ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദീന്റെ കമാൻഡറായിരുന്ന ബുർഹാൻ മുസാഫിർ വാനിയുടെ കൊലപാതവുമായി ബന്ധപ്പെട്ട് കാശ്മീരിലുടലെടുത്ത സംഘർഷത്തിന് ഇനിയും അയവ് വന്നിട്ടില്ല. സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയും കാശ്മീർ യുവത്വത്തെ ആകർഷിക്കുകയും ചെയ്ത ബുർഹാന്റെ മരണവാർത്ത വൻതോതിലുള്ള അക്രമ സംഭവങ്ങൾക്കാണ് വഴിവച്ചത്. ഒട്ടേറെപ്പേരുടെ മരണത്തിന് അക്രമങ്ങൾ വഴിവെക്കുകയും ചെയ്തു.

എന്നാൽ, ആരാണ് ബുർഹാൻ വാനിയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇനിയും ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത. സാധാരണക്കാരായ കാശ്മീരുകാർ ബുർഹാനെ ഇന്ത്യയുടെ ഏജന്റായാണ് വിലയിരുത്തുന്നത്. അതേസമയം തന്നെ സുരക്ഷാ ഏജൻസികൾ മാദ്ധ്യമങ്ങൾ ഊതിവീർപ്പിച്ച കടലാസ്സുപുലിയാണിയാൾ എന്നും പറയുന്നു. ബുർഹാന്റെ വധം ഭീകരവിരുദ്ധ പോരാട്ടങ്ങളിലെ വിജയമായും അവർ ചൂണ്ടിക്കാട്ടുന്നു.

കാശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട പലരോടുമാണ് ബുർഹാനെ ഇപ്പോൾ താരതമ്യപ്പെടുത്തുന്നത്. 1970-കളിൽ ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാൻ ജയിലിൽ അടച്ച മക്‌ബൂൽ ബട്ടിനെപ്പോലുള്ള തീവ്രവാദികളുമായി ബുർഹാൻ താരതമ്യം ചെയ്യപ്പെടുന്നു. പാക്കിസ്ഥാൻ മോചിപ്പിച്ചുകഴിഞ്ഞപ്പോൾ ഇന്ത്യ മക്‌ബൂലിനെ പിടികൂടി. ഇരുരാജ്യങ്ങളുടെയും ഏജന്റായാണ് മക്‌ബൂൽ വിലയിരുത്തപ്പെട്ടത്.

വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട ജയ്ഷ് എ മുഹമ്മദ് തീവ്രവാദി അഫ്‌സൽ ഗുരുവിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഇതേപോലെ വ്യത്യസ്തമായിരുന്നു. 2001-ലെ പാർലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ടാണ് അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയത്. എന്നാൽ, ജയ്ഷിലെ ഇന്ത്യൻ ഏജന്റായിരുന്നു അഫ്‌സലെന്ന് വിശ്വസിച്ചിരുന്നവരും ഏറെയാണ്.

2007-ലാണ് തീവ്രവാദത്തിൽ ആകൃഷ്ടനായി ബുർഹാൻ വീടുവിട്ടിറങ്ങുന്നത്. ഉന്നത വിദ്യാഭ്യാസ പാരമ്പര്യമുള്ള കുടുംബത്തിൽനിന്നായിരുന്നു ബുർഹാന്റെ വരവ്. 2008-ലെ അമർനാഥ് ഭൂമി വിവാദത്തെത്തുടർന്നാണ് ബുർഹാൻ വഴിമാറിച്ചിന്തിച്ചതും. സോഷ്യൽ മീഡിയയിൽ വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്ത് ബുർഹാൻ കാശ്മീരി യുവാക്കളുടെ ഹരമായി മാറുകയായിരുന്നു.

എന്നാൽ, മിക്കവാറും എല്ലാ സംഘടനകളുടെയും സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെട്ടപ്പോൾ ബുർഹാനുമാത്രം സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടത് എങ്ങനെയെന്ന ചോദ്യം ഉയരുന്നുണ്ട്. ഇന്ത്യയുടെ ഏജന്റായിരുന്നു ബുർഹാൻ എന്ന് ചിലരെങ്കിലും വിശ്വസിക്കുന്നത് അതുകൊണ്ടുകൂടിയാണ്.