെല്ലാം ഇതിലുണ്ടായിരുന്നു. പിറ്റേന്ന് പുലർച്ചെ അഞ്ചോടെ ബാബ ബുഡഗിരിയിലേക്ക് പോകുമെന്നാണ് ഗൗസ് മുഹമ്മദിനോടു പറഞ്ഞത്. എന്നാൽ രാത്രി 10.30 ആയിട്ടും തന്റെ കാർ കങ്കനാടിയിലെ ഒരു ഹോട്ടലിന് മുന്നിൽ കിടക്കുന്നത് മുഹമ്മദിൽ സംശയം ജനിപ്പിച്ചു

കിടക്കാനൊരുങ്ങവെ കാറിന്റെ വേഗത നൂറു കിലോമീറ്ററിൽ കൂടി എന്ന അലാറം മൊബൈൽ ഫോണിൽ വന്നു. തുടർന്ന് മുഹമ്മദ് തന്റെ ലാപ്ടോപ്പ് തുറന്ന് ജിപിഎസ് ട്രാക്കർ ഓൺ ചെയ്തപ്പോൾ കാർ കേരളത്തിലേക്ക് പോകുന്നതായി മനസിലായി. കാറിനുള്ളിലെ സ്പീക്കർ ഓൺ ചെയ്തപ്പോൾ പൂട്ട് തകർക്കുന്നതിനെക്കുറിച്ചും കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റുന്നതിനെ കുറിച്ചുമൊക്കെ കന്നടയും തുളുവും കലർന്ന ഭാഷയിൽ സംസാരം.

ഇതിനിടെ കനത്ത മഴ കാരണം ജിപിഎസ് ബന്ധം വിച്ഛേദിക്കപ്പെട്ടു. അപകടം മണത്ത മുഹമ്മദ് വിവരം കർണാടക പൊലീസിനെ അറിയിക്കുകയായിരുന്നു. പുലർച്ചെ 1.30 മുതൽ മൂന്നു വരെ കവർച്ചാസംഘം രാജധാനി ജൂവലറിയിലുണ്ടായിരുന്നു. കേരള അതിർത്തി കടന്ന് അധികം കഴിയുന്നതിനുമുമ്പ് പുലർച്ചെ നാലോടെതന്നെ ഉള്ളാൾ പൊലീസ് കാർ പിടികൂടുകയും ചെയ്തു. ഗൗസിനും സംഘത്തിനുമെതിരേ പൊലീസ് 353, 380, 457 വകുപ്പുകൾ പ്രകാരം കേസെടുത്തു