വ്യത്യസ്ത വിഭാഗത്തിൽപ്പെട്ടവരെ പൊലീസിൽ ചേർക്കുന്നതിന്റെ ഭാഗമായി ബ്രിട്ടനിലെ ഏറ്റവും വലിയ പൊലീസ് സേനകളിലൊന്ന് മുസ്ലിംസ്ത്രീകൾക്ക് യൂണിഫോമിനൊപ്പം ബുർഖ അണിയാനുള്ള അനുമതി നൽകുന്ന കാര്യം പരിഗണിക്കുന്നു. വെസ്റ്റ് മിഡ്‌ലൻഡ്‌സ് പൊലീസാണ് തികച്ചും വ്യത്യസ്തമായ ഈ ആശയം പരിഗണിക്കുന്നത്.

സേനയിലെ മുസ്ലിം പ്രാതിനിധ്യം വർധിപ്പിക്കുന്നതിനാണ് ഇത്തരത്തിലൊരു പരീക്ഷണത്തെക്കുറിച്ച്ആലോചിക്കുന്നതെന്ന് ചീഫ് കോൺസ്റ്റബിൾ ഡേവിഡ് തോംസൺ പറഞ്ഞു. എന്നാൽ, ശരീരം മുഴുവൻ മൂടുന്ന തരത്തിലുള്ള ബുർഖ യൂണിഫോമിനൊപ്പം അണിയാൻ അനുവദിക്കുന്നതിനെ വലിയൊരു വിഭാഗം എതിർക്കുന്നുണ്ട്.

ബ്രിട്ടനിലെ മുസ്ലിം കൗൺസിലും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. യൂണിഫോമിനൊപ്പം ബുർഖ അണിയുന്നത് വളരെ വിചിത്രമായിരിക്കുമെന്ന് സംഘടന പറഞ്ഞു. ഇത്തരത്തിലുള്ള ബുർഖ അണിയുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. അവരൊന്നും തന്നെ പൊലീസിൽ ചേരണമെന്ന ആഗ്രഹമുള്ളവരാകില്ലെന്നും സംഘടനയുടെ വക്താവ് പറഞ്ഞു.

ശിരോവസ്ത്രം ഇപ്പോൾത്തന്നെ യൂണിഫോമിന്റെ ഭാഗമായി അംഗീകരിച്ചിട്ടുണ്ട്. സിഖുകാർക്ക് ഹെൽമറ്റിനുപകരം തലപ്പാവ് ഉപയോഗിക്കാനും അനുവാദമുണ്ട്. ഒരു പതിറ്റാണ്ടുമുമ്പ് മെട്രൊപൊലിറ്റൻ പൊലീസിലാണ് ശിരോവസ്ത്രത്തിന് അനുമതി ലഭിച്ചത്. ഇപ്പോൾ ബ്രിട്ടനിലെ മിക്ക സേനാവിഭാഗങ്ങളും അത് അംഗീകരിച്ചിട്ടുണ്ട്.

നിലവിൽ ബുർഖ അണിഞ്ഞുകൊണ്ട് ജോലിക്കുവരാൻ ആരെയും അനുവദിച്ചിട്ടില്ല. എന്നാൽ, ന്യൂനപക്ഷങ്ങളുടെ സാന്നിധ്യം 30 ശതമാനത്തോളം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു കാര്യം പരിഗണിക്കുന്നതെന്നാണ് തോംസൺ പറയുന്നത്. ബുർഖ സംബന്ധിച്ച് വെസ്റ്റ്മിഡ്‌ലൻഡ്‌സ് പൊലീസിന് തടസ്സങ്ങളൊന്നുമില്ലെന്നുെ അദ്ദേഹം പറയുന്നു.