തൃശൂർ: കല്ലറ വിവാദങ്ങൾ തീരുന്നില്ല. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌ക്കാര ചടങ്ങുകൾ പള്ളിയിൽ നടത്താൻ അധികൃതർ വിസമ്മതിച്ചത് വിവാദമായിരുന്നു. കുടുംബ കല്ലറകൾക്ക കാലപരിധി നിശ്ചയിച്ചു കൊണ്ടുള്ള താമരശ്ശേരി ബിഷപ്പിന്റെ കല്പനക്കു പ്രതിഷേധവുമായി വിശ്വാസി രംഗത്തെത്തിയതും മറുനാടനിലൂടെ പുറംലോകം അറിഞ്ഞു. ഇപ്പോൾ തൃശൂർ എങ്ങാണ്ടിയൂർ സെന്റ് തോമസ് ചർച്ചിന് എതിരെയാണ് കല്ലറ വിവാദം പുകയുന്നത്. ഭർത്താവിന്റെ കല്ലറക്കു അടുത്ത് മരണശേഷം അന്ത്യവിശ്രമം കൊള്ളണമെന്നുള്ള ആഗ്രഹത്തിൽ 42 വർഷം മുൻപ് പള്ളിക്ക് പണം കൊടുത്ത കല്ലറക്കായുള്ള രസീത് നഷ്ടപ്പെട്ടു എന്നതിനാൽ മരിച്ച ശേഷം ഇവിടെ അടക്കാൻ ആവില്ല എന്നും അങ്ങനെ അടക്കണമെങ്കിൽ ഒന്നര ലക്ഷം രൂപയോളം വീണ്ടും അടക്കണം എന്നാണ് പള്ളി വികാരിയുടെ തീരുമാനം. ഇതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.

എങ്ങാണ്ടിയൂർ പള്ളി ഇടവക അംഗമായിരുന്ന പിവി ഇഗ്നേഷ്യസ് എന്ന ബെന്നി മാസ്റ്ററുടെ തങ്കമ്മ ബെന്നിയുടെ ആഗ്രഹമാണ്് വിവാദത്തിലാകുന്നത്. മരിച്ച ഭർത്താവിന്റെയും മകളുടെയും കല്ലറയ്ക്ക് അടുത്ത് മരണശേഷം തന്റെയും കല്ലറ വേണം എന്നാണ് ആഗ്രഹം. ഇതിനായി തങ്കമ്മ പള്ളിയിൽ പണം കൊടുത്തു. തങ്കമ്മ ബെന്നി പക്ഷാഘാതം വന്നു കിടപ്പിലാണിപ്പോൾ. ഏതു സമയവും മരണം സംഭവിക്കാം എന്ന അവസ്ഥയിൽ. ഇതോടെ തങ്കമ്മയുടെ മക്കൾ പള്ളിയിൽ എത്തി നഷ്ടപ്പെട്ട രസീതിന്റെ ഡ്യൂപ്ലിക്കറ്റ് ലഭ്യമാക്കാൻ ശ്രമിച്ചു. തങ്കമ്മ ബെന്നിയുടെ മക്കളായ ജോജിയസ് ബെന്നി കിട്ടൻ, ജോസിയസ് ബെന്നി കിട്ടൻ എന്നിവരാണ് പള്ളി വികാരി ബാബു അപ്പാടാനേ കാണുന്നത്.

പക്ഷാഘാതം വന്നു കിടപ്പിലായ തങ്കമ്മ ബെന്നിയുടെ ആരോഗ്യം ഇപ്പോൾ വഷളാണ് എന്നും ഇടയ്ക്കിടെ തന്റെ അന്ത്യ ദിനം അടുത്ത് വരികയാണ് എന്നും അതിനുള്ള ഒരുക്കങ്ങൾ ചെയ്യണമെന്നും നിരന്തരം ഓർമ്മപ്പെടുത്തുന്നുവെന്നും വികാരിയെ അറിയിച്ചു. ഇതിന് കല്ലറ ഉറപ്പാക്കാൻ ഒർജിനൽ കളഞ്ഞതിനാൽ ഡ്യൂപ്ലിക്കേറ്റ് രസീത് വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അനുകലമായിയല്ല വികാരി ബാബു അപ്പാടാൻ പെരുമാറിയത് എന്നും മക്കൾ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. രസീതിന്റെ പകർപ്പ് പള്ളിയിൽ ഇല്ലെന്നും ഇപ്പോഴത്തെ കല്ലറക്കുള്ള വില നൽകിയാൽ (ഏതാണ്ട് ഒന്ന് മുതൽ ഒന്നര ലക്ഷം രൂപ വരെ)മാത്രമേ കല്ലറയിൽ അമ്മയെ അടക്കാനുള്ള അനുമതി നൽകൂ എന്നുമാണ് അറിയിച്ചത്.

പള്ളിവികരിയുടെ തീരുമാനത്തെ അനുകൂലിക്കാൻ ഇവർ തയ്യാറായില്ല. കല്ലറക്കായി വേർതിരിച്ചു ഇട്ട സ്ഥലത്തു മുമ്പ് സ്ലാബ് ഇടുന്നതിനായി പരേതനായ തങ്കമ്മ ബെന്നിയുടെ ഭർത്താവിന്റെ സഹോദരൻ പരേതനായ ഔസേപ്പിൽ നിന്ന് പണം വാങ്ങി ഇവിടെ ഇതിനായി സഹായിച്ച ആനി ജോസപ്പ് ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. ഇവരുടെ ഇവരുടെ സത്യ പ്രസ്താവനയും മറുനാടന് ലഭിച്ചു. കല്ലറ നൽകാൻ അന്ന് വികാരിയും , ചുമതലക്കാരും അനുമതി നൽകി എന്നാണ് ഇവരുടെ വാദം, എന്നാൽ ആനി ജോസപ്പിനെ ഇതിനു ശേഷം പള്ളി വികാരി ചോദ്യം ചെയ്തു എന്ന ആരോപണവും തങ്കമ്മ ബെന്നിയുടെ മക്കൾ ഉന്നയിക്കുന്നു.

താങ്കളുടെ അമ്മ കല്ലറക്കായി മുൻപ് പണം അടച്ചില്ല എന്നും അങ്ങനെ ഉണ്ട് എങ്കിൽ അതിന്റെ പകർപ്പ് പള്ളിയിൽ ഇല്ല എന്നും പറയുന്ന വികാരി രേഖാമൂലമുള്ള മറുപടി നൽകാൻ ഇതുവരെ തയാറായില്ലെന്നതും ശ്രദ്ധേയമാണ്. ഇതിനിടെ കഴിഞ്ഞ ദിവസം നടന്ന കുര്ബാന പ്രസംഗത്തിൽ തങ്ങളെ അവഹേളിക്കുന്ന രീതിയിൽ വികാരി പ്രസംഗം നടത്തിയതായി അറിഞ്ഞുവെന്നും മക്കൾ ആരോപിക്കുന്നു. അന്ന് കല്ലറ പണിയാൻ ജോലി ചെയ്ത കാര്യങ്ങളെ കുറിച്ച് പള്ളി മുൻ കൈക്കാരനായ പിവി യോഹന്നാൻ, റവ ഫാദർ നിക്കോളാസ് എന്നിവർക്ക് അറിയാമെന്നും ഇവർ വാദിക്കുന്നു.

നീതിപൂർണമായ അനുമതി ലഭിക്കാനായി തങ്കമ്മ ബെന്നിയുടെ മക്കൾ ഇടവക അഗങ്ങളുടെ ഒപ്പു ശേഖരണത്തിനായി നോട്ടീസ് വിതരണം ചെയ്തു. 50 ഓളം കുടുംബങ്ങൾ ഇവർക്ക് അനുകൂലമായി ഒപ്പു നൽകി. എന്നാൽ പള്ളിക്ക് അനുകൂലമായി നിൽക്കുന്നില്ല എന്നാരോപിച്ചു പള്ളിയിൽ നിന്നും ഭാവി കാലത്തുള്ള മാമോദിസ, വിവാഹ സർട്ടിഫിക്കറ്റുകൾ തടഞ്ഞു വെക്കുമെന്ന ഭീഷണിയെ ഭയന്ന് ഇപ്പോൾ ഇവർ മറിനിൽക്കുകയാണ് എന്നും മക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു. നിലവിൽ താങ്കൾക്കു നീതി ലഭിക്കാനായി ഇവർ ബിഷപ്പ് ഉൾപ്പെടെയുള്ളവർക്കും, മനുഷ്യാവകാശ കമ്മിഷൻ മുൻപാകെയും പരാതി കൊടുത്തിട്ടുണ്ട്. നീതിക്കായി എത്തിയ ഇവരെ പള്ളി ഇടവകയിലെ ആളുകൾ ഇനി കയ്യേറ്റം ചെയ്താലും താൻ ഒന്നും മിണ്ടില്ല എന്ന് പള്ളി വികാരി ബാബു അപ്പാടാൻ കുർബാന പ്രസംഗത്തിൽ പറഞ്ഞതായും മക്കൾ ആരോപിക്കുന്നു.

വിശ്വാസികളുടെ ആത്മീയ ശുശ്രുഷകൾക്ക് വില നിശ്ചയിച്ചു കണക്കു പറഞ്ഞു പണമിടാകുന്ന കച്ചവട സമ്പ്രദായം മഹാപാതകമാണെന്നും വിശ്വാസികൾ അതിനു കൂട്ടുനിൽക്കാൻ പാടില്ലെന്നും കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിട്ടുണ്ട്. അധികാരത്തിൽ നിന്ന് വിട്ട് ആത്മീയതയാണ് വൈദികർ ലക്ഷ്യമിടേണ്ടതു എന്നാണ് മാർപാപ്പയുടെ അഭിപ്രായം. യാതൊരു ലൈസൻസും ഇല്ലാതെ പള്ളിയുടെ മറവിൽ ചിട്ടിയും, സ്ഥിര നിക്ഷേപവും വാങ്ങുന്ന രീതി പള്ളിയിൽ ഉണ്ടെന്നും ആരോപണങ്ങൾ ശക്തമാണ്. പള്ളിയുടെ പണത്തിനോടുള്ള അർത്തിക്ക് എതിരെ സർക്കാരുകളെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാർ. അടുത്ത ഞായറാഴ്ച നടക്കുന്ന ഇടവക കമ്മറ്റിയിൽ നിന്നും അനുകൂലമായ വിധിയും ഇവർ പ്രതീക്ഷിക്കുന്നു.