- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു ടൂൾകിറ്റ് ആവശ്യമാണ്; മുറിവേറ്റ ജനാധിപത്യത്തെയും, ഭീരുക്കളായ മാധ്യമങ്ങളെയും, പെട്ടെന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥിരബുദ്ധിയേയും നന്നാക്കാൻ'; ഗ്രെറ്റ തൻബർഗ് ടൂൾകിറ്റ് കേസിൽ രൂക്ഷ വിമർശനമുയർത്തി മാധ്യമപ്രവർത്തക ബർക്ക ദത്ത്
ന്യൂഡൽഹി: ഗ്രെറ്റ തൻബർഗ് ടൂൾകിറ്റ് കേസിൽ ഭരണകൂട നടപടിയെ രൂക്ഷമായി വിമർശിച്ച് മാധ്യമപ്രവർത്തക ബർക്ക ദത്ത്. പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ അറസ്റ്റ് ചെയ്യുകയും മറ്റ് രണ്ട് പരിസ്ഥിതി പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബർക്ക ദത്ത് രൂക്ഷ വിമർശനം ഉയർത്തി രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തിൽ മാധ്യമങ്ങളുടെ നിശബ്ദതയേയും ബർക്ക ദത്ത് വിമർശിക്കുന്നു. മുറിവേറ്റ ജനാധിപത്യത്തെ നന്നാക്കാൻ ഒരു ടൂൾ കിറ്റ് ആവശ്യമാണെന്നായിരുന്നു ബർക്ക ദത്തിന്റെ പ്രതികരണം.
" ഒരു ടൂൾകിറ്റ് ആവശ്യമാണ്. മുറിവേറ്റ ജനാധിപത്യത്തെയും, ഭീരുക്കളായ മാധ്യമങ്ങളെയും, പെട്ടെന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥിരബുദ്ധിയും നന്നാക്കാൻ," ബർക്ക ദത്ത് പറഞ്ഞു. ടൂൾകിറ്റ് കേസിൽ കൂടുതൽ നടപടികളിലേക്ക് കേന്ദ്രം കടക്കുന്നതിനിടെയാണ് വിമർശനവുമായി ബർക്ക ദത്ത് മുന്നോട്ടുവന്നിരിക്കുന്നത്.
സ്വീഡിഷ് പരിസ്ഥിതിപ്രവർത്തക ഗ്രേറ്റ ട്യൂൻബെർഗ് പോസ്റ്റ് ചെയ്ത 'ടൂൾകിറ്റ്' മാർഗരേഖയുമായി ബന്ധപ്പെട്ട നടപടികൾ ദിഷ, നികിത, ശാന്തനു എന്നിവർ ഏകോപിപ്പിച്ചെന്നാണു പൊലീസിന്റെ വാദം. ഈ മാസം 11നു മുംബൈ ഗോരേഗാവിലെ നികിതയുടെ ഫ്‌ളാറ്റിൽ തിരച്ചിൽ നടത്തിയ പൊലീസ് ലാപ്‌ടോപ്പും മൊബൈൽ ഫോണും മറ്റും പിടിച്ചെടുത്തിരുന്നു.
ജനുവരി 26 ലെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട അക്രമവുമായാണ് ടൂൾ കിറ്റിനെ ഡൽഹി പൊലീസ് ബന്ധിപ്പിക്കുന്നത്. മലയാളിഅഭിഭാഷകയും പരിസ്ഥിതി പ്രവർത്തകയുമായ നിഖിത ജേക്കബ്‌സ്, ശന്തനു, പുനിത് എന്നിവരാണ് ടൂൾ കിറ്റ് സൃഷ്ടിച്ചത്. ദിഷ രവിയാണ് രണ്ടുവരി എഡിറ്റ് ചെയ്തത്. ഇതിന് ശേഷം സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ് ഈ ടൂൾ കിറ്റ് ഷെയർ ചെയ്യുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയുമായിരുന്നു.
ടൂൾ കിറ്റിന്റെ ഇന്റർനെറ്റിൽ ലഭ്യമായ നിരവധി സ്‌ക്രീൻ ഷോട്ടുകൾ പരിശോധിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരി 9 ന് സേർച്ച് വാറണ്ടുകൾ കിട്ടിയതെന്നും ഡൽഹി പൊലീസ് സൈബർ സെൽ ജോയിന്റ് കമ്മീഷണർ പ്രേംനാഥ് അറിയിച്ചു. ഫെബ്രുവരി 11ന് സ്‌പെഷ്യൽ സെൽ ടീം മുംബൈയിലെത്തി നികിത ജേക്കബിന്റെ വീട്ടിൽ തിരച്ചിൽ നടത്തി. അവിടെ അവർ ഉണ്ടായിരുന്നില്ല. നികിതയുടെ ഇലക്രോണിക് ഗാഡ്ജറ്റുകൾ പരിശോധിച്ചു. ഇ-മെയിൽ അക്കൗണ്ട് സൃഷ്ടിച്ച ശന്തനുവാണ് ടൂൾ കിറ്റിന്റെ ഉടമസ്ഥ. മറ്റുള്ളവരെല്ലാം എഡിറ്റർമാരാണ്. നികിത ജേക്കബിന്റെ വീട്ടിൽ വീണ്ടും പരിശോധന നടത്തി ചോദ്യം ചെയ്യും. ടൂൾ കിറ്റ് സൃഷ്ടിക്കുന്നതിൽ ഖലിസ്ഥാനി ഗ്രൂപ്പുകളുടെ പങ്കാളിത്തം തെളിഞ്ഞിട്ടുണ്ട്.
ഖാലിസ്ഥാൻ അനുകൂലിയും പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ സ്ഥാപകനുമായ സിഖ് വംശജനായ കനേഡിയൻ പൗരൻ മൊ ധലിവാൽ തങ്ങൾ അറസ്റ്റ് ചെയ്ത ദിഷയ്ക്കും വാറണ്ട് പുറപ്പെടുവിച്ച ആക്ടിവിസ്റ്റ് നികിത ജേക്കബ്, ശന്തനു എന്നിവർക്കുമൊപ്പം സൂം മീറ്റ് നടത്തി.
റിപബ്‌ളിക് ദിനത്തിൽ ട്വിറ്ററിൽ പ്രക്ഷോഭം അഴിച്ചുവിടാൻ ഇവർ യോഗത്തിൽ തീരുമാനിച്ചു. നികിത ജേക്കബുമായി ധലിവാൽ സമ്പർക്കം സ്ഥാപിച്ചത് മറ്റൊരു കനേഡിയൻ പൗരനായ പുനീതിലൂടെയാണ്.
ടൂൾകിറ്റ് വിവാദത്തിൽ കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് ഇതിനു പിന്നിലെ ഗൂഢാലോചനകൾ ചുരുളഴിഞ്ഞതെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. നികിതയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. മറ്റൊരു ആക്ടിവിസ്റ്റായ ശന്തനുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ടൂൾകിറ്റ് സ്ഥാപിച്ചതിനും പ്രചരിപ്പിച്ചതിനും ബംഗളുരു സ്വദേശിനിയായ ദിഷ രവിയെ ബംഗളുരുവിൽ അറസ്റ്റ് ചെയ്തത്.
ഗ്രേറ്റ തുൻബർഗ് ഷെയർചെയ്ത ഖാലിസ്ഥാൻ അനുകൂല ടൂൾകിറ്റിന്റെ എഡിറ്ററും പ്രധാന ഗൂഢാലോചന നടത്തിയയാളുമാണ് ദിഷയെന്നാണ് ഡൽഹി പൊലീസ് വാദം. ഇതിനായി ഒരു വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങുകയും ശേഷം ടൂൾകിറ്റ് നിർമ്മിക്കാൻ പ്രവർത്തിക്കുകയും ചെയ്തു. സംഭവം വിവാദമായപ്പോൾ ടൂൾകിറ്റ് പിൻവലിക്കാൻ ഗ്രേറ്റയോട് പറഞ്ഞതും ദിഷയാണെന്ന് പൊലീസ് പറഞ്ഞു. ടൂൾ കിറ്റ് സൃഷ്ടിക്കാൻ രൂപീകരിച്ച വാട്‌സാപ്പ് ഗ്രൂപ്പ് ഡിലീറ്റ് ചെയ്തതും ദിഷ രവിയാണ്. അതുകൊണ്ടാണ് ദിഷയ്‌ക്കെതിരെ കേസെടുത്തത്.
ഡൽഹി കോടതിയിലെത്തിച്ച ദിഷയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കോടതിയിൽ പൊട്ടിക്കരഞ്ഞ ദിഷ ആകെ രണ്ട് വരികൾ എഡിറ്റ് ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്ന് പറഞ്ഞു. ടൂൾകിറ്റിൽ പറയുന്ന രണ്ട് മെയിൽ ഐഡികളെ കുറിച്ചും ഒരു യുആർഎല്ലിനെ പറ്റിയും ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ കുറിച്ചും വിവരം നൽകാൻ ഗൂഗിളിനോട് ഡൽഹി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ദിഷയുടെ ഫോണിൽ കുറ്റകരമായ വിവരങ്ങൾ കണ്ടെത്തി. ടൂൾ കിറ്റ് സർക്കാരിനെതിരെ ജനവികാരം സൃഷ്ടിക്കാൻ വേണ്ടിയായിരുന്നു.
ദിഷയുടെ അറസ്റ്റിനെതിരെ പ്രതിഷേധം
അതിനിടെ, ഗ്രെറ്റ ടൂൾ കിറ്റ് കേസിൽ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇന്ത്യയിലെ സാധാരണ കർഷകർ മുതൽ അമേരിക്കൻ പ്രസിഡന്റിന്റെ അനന്തിരവൾ വരെ ദിഷ രവി എന്ന 21കാരിയുടെ അറസ്റ്റിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ ഇന്ത്യയിലെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾക്കും അപ്പുറം ഇന്ത്യ എന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളും സാധാരണ പൗരന് എത്രകണ്ട് പ്രാപ്യമാണ് എന്ന ചർച്ചകളാണ് സജീവമാകുന്നത്. കോൺഗ്രസ് നേതൃത്വം ഉൾപ്പെടെ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളും നടൻ സിദ്ധാർത്ഥ് അടക്കമുള്ള സെലിബ്രിറ്റികളും നികൊളസ് ഡേവ്‌സ്, ആദം റോബർട്‌സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമ പ്രവർത്തകരും ദിഷ രവിയുടെ അറസ്റ്റിനെ അപലപിച്ച് രംഗത്തെത്തി.ദിഷയുടെ അറസ്റ്റിനെ നിരവധി പരിസ്ഥിതി സംഘടനകൾ അപലപിച്ചു.
സംഭവത്തിൽ മുൻ പരിസ്ഥിതി മന്ത്രി ജെയ്റാം രമേഷ് അടക്കം നിരവധി പേർ പ്രതികരിച്ചു. അറസ്റ്റിൽ അപലപിച്ച് രാജ്യത്തെ 78 ആക്ടിവിസ്റ്റുകൾ ഒപ്പ് വെച്ച പ്രസ്താവന പുറത്തിറക്കി. പി ചിദംബരം, ശശി തരൂർ, പ്രിയങ്ക ചതുർ വേദി, സീതാറാം യെച്ചൂരി തുടങ്ങിയവരും ട്വിറ്ററിൽ അപലപിച്ചു. അമേരിക്കയിലും ദിഷയ്ക്കായി ആളുകൾ രംഗത്തെത്തി. സംഭവത്തിൽ പസ്യവിമർശനവുമായി അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ബന്ധുവും ഡെമോക്രാറ്റിക് പാർട്ടി പ്രവർത്തകയുമായ മീന ഹാരിസ് രംഗത്തെത്തി. 'ഇന്ത്യ ബീയിങ് സൈലൻസ്ഡ്' എന്ന ഹാഷ്ടാഗിൽ ട്വിറ്ററിൽ വലിയ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നടൻ നടൻ സിദ്ധാർഥ് ദിഷ രവിയുെട അറസ്റ്റിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. അമേരിക്കൻ മാധ്യമ പ്രവർത്തകരായ നികൊളസ് ഡേവ്‌സ്, ആദം റോബർട്‌സ് അടക്കമുള്ള്‌ളവരും പ്രതിഷേധത്തിൽ പങ്കുചേർന്നു.കർഷക സമരവുമായി ബന്ധപ്പെട്ട, പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തുൻബെയുടെ ട്വീറ്റാണ് കേസിന് ആധാരം. ജനുവരി 26ന് നടന്ന കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ച് ഗ്രെറ്റ ഒരു ടൂൾകിറ്റ് രേഖ ട്വീറ്റ് ചെയ്തു.
കർഷകസമരങ്ങളെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവർ അറിയേണ്ടതും അവർ ചെയ്യേണ്ടതുമായ കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് ആ കിറ്റിലുണ്ടായിരുന്നത്. ഇന്ത്യക്ക് മനുഷ്യാവകാശ ലംഘനങ്ങളുടെയും അതിക്രമങ്ങളുടെയും നീണ്ടകാലചരിത്രമുണ്ടെന്നും ഭരണഘടനാ ലംഘനം നടത്തിക്കൊണ്ടുള്ള അപകടകരമായ നയങ്ങളാണ് രാജ്യം പിന്തുടരുന്നതെന്നും അതിൽ പരാമർശമുണ്ടായിരുന്നു. വളരെ പെട്ടന്ന് തന്നെ ഗ്രെറ്റ എന്തായാലും ഈ ട്വീറ്റ് പിൻവലിക്കുകയും പുതിയ ടൂൾ കിറ്റ് ട്വീറ്റ് ചെയ്യുകയും ചെയ്തു.
വിവാദമായ ഈ കിറ്റിന് പിന്നിൽ ഖാലിസ്ഥാനി അനുകൂല സംഘടനയാണെന്നാണ് പൊലീസ് വാദം. ഇന്ത്യയെയും കേന്ദ്ര സർക്കാരിനെയും അന്താരാഷ്ട്രതലത്തിൽ ആക്ഷേപിക്കുന്നതിനുള്ള ഗൂഢാലോചനയുടെ തെളിവാണ് ഇതെന്നും പൊലീസ് പറയുന്നു. ഇതിന് പിന്നിൽ സ്ഥാപിത താല്പര്യക്കാരുണ്ടെന്ന് കേന്ദ്രസർക്കാരും ആരോപിക്കുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ദിഷ രവിയെ അറസ്റ്റ് ചെയ്തത്. കർഷക സമരത്തെ പിന്തുണച്ച് ദിഷ ടൂൾകിറ്റ് സമര പരിപാടികൾ പ്രചരിപ്പിച്ചു എന്നാണ് ഡൽഹി പൊലീസ് പറയുന്നത്. ടൂൾകിറ്റ് എഡിറ്റ് ചെയ്തുവെന്നതും അറസ്റ്റിന് കാരണമായതായി സൂചനയുണ്ട്.
രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, വിദ്വേഷ പ്രചാരണം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ദിഷ രവിയെ ഡൽഹി പട്യാല കോടതി അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ടൂൾ കിറ്റ് ഉണ്ടാക്കിയത് താനല്ലെന്നും രണ്ടു വരി മാത്രമാണ് എഡിറ്റ് ചെയ്തതെന്നും കർഷക സമരത്തെ പിന്തുണക്കുക മാത്രമായിരുന്നു ഉദ്ദേശ്യമെന്നും ദിഷ കോടതിയെ അറിയിച്ചു. കോടതിയിൽ വിതുമ്പിക്കൊണ്ടാണ് ദിഷ തന്റെ ഭാഗം വിശദീകരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ